ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം; നായകനായി ഗില്ലിന്റെ അരങ്ങേറ്റം; വിരാടും രോഹിത്തുമില്ലാത്ത ആദ്യ പരമ്പര; 50 ടെസ്റ്റിന് മുകളില്‍ കളിച്ച രണ്ടുപേര്‍ മാത്രം ടീമില്‍

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ തലമുറ മാറ്റത്തിന് ഇന്ന് തുടക്കം. ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് വൈകിട്ട് മൂന്നരയ്ക്ക് ലീഡ്സില്‍ തുടങ്ങും. വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ചതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുന്നത്. നായകനായി ശുഭ്മന്‍ ഗില്ലിന്റെ അരങ്ങേറ്റം കൂടിയാണ് ഈ പരമ്പര.
50ടെസ്റ്റിന് മുകളില്‍ കളിച്ച രണ്ടുപേര്‍ മാത്രമാണ് നിലവിലെ ഇന്ത്യന്‍ ടീമിലുള്ളു. കെ.എല്‍.രാഹുലും രവീന്ദ്ര ജഡേജയും. ബാറ്റിങ്ങില്‍ രാഹുലും ഋഷഭ് പന്തും ശുഭ്മന്‍ ഗില്ലും ആണ് പരിചയ സമ്പത്തില്‍ മുന്നില്‍. കോലി ഇറങ്ങിയിരുന്ന നാലാം നമ്പറിലാകും ഗില്ലിറങ്ങുക. കരുണ്‍ നായരോ സായ് സുദര്‍ശനോ ഇറങ്ങും. കോലിയുടെയും രോഹിത്തിന്റെയും അനുഭസമ്പത്ത് ബാറ്റിങ് നിരയില്‍ പ്രതിഫലിക്കുമെന്നതില്‍ സംശയമില്ല. പരിശീലകന്‍ എന്ന നിലയില്‍ ഗൗതം ഗംഭീറിനും ഈ പരമ്പര വെല്ലുവിളിയാണ്.

പേസര്‍മാര്‍ വിക്കറ്റ് കൊയ്ത്ത് നടത്തുന്ന ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ജസ്പ്രീത് ബുംറതന്നെ ഇന്ത്യയുടെ ആശ്രയം. ഒപ്പം സിറാജോ പ്രസിദ്ധ് കൃഷ്ണയോ ബോളിങ് ഓപ്പണ്‍ചെയ്യാനെത്തും. മറുവശത്ത് കോച്ച് ബ്രണ്ടന്‍ മക്കല്ലത്തിന് കീഴില്‍ ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിനെ നയിച്ചെത്തും. ടെസ്റ്റ് ക്രിക്കറ്റിലെ മാസ്റ്ററായ ജോ റൂട്ടിലാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് പ്രതീക്ഷ. നായകന്‍ ബെന്‍ സ്റ്റോക്സിന്റെ ഓള്‍റൗണ്ട് മികവും ടീമിന് കരുത്താകും. ടീമില്‍ ഒരു സ്പിന്നര്‍ മാത്രമാണുള്ളത്. ലീഡ്സിലെ പിച്ചില്‍ പേസര്‍മാരുടെ കൊയ്ത്തുല്‍സവം നടക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മക്കല്ലത്തിന്റെ പരിശീലനത്തിന് കീഴില്‍ 35 ടെസ്റ്റ് കളിച്ച ഇംഗ്ലണ്ട് 22 ടെസ്റ്റില്‍ വിജയം നേടി