പരിക്ക് വില്ലനാകില്ല; കരുണ്‍ ഇന്നിറങ്ങും; രാഹുലിനും പ്രസിദ്ധിനുമൊപ്പം വീണ്ടും കളിക്കുന്നതില്‍ ആഹ്‌ളാദം; ‘ഇക്കാലമത്രയും ജീവിക്കാന്‍ പ്രേരിപ്പിച്ചത് ഈ നിമിഷങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ്’

ന്യൂഡല്‍ഹി: പരിക്ക് വില്ലനാകുമെന്ന് ആശങ്കപ്പെട്ടെങ്കിലും ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കരുണ്‍ നായര്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. ടെസ്റ്റില്‍ മൂന്നാമനായി ഇറങ്ങുമെന്നും ബിസിസിഐ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ താരത്തിനു പരിക്കേറ്റെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നെറ്റ്‌സിലെ പരിശീലനത്തിനിടെ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പന്ത് കരുണിന്റെ വാരിയെല്ലില്‍ അടിച്ച് കൊള്ളുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ താരത്തിനരികിലേക്ക് പ്രസിദ്ധ് ഓടിയെത്തി. പെട്ടെന്ന് ചിരി വീണ്ടെടുത്ത താരം ബാറ്റിങ് തുടര്‍ന്നു. കരുണിന്റെ കാര്യത്തില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ഫിസിയോയും മറ്റും പരിശോധിച്ച് ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പിച്ചുവെന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി
We are set for the series opener #TeamIndia | #ENGvIND pic.twitter.com/xAbVDUsUdp
— BCCI (@BCCI) June 20, 2025

‘എന്നും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്റെ ആദ്യ ചിന്ത ഇന്ത്യക്കുവേണ്ടി കളിക്കണമെന്നായിരുന്നു എന്നും അതാണു തന്നെ മുന്നോട്ടു നയിച്ചതെന്നും’ കരുണ്‍ നായര്‍ പറഞ്ഞു. എല്ലാവരെയും ടിവിയിലൂടെ മാത്രം കാണാന്‍ കഴിഞ്ഞിരുന്ന സമയത്തും ഇന്ത്യക്കുവേണ്ടി കളിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എപ്പോള്‍ ലഭിക്കുമെന്നുമാത്രം അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഡ്രസിംഗ് റൂമിലേക്കു ചെല്ലുമ്പോള്‍ എല്ലാവരെയും ആദ്യം കാണുന്നതുപോലെയായിരുന്നു. ഇപ്പോള്‍ തിരിച്ചുവന്നു. ഈ അവസരം ഉപയോഗിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്’- കരുണ്‍ പറഞ്ഞു.
ടീമിനു പുറത്തിരിക്കേണ്ട സമയം ഏറെ സമ്മര്‍ദങ്ങള്‍ അനുഭവിച്ചു. പക്ഷേ, കൂടുതല്‍ ക്ഷമയോടെ കാത്തിരുന്നു. എന്നോടുതന്നെ കൂടുതല്‍ ക്ഷമിച്ചു. ചെറിയ കാര്യങ്ങളില്‍ ആനന്ദം കണ്ടെത്താന്‍ ഇക്കാലഘട്ടം പഠിപ്പിച്ചു. കെ.എല്‍. രാഹുലിനും പ്രസിദ്ധ് കൃഷ്ണയ്ക്കുമൊപ്പമാണ് ഞാന്‍ കളിച്ചു വളര്‍ന്നത്. ഇവര്‍ ഇംഗ്ലണ്ടിലേക്കുള്ള യാത്രയിലും ഒപ്പമുണ്ടെന്നത് ആഹ്‌ളാദകരമാണെന്നും കരുണ്‍ പറഞ്ഞു.
This is Karun Nair and he is ! #TeamIndia | #ENGvIND | @karun126
— BCCI (@BCCI) June 20, 2025
2017ന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ കരുണ്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് കരുണിന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് വഴി തുറന്നത്. ടെസ്റ്റ് ടീമില്‍ ഇടം പിടിച്ച കരുണ്‍ ഇന്ത്യ എ ടീമിനായും ഇംഗ്ലണ്ടില്‍ തിളക്കമാര്‍ന്ന ബാറ്റിങ് പുറത്തെടുത്തു. കാന്റര്‍ബറിയില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ 204 റണ്‍സാണ് കരുണ്‍ അടിച്ചുകൂട്ടിയത്. രണ്ടാം ടെസ്റ്റില്‍ നാല്‍പതും പതിനഞ്ചും റണ്‍സെടുക്കാനേ താരത്തിന് കഴിഞ്ഞുള്ളൂ.
2016ലാണ് കരുണ്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചറിനേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് കരുണ്‍. 2017 ല്‍ ഇന്ത്യയില്‍ വച്ച് ഓസീസിനെതിരെയാണ് കരുണ്‍ അവസാനമായി കളിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കരുണ്‍ മൂന്നാമനായി ഇറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ നാലാമതും പന്ത് അഞ്ചാമതും ഇറങ്ങുമെന്നാണ് കരുതുന്നത്.