യുവതി വീടുവിട്ടുപോയെന്ന് അമ്മായിയച്ഛന്‍; പരിശോധനയില്‍ കുഴിയില്‍ മൃതദേഹം, ഭര്‍ത്താവടക്കം 4 പേര്‍ കസ്റ്റഡിയില്‍

ചണ്ഡീഗഡ്: ഹരിയാനയിലെ ഫരീദാബാദില്‍ അഴുകിയനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ഉത്തര്‍പ്രദേശിലെ സിക്കോഹാബാദ് സ്വദേശിനിയായ തനു സിങ്ങിന്റെ (24) മൃതദേഹമാണു കണ്ടെത്തിയത്. ഫരീദാബാദ് റോഷന്‍ നഗര്‍ സ്വദേശിയായ അരുണ്‍ സിങ്ങുമായി രണ്ടു രര്‍ഷം മുമ്പായിരുന്നു തനുവിന്റെ വിവാഹം. സംഭവത്തില്‍ തനുവിന്റെ ഭര്‍ത്താവ് അരുണ്‍, ഭര്‍തൃപിതാവ് ഭൂപ് സിങ്, ഭര്‍തൃമാതാവ് സോണിയ, ഭര്‍തൃ സഹോദരി കാജള്‍ എന്നിവരുള്‍പ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണസമയവും കാരണവും കണ്ടെത്താനായി മൃതദേഹം ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
തനുവും ഭര്‍ത്താവും കുടുംബവും താമസിച്ചിരുന്ന വീടിനോടു ചേര്‍ന്നുള്ള പൊതുവഴിയില്‍ പുതുതായി കോണ്‍ക്രീറ്റ് ചെയ്ത കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് മാസം മുന്‍പ് മലിനജലം ഒഴുക്കിവിടുന്നതിനുള്ള ഓട നിര്‍മിക്കാനായി ഇവിടെ കുഴിച്ചിരുന്നുവെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. മലിനജലം ഒഴുകിപോകാന്‍ വീട്ടില്‍ ശരിയായ സംവിധാനമില്ലെന്ന് പറഞ്ഞാണ് തനുവിന്റെ ഭര്‍തൃപിതാവ് കുഴിയെടുത്തത്. കുഴി എടുത്ത ഉടന്‍ പെട്ടെന്ന് മൂടുകയും മുകളില്‍ സിമന്റ് സ്ലാബ് സ്ഥാപിക്കുകയും ചെയ്തിരുന്നു. കുഴിയെടുക്കുന്നത് അയല്‍വാസികള്‍ കണ്ടിരുന്നതായും പറയുന്നു. സംഭവത്തിനു ശേഷം തനുവിനെ ആരും കണ്ടിരുന്നില്ല. എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയെങ്കിലും ഇങ്ങനെയൊന്നും നടക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ലെന്നും അയല്‍വാസി പറഞ്ഞു.

വിവാഹശേഷം തനുവിന് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ നേരിടേണ്ടി വന്നതായി തനുവിന്റെ സഹോദരി പ്രീതി ആരോപിച്ചു. വിവാഹം കഴിഞ്ഞയുടന്‍ അരുണും മാതാപിതാക്കളും സ്വര്‍ണാഭരണങ്ങളും പണവും സ്ത്രീധനമായി ആവശ്യപ്പെട്ടുവെന്ന് തനുവിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. ആവശ്യങ്ങള്‍ ഒരു പരിധിവരെ നിറവേറ്റാന്‍ ശ്രമിച്ചെന്നും എന്നാല്‍ അരുണിന്റെ കുടുംബം നിരന്തരം സമ്മര്‍ദത്തിലാക്കിയെന്നും സഹോദരി ആരോപിച്ചു. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കകം തനു സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. അരുണിന്റെ കുടുംബം നല്ലരീതിയില്‍ പെരുമാറാത്തതിനാലാണ് തനു മടങ്ങിപോയത്. ഒരു വര്‍ഷത്തിലേറെക്കാലം തനു സ്വന്തം കുടുംബത്തോടൊപ്പം താമസിച്ചു. പിന്നീട് തിരികെ പോയപ്പോള്‍ പീഡനം തുടര്‍ന്നു. കുടുംബത്തോട് ഫോണില്‍ പോലും ബന്ധപ്പെടാന്‍ യുവതിയെ അനുവദിച്ചിരുന്നില്ല.
തനു ഏപ്രില്‍ 23ന് വീട് വിട്ടുപോയെന്നാണ് ഭര്‍തൃപിതാവ് വീട്ടുകാരെ അറിയിച്ചിരുന്നത്. സഹോദരിയെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടാതെ വന്നതോടെ സംശയം വര്‍ധിച്ചെന്നും പിന്നീട് പൊലീസിനെ സമീപിച്ചെന്നും പ്രീതി പറയുന്നു. ആഴ്ചകളോളം കാര്യമായ നടപടിയൊന്നും ഉണ്ടായില്ലെന്നും പ്രീതി ആരോപിച്ചു. ഒരാഴ്ച മുന്‍പ് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കുഴിയില്‍നിന്നു കണ്ടെടുത്തത്. കസ്റ്റഡിയിലെടുത്ത നാലു പേരെയും ചോദ്യം ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.