‘ഇസ്രായേലിനെതിരേ നരകത്തിന്റെ വാതില്‍ തുറക്കും’; രണ്ടിലൊന്ന് അറിയാതെ വെടിനിര്‍ത്തലിന് ഇല്ലെന്ന് ഇറാന്‍; അയണ്‍ ഡോമിനെ മറികടക്കാന്‍ മാര്‍ഗം കണ്ടെത്തിയെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ ഖത്തറിന്റെയും ഒമാനിന്റെയും മധ്യസ്ഥത തള്ളി; ട്രംപിനെ വധിക്കാന്‍ നീക്കമെന്ന് ആരോപിച്ച് നെതന്യാഹുവും
ഇസ്രയേലിനെതിരേ ആയിരക്കണക്കിനു റോക്കറ്റുകളാണ് ഇറാന്‍ കരുതിവച്ചിരിക്കുന്നത് എന്നാണു വിവരം. വെടിനിര്‍ത്തല്‍ കരാറിനും ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ഖത്തര്‍, ഒമാന്‍ എന്നിവ മുഖാന്തിരം അമേരിക്കയോട് ഇറാന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ ഉദ്യോഗസ്ഥര്‍ തള്ളി

ദുബായ്: ഇസ്രായേല്‍ തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ കരാറിനു താത്പര്യമില്ലെന്ന് ഇറാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അനുദിനം വഷളാകുന്ന സാഹചര്യത്തിലാണു മധ്യസ്ഥരായ ഖത്തറിനോടും ഒമാനോടും ഇറാന്‍ നിലപാടു വ്യക്തമാക്കിയത്. മുന്നറിയിപ്പില്ലാതെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്കു തിരിച്ചടി നല്‍കാതെ ഒരു ചര്‍ച്ചയ്്ക്കുമില്ലെന്നാണ് ഇറാന്റെ നിലപാട്. അതിനുശേഷം ചര്‍ച്ചയ്ക്കിരിക്കാമെന്നും പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു വ്യക്തമാക്കി.
ഇസ്രായേലിനെതിരേ ‘നരകത്തിന്റെ വാതില്‍ തുറക്കു’മെന്നാണ് ഇറാന്റെ നിലപാട്. ഏറെക്കാലമായി ശത്രുതയിലുള്ള രാജ്യങ്ങള്‍ തമ്മില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ പദ്ധതിയില്ലെന്ന സൂചനയാണിതു നല്‍കുന്നത്. വെള്ളിയാഴ്ച ഇസ്രയേല്‍ ആരംഭിച്ച യുദ്ധത്തില്‍ ഇറാന്റെ സൈനിക കമാന്‍ഡിന്റെ ഉന്നതരെയും ശാസ്ത്രജ്ഞരെയുമാണ് വധിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലും അടിയും തിരിച്ചടിയും ശക്തമാണ്. ഇസ്രയേലിനെതിരേ ആയിരക്കണക്കിനു റോക്കറ്റുകളാണ് ഇറാന്‍ കരുതിവച്ചിരിക്കുന്നത് എന്നാണു വിവരം.


വെടിനിര്‍ത്തല്‍ കരാറിനും ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ഖത്തര്‍, ഒമാന്‍ എന്നിവ മുഖാന്തിരം അമേരിക്കയോട് ഇറാന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ ഉദ്യോഗസ്ഥര്‍ തള്ളി. ഇക്കാര്യത്തില്‍ ഇറാന്റെ ഔദ്യോഗിക വിശദീകരണവും പുറത്തുവന്നിട്ടില്ല. ആക്രമണങ്ങള്‍ക്കു മാസങ്ങള്‍ക്കുമുമ്പ്് അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ക്ക് ഒമാനാണ് മധ്യസ്ഥത വഹിച്ചത്. എന്നാല്‍, യുദ്ധമാരംഭിച്ചതോടെ ഇതു റദ്ദാക്കി. ഖത്തറിനും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിര്‍ണായക സ്ഥാനമാണുള്ളത്. ഇതു രാജ്യങ്ങള്‍ക്കും ഇറാനുമായിട്ടും അമേരിക്കയുമായിട്ടും ഇസ്രയേലുമായിട്ടും മികച്ച ബന്ധമാണുള്ളത്.
എരിതീയില്‍ എണ്ണപകരുന്ന നടപടികളാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉയരുന്നത്. ഇറാന്റെ ഒന്നാമത്തെ ശത്രു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണെന്നും ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു. ഇറാന്റെ ആണവ പദ്ധതിക്ക് ഏറ്റവും വലിയ തടസമായിട്ടാണ് ട്രംപിനെ ഇസ്ലാമിക് ഭരണകൂടം കാണുന്നതെന്നും അദ്ദേഹത്തെ വധിക്കാന്‍ സജീവമായി ശ്രമിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇറാന് യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള സൗകര്യങ്ങള്‍ ലഭിക്കുകയെന്നത് ബോംബ് നിര്‍മിക്കുന്നതിലേക്കാണു നയിക്കുക. ക്വാസെം സുലൈമാനിയെ വധിച്ചതിലൂടെ അദ്ദേഹം നല്‍കിയത് കൃത്യമായ സന്ദേശമാണ്. എന്നെയും വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കിടപ്പറയ്ക്കു സമീപമാണു മിസൈല്‍ പതിച്ചത്. തന്നെ ട്രംപിന്റെ ജൂനിയര്‍ പാര്‍ട്ണര്‍ എന്നാണ് ഇറാന്‍ വിശേഷിപ്പിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു.

നേരത്തേ, ഇസ്രയേലിന്റെ വ്യോമ പ്രതിരോധ മാര്‍ഗം മറികടക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തിയെന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്നു. ഇതു സാധൂകരിക്കുന്ന തരത്തിലാണ് അയണ്‍ ഡോം മറികടന്നു നിരവധി മിസൈലുകള്‍ ഇസ്രയേലില്‍ പതിച്ചത്. അവസാനം ഇസ്രയേലിന്റെ എണ്ണശുദ്ധീകരണ കേന്ദ്രത്തിലും രണ്ടു മിസൈലുകള്‍ പതിച്ചു. ആള്‍ നാശം കുറവാണെങ്കിലും ഇസ്രയേലിലെ കെട്ടിടങ്ങള്‍ക്കു വന്‍ നാശമാണ് ഉണ്ടായത്. ആയിരക്കണക്കിനു മിസൈലുകളാണ് ഇറാന്റെ ആവനാഴിലുള്ളതെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിശകലനങ്ങള്‍ പറയുന്നത്.