
പ്രണയത്തിന് കണ്ണും പ്രായവും ഒന്നുമില്ലെന്നാണല്ലോ പറയാറ്. ഇപ്പോള്‍ കുടുംബവും ബന്ധങ്ങളും ഒന്നും തടസമല്ലെന്ന് തെളിയിച്ചുകൊണ്ട് പുതിയൊരു പ്രണയ കഥയാണ് യുപിയില്‍നിന്ന് പുറത്തുവരുന്നത്. 55കാരനായ അച്ഛന്‍ വളരെ സ്‌നേഹത്തോടെ മകന് വിവാഹം കഴിക്കാന്‍ ഒരു പെണ്‍കുട്ടിയെ അന്വേഷിച്ച് കണ്ടെത്തി. ബന്ധം ഉറപ്പിക്കുകയും ചെയ്തു. അവസാനം പെണ്‍കുട്ടിയുമായി പ്രണയത്തിലായ അമ്മായി അച്ഛന്‍ അവളെ വിവാഹം കഴിക്കുകയും ചെയ്തു. സിനിമാ തിരക്കഥയെ പോലും വെല്ലുന്ന യഥാര്‍ത്ഥ സംഭവമാണ് യുപിയിലെ രാംപുരില്‍ നടന്നത്.
മകനുമായി വിവാഹ തീയതി വരെ നിശ്ചയിച്ചിരുന്നതാണ്. വിവാഹ നിശ്ചയത്തിന് ശേഷം പലതവണ 55കാരന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. അടിക്കടിയുള്ള സന്ദര്‍ശനമാണ് പുതിയൊരു ബന്ധത്തിന് വഴിതെളിച്ചത്. താമസിയാതെ പെണ്‍കുട്ടിക്കും തിരിച്ച് പ്രണയം തോന്നി. മകന്റെ ആരോഗ്യസ്ഥിതി വച്ച് നോക്കുമ്പോള്‍ മരുമകള്‍ ദുര്‍ബലയാണെന്നും താന്‍ കൊണ്ടുപോയി ഡോക്ടറെ കാണിക്കാമെന്നും ഇയാള്‍ പെണ്‍വീട്ടുകാരോട് പറയുകയും അവര്‍ സമ്മതം മൂളുകയുമായിരുന്നു. ഒപ്പം മകളെ പൊന്നുപോലെ നോക്കുന്ന അമ്മായി അപ്പനെ കിട്ടിയ സന്തോഷത്തിലായിരുന്നു ആ കുടുംബം.

എന്നാല്‍, യുവതിയുമായി ഡോക്ടറെ കാണിക്കാന്‍ പോയ 55കാരന്‍ രണ്ടുദിവസം കഴിഞ്ഞിട്ടും തിരികെവന്നില്ല. ഫോണ്‍ വിളിച്ചപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റാണെന്നാണ് ഇയാള്‍ യുവതിയുടെ മാതാപിതാക്കളോട് പറഞ്ഞത്. എന്നാല്‍, ഈ സമയം ഇരുവരുടെയും വിവാഹം നടക്കുകയായിരുന്നു. 8 ദിവസം കഴിഞ്ഞ് യുവതിയുമായി 55കാരന്‍ വീട്ടിലെത്തിയപ്പോഴാണ് മകനും ഭാര്യയും ഞെട്ടിയത്. പിന്നെ വീട്ടില്‍ നടന്നത് ഗുസ്തി മത്സരമായിരുന്നു. അച്ഛനും മകനും പരസ്പരം ചവിട്ടുകയും ഇടിക്കുകയും ചെയ്തു.
യുവതിയും 55കാരന്റെ ഭാര്യയും തമ്മില്‍ പൊരിഞ്ഞ വഴക്കുണ്ടായി. കാര്യമറിഞ്ഞ് ഓടിക്കൂടിയവരെല്ലാം കാഴ്ച്ചക്കാരായി നോക്കി നിന്നു. ഒടുവില്‍ പ്രശ്‌ന പരിഹാരത്തിന് പഞ്ചായത്ത് വിളിക്കേണ്ടിവന്നു. എന്നാല്‍ ‘പ്രണയത്തിന്റെ ശക്തി’ക്ക് മുന്നില്‍ പഞ്ചായത്തും തോറ്റുപിന്മാറി. ‘നവവരനെയും വധുവിനെയും’ ഗ്രാമത്തില്‍ നിന്ന് പുറത്താക്കണമെന്ന് മകനും അമ്മയും ആവശ്യപ്പെട്ടു. പുതിയൊരു വീടു പണിയാമെന്ന് പറഞ്ഞ് യുവതിയുടെ കൈപിടിച്ച് 55 കാരന്‍ പിന്നാലെ പടിയിറങ്ങി. പിന്നാലെ സമീപ ഗ്രാമത്തില്‍ വസ്തുവാങ്ങി വീട് നിര്‍മാണം തുടങ്ങിയെന്നാണ് വിവരം.