സോപ്പിട്ടോ പക്ഷേ പതപ്പിക്കരുത്! ഭാര്യയുടെ സോപ്പിട്ടു കുളിച്ചതിന് ഭര്‍ത്താവ് അറസ്റ്റില്‍; പിന്നാലെ കേസുംകൂട്ടവും

ലഖ്‌നൗ: ഭാര്യയുടെ സോപ്പ് ഉപയോഗിച്ചതിനെച്ചൊല്ലിയുള്ള വഴക്ക് ഭര്‍ത്താവിനെ ഗാര്‍ഹിക പീഡന കേസിലെ പ്രതിയാക്കി. ഉത്തര്‍പ്രദേശ് അലിഗഡിലെ ക്വാര്‍സിയിലാണ് സംഭവം. 39 കാരനായ പ്രവീണ്‍ കുമാര്‍ ഭാര്യയുടെ സോപ്പ് ഉപയോഗിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. എന്തിനാണ് തന്റെ സോപ്പ് ഉപയോഗിച്ചതെന്ന് ഭാര്യ ഭര്‍ത്താവിനോട് ചോദിച്ചു. തന്റെ സാധനങ്ങള്‍ പലപ്പോഴും ഉപയോഗിക്കാറില്ലേയെന്നും അപ്പോഴൊന്നും താന്‍ പരാതി പറഞ്ഞിട്ടില്ലല്ലോ എന്നും ഭര്‍ത്താവ് തിരികെ ചോദിച്ചു. ചെറിയ വഴക്ക് പിന്നാലെ വലിയ തര്‍ക്കത്തിലേക്കും കൈയാങ്കളിയിലേക്കും നീണ്ടു. തുടര്‍ന്ന് യുവതി പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
പൊലീസെത്തി പ്രവീണ്‍ കുമാറിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരു ചെറിയ തര്‍ക്കത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത തന്നെ പൊലീസ് മര്‍ദ്ദിച്ചുവെന്ന് കുമാര്‍ ആരോപിച്ചു. ‘പ്രവീണ്‍ കുമാര്‍ ഭാര്യയെ ആക്രമിച്ചതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. അയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു, കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്’- ക്വാര്‍സി പോലീസ് പറഞ്ഞു.

13 വര്‍ഷം മുന്‍പായിരുന്നു ദമ്പതികളുടെ വിവാഹം. രണ്ട് കുട്ടികളുണ്ട്. കേസില്‍ ഭാര്യയെയും ഭര്‍ത്താവിനെയും പൊലീസ് വൈദ്യപരിശോധനയ്ക്ക് അയച്ചു. കുറ്റകൃത്യം തടയാന്‍ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്ന ക്രിമിനല്‍ നടപടിക്രമ നിയമത്തിലെ സെക്ഷന്‍ 151 പ്രകാരമാണ് കുമാറിനെതിരെ കേസെടുത്തത്. ‘എന്നോട് വഴക്കിട്ടതിന് ശേഷം അവള്‍ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്. എനിക്ക് ജാമ്യം ലഭിച്ചു, ദൈവത്തിന് നന്ദി’ – പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.
അതേസമയം, പൊലീസ് കസ്റ്റഡിയില്‍ തനിക്ക് മര്‍ദനമേറ്റുവെന്ന പ്രവീണ്‍ കുമാറിന്റെ ആരോപണം പൊലീസ് നിഷേധിച്ചു. ‘പൊലീസ് സംഘത്തോട് അയാള്‍ മോശമായി പെരുമാറുന്നത് വീഡിയോയില്‍ കാണാം. ദമ്പതികള്‍ക്ക് ചെറിയ പരിക്കുകളേ ഉണ്ടായിരുന്നുള്ളൂ. ഇരുവരെയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് അയച്ചു. പ്രതിക്കെതിരെ കുറ്റം ചുമത്തി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി’ – പോലീസ് അറിയിച്ചു. ഭര്‍ത്താവ് മുന്‍പും ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്ന് യുവതി പറഞ്ഞതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.