‘സൈനികരഹസ്യങ്ങള്‍ പാകിസ്ഥാന് കൈമാറിയ’ റിട്ട. ഉദ്യോഗസ്ഥന്റെ കയ്യില്‍നിന്ന് ‘പോലീസ് ‘വാങ്ങിയത് ഒരുകോടി!

ലഖ്‌നൗ: ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയവരുടെ ലിസ്റ്റില്‍ പേരുണ്ട് എന്നാരോപിച്ച് 60കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്സ് ലിമിറ്റഡ് റിട്ടയേഡ് ഉദ്യോഗസ്ഥനായ എറണാകുളം കളമശേരി സ്വദേശിയായ 60കാരന്റെ പേരുണ്ടെന്ന് പറഞ്ഞാണ് വെര്‍ച്വല്‍ അറസ്റ്റ് ചെയ്ത് 1.05 കോടി രൂപ തട്ടിയെടുത്തത്.
കഴിഞ്ഞ 13ന് ലഖ്‌നൗവിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് കുമാര്‍ എന്ന് പറഞ്ഞായിരുന്നു വാട്‌സ്അപില്‍ 60കാരനെ വീഡിയോ കോള്‍ ചെയ്ത് തട്ടിപ്പ് നടത്തിയത്. ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വിവരങ്ങള്‍ പാകിസ്ഥാന്റെ ഐ എസ് ഐക്ക് ചോര്‍ത്തിക്കൊടുക്കാന്‍ സഹായിച്ച 151 പേരുടെ ലിസ്റ്റില്‍ പേരുണ്ടെന്നായിരുന്നു ഭീഷണി. ഇതിനു ശേഷം അറസ്റ്റ് വാറണ്ട് ഉള്‍പ്പടെ വാട്‌സാപ്പിലൂടെ അയച്ചു നല്‍കി.

ഇത്തരത്തില്‍ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ആസിഫ് ഫൗഇം എന്നയാളുടെ പക്കല്‍നിന്നും 55 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നും ഈ തുക ബാങ്ക് അക്കൗണ്ടില്‍ ഉണ്ടെന്നും തട്ടിപ്പ് നടത്തിയയാള്‍ പരാതിക്കാരനോട് പറഞ്ഞു. ഇത് പരിശോധിക്കുന്നതിന് പരാതിക്കാരന്റെ ബാങ്കിലുള്ള മുഴുവന്‍ തുകയും തങ്ങള്‍ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.
തന്നില്ലെങ്കില്‍ ജീവന് ഭീഷണി ആകുമെന്നും ഇയാള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിയില്‍ ഭയന്ന എറണാകുളം സ്വദേശി ബാങ്ക് അക്കൗണ്ടിലെ മുഴുവന്‍ പണവും പറഞ്ഞ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുകൊടുത്തു. തുടര്‍ന്ന് തനിക്ക് വന്ന ഫോണ്‍ കോളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇദ്ദേഹം ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞപ്പോഴാണ് നടന്നത് വെര്‍ച്വല്‍ അറസ്റ്റ് ഭീഷണിയാണെന്ന് അദ്ദേഹത്തിന് മനസിലായത്. തുടര്‍ന്ന് കളമശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.