Breaking NewsKeralaNEWS

പഴയ പരിപാടി വീണ്ടും ആവർത്തിച്ച് ​ഗവർണർ!! സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിപാടിയിൽ ഭാരതാംബ ചിത്രം, പ്രതിഷേധം അറിയിച്ചു, ഒന്നും മിണ്ടിയില്ല, ആട്ടുകല്ലിന് കാറ്റുപിടിച്ചതുപോലെ ഇരുന്നു- വി ശിവൻകുട്ടി

തിരുവനന്തപുരം: രാജ്ഭവനിൽ നടന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം ഉൾപെടുത്തിയതിൽ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി. ശിവൻകുട്ടി. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിപാടിയിൽ കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ വിളക്കു തെളിയിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്കരിച്ചതെന്ന് മന്ത്രി പിന്നീടു മാധ്യമങ്ങളോടും പറഞ്ഞു.

വ്യാഴാഴ്ച രാജ്ഭവനിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിയിൽ ഭാരതാംബ ചിത്രത്തിന് മുന്നിൽ വിളക്കു കൊളുത്തിയിരുന്നു. തുടർന്നാണ് താൻ പരിപാടി ബഹിഷ്കരിക്കുന്നെന്ന് പ്രഖ്യാപിച്ച് വി. ശിവൻകുട്ടി ഇറങ്ങിവന്നത്. തുടർന്ന് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറയുകയും ചെയ്തു.

Signature-ad

ഗാന്ധി ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തുന്നതിൽ തെറ്റില്ല. എന്നാൽ, രാജ്യസങ്കൽപ്പത്തിന് ചേർന്ന ചിത്രമായിരുന്നില്ല രാജ്ഭവനിൽ ഉണ്ടായിരുന്നത്. അതിനാൽ താൻ സ്കൗട്ട് ആൻഡ് ഗൈഡ്സ് അവാർഡ് നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മടങ്ങി. ഗവർണർ എന്ന വ്യക്തിയോടുള്ള പ്രതിഷേധമല്ല, രാജ്യതാത്പര്യത്തിന് വിരുദ്ധമായ സങ്കൽപ്പത്തോടാണ് പ്രതിഷേധം. എന്റെ രാജ്യം ഇന്ത്യയാണ്. ഭരണഘടനയാണ് രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്രസങ്കല്പവും അതിന് മുകളിൽ അല്ല. ഗവർണർക്ക് മുന്നിൽത്തന്നെ പ്രതിഷേധം അറിയിച്ചു. ഗവർണർ ഒന്നും മിണ്ടിയില്ല. ആട്ടുകല്ലിന് കാറ്റുപിടിച്ചതുപോലെ ഇരുന്നു. ഇത് കേരളത്തിൻറെ പ്രതിഷേധമാണെന്ന് അറിയിച്ചു, മന്ത്രി പറഞ്ഞു.

അതേസമം രാജ്ഭവനിൽ പരിസ്ഥിതി ദിനാഘോഷ പരിപാടിയിലും സമാന സംഭവമുണ്ടായിരുന്നു. അന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പരിപാടി ബഹിഷ്കരിച്ചിരുന്നു. ഭാരതാംബയുടെ ചിത്രം മാറ്റാൻ ഗവർണർ രാജേന്ദ്ര അർലേക്കറോട് ആവശ്യപ്പെട്ടെങ്കിലും അത് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം അറിയിച്ചെന്നും തുടർന്ന് പരിപാടി ബഹിഷ്കരിക്കുകയായിരുന്നുവെന്നും മന്ത്രി അന്ന് പറഞ്ഞിരുന്നു. പിന്നീട് പൊതു പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉൾപെടുത്തില്ലെന്നു തീരുമാനമെടുത്തിരുന്നു.

Back to top button
error: