
ന്യൂഡല്‍ഹി: വ്യാജ ഐഡിയില്‍ ഡോക്ടറുടെ വീട്ടില്‍ ജോലിക്കെത്തി 30 ലക്ഷം കവര്‍ന്ന കേസില്‍ മൂന്ന് യുവതികള്‍ അറസ്റ്റില്‍. നോര്‍ത്ത് ഡല്‍ഹിയിലെ മോഡല്‍ ടൗണിലാണ് സംഭവം. മീററ്റ് സ്വദേശികളായ ശില്‍പി (19 ), രജനി (27) സഹാറന്‍പൂര്‍ സ്വദേശിയായ നേഹ സമാല്‍റ്റി (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ 306 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. യുപിയില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ജൂണ്‍ 12 നാണ് മോഡല്‍ ടൗണിലെ താമസക്കാരനായ ഒരു ഡോക്ടറിന്റെ വീട്ടില്‍ നിന്നും തന്‍വീര്‍ കൗര്‍ എന്ന ജോലിക്കാരി 30 ലക്ഷം രൂപയും ഒരു ഐഫോണും മോഷ്ടിച്ച് കടന്നുകളഞ്ഞതായി പൊലീസിന് പരാതി ലഭിച്ചത്. സബ് ഇന്‍സ്‌പെക്ടര്‍ രവി സൈനിയുടെ നേതൃത്വത്തിലുള്ള സംഘം വീടിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ ജോലിക്കാരിയെ കൂടാതെ മറ്റ് രണ്ട് യുവതികളും ചേര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്ന് തെളിഞ്ഞു.

തുടര്‍ന്ന് പൊലീസ് ജോലിക്കാരിയെ നിയമിച്ച പ്ലേസ്മെന്റ് ഏജന്‍സിയോട് തന്‍വീറിന്റെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് യുവതി വ്യാജ ഐഡന്റിറ്റിയാണ് ഏജന്‍സിയ്ക്ക് നല്‍കിയതെന്ന് കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഡോക്ടറിന്റെ വീട്ടില്‍ തന്‍വീര്‍ കൗറായി ജോലി ചെയ്തത് ശില്‍പി എന്ന 19 കാരിയാണെന്ന് കണ്ടെത്തി. ശില്‍പി എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയാണെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് മീററ്റ് കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശില്‍പിയും രജനിയും അറസ്റ്റിലാവുന്നത്. ഇവരുടെ പക്കല്‍ നിന്നും 22.5 ലക്ഷം രൂപയും ഐഫോണും പൊലീസ് കണ്ടെത്തി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും കൂട്ടാളിയായ നേഹയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു. മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗം നേഹയ്ക്ക് നല്‍കിയതായി പ്രതികള്‍ മൊഴി നല്‍കി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസിലെ മൂന്നാം പ്രതിയായ നേഹ പിടിയിലാവുന്നത്.