വിവാഹം കഴിച്ചയാളെ ഇഷ്ടപ്പെട്ടില്ല; ഭര്‍ത്താവിനെ ചിക്കന്‍കറിയില്‍ വിഷം ചേര്‍ത്ത് യുവതി കൊലപ്പെടുത്തി

റാഞ്ചി: ഇഷ്ടമില്ലാത്ത വിവാഹബന്ധത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ. ജാര്‍ഖണ്ഡിലെ ഗര്‍വയിലാണ് സംഭവം. 19 കാരിയായ സുനിത സിംഗാണ് 22 കാരനായ ഭര്‍ത്താവ് ബുദ്ധനാഥിന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊന്നുകളഞ്ഞത്. ഇരുവരുടെയും കല്യാണം കഴിഞ്ഞ് ഒരുമാസം മാത്രം പിന്നിടുമ്പോഴാണ് സംഭവം.
സംഭവത്തില്‍ അറസ്റ്റിലായ യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇക്കഴിഞ്ഞ മെയ് 11 നായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ പിറ്റേന്ന് തന്നെ വിവാഹത്തില്‍ ഇഷ്ടക്കേട് പ്രകടിപ്പിച്ച് യുവതി വീട്ടിലേക്ക് മടങ്ങിയിരുന്നു. ഭര്‍ത്താവിനെ ഇഷ്ടമല്ലെന്ന് പറഞ്ഞ യുവതിയെ ഇരുവീട്ടുകാരും ചേര്‍ന്ന് അനുനയിപ്പിച്ച് വീണ്ടും ഭര്‍തൃവീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു.

ഇതിനുമുന്‍പും യുവതി മകനെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും എന്നാല്‍ ബുദ്ധനാഥ് ഇത് കഴിക്കാന്‍ വിസമ്മതിച്ചതിനാല്‍ രക്ഷപ്പെടുകയായിരുന്നുവെന്നും ഭര്‍തൃമാതാവ് ആരോപിക്കുന്നു. എന്നാല്‍ ബുദ്ധനാഥിന്റെ ഇഷ്ടഭക്ഷണമായ ചിക്കന്‍ കറിയില്‍ വിഷം ചേര്‍ത്ത് നല്‍കിയതോടെ യുവതിയുടെ പദ്ധതി വിജയിച്ചു. ചിക്കന്‍ കറി കഴിച്ച ബുദ്ധനാഥിനെ പിറ്റേന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തില്‍ ഭാര്യ സുനിതയ്ക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു.