പ്രസംഗത്തിനിടെ വേദിയില്‍വച്ച് സൂപ്പര്‍ സ്റ്റാറിന്റെ വെപ്പ് മീശ ഇളകിപ്പോയി! ഹിറ്റ് ചിത്രത്തിന്റെ പ്രൊമോഷനിടെ സംഭവം; സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോള്‍! ടോളിവുഡ് താരം ബാലയ്യ എയറില്‍

ഹൈദരാബാദ്: ടോളിവുഡിലെ സൂപ്പര്‍സ്റ്റാറാണെങ്കിലും വിവാദങ്ങളും ട്രോളുകളും ഒഴിഞ്ഞിട്ട് നേരമില്ല നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യക്ക്. അദ്ദേഹത്തിന്‍റെ സിനിമകൾ മാത്രമല്ല, പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ ബാലയ്യക്ക് എന്തെങ്കിലും പുലിവാല് പിടിക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ ഹിറ്റ് ചിത്രം അഖണ്ഡയുടെ രണ്ടാം ഭാഗത്തിന്‍റെ പ്രമോഷൻ പരിപാടിയ്ക്കിടെയുണ്ടായ സംഭവമാണ് വൈറലാകുന്നത്. പരിപാടിക്കിടെ താരത്തിന്‍റെ മീശ ഇളകിപ്പോയതാണ് പരിഹാസത്തിനിടയാക്കിയത്.
വേദിയില്‍ ബാലയ്യ സംസാരിച്ചു കൊണ്ടിരിക്കെയായിരുന്നു സംഭവം. നിരവധി ആരാധകര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പ്രസംഗത്തിനിടെ മീശ ഇളകി പോയപ്പോള്‍ ആദ്യം ബാലയ്യ കൈ കൊണ്ട് തിരിച്ച് ഒട്ടിക്കുന്നുണ്ട്. എന്നാല്‍ പലവട്ടം ഒട്ടിച്ചിട്ടും മീശ നില്‍ക്കുന്നില്ല. ഇതോടെ പ്രസംഗം നിര്‍ത്താതെ തന്നെ പിന്നിലേക്ക് തിരിഞ്ഞ് പശ ചോദിക്കുകയാണ് ബാലയ്യ. പശ വച്ച് മീശ ഒട്ടിച്ച ശേഷം, പ്രസംഗം നിര്‍ത്തിയിടത്തു തന്നെ അതേ ആവേശത്തോടെ തുടരുകയും ചെയ്തു.

വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ഒപ്പം ബാലയ്യക്കെതിരെ ട്രോളുകളും ഉയരുന്നുണ്ട്. അതിനിടെ താരത്തിന്‍റെ പിറന്നാളാഘോഷത്തിനിടെയുണ്ടായ സംഭവവും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ജൂൺ 10ന് ആയിരുന്നു ബാലയ്യയുടെ അറുപത്തി അഞ്ചാം പിറന്നാൾ. ഇതോട് അനുബന്ധിച്ച് ആരാധകർ സംഘടിപ്പിച്ച വൻ ആഘോഷ പരിപാടിയിൽ നടനും പങ്കെടുത്തിരുന്നു.കേക്ക് മുറിക്കുന്നതിനിടെ ബാലയ്യ നടത്തിയ പ്രകടനമാണ് വൻ വിമർശനങ്ങൾക്ക് വഴിവച്ചത്. നാല് തട്ടുള്ള കേക്കായിരുന്നു ആരാധകർ ബാലയ്യയ്ക്ക് വേണ്ടി ഒരുക്കിയിരുന്നത്. കേക്ക് മുറിക്കാൻ വന്ന ബാലയ്യ, കത്തി എറിഞ്ഞ് കളിക്കുന്നുണ്ട്.
മൂന്ന് തവണയാണ് അദ്ദേഹം ഇത്തരത്തിൽ കത്തി മുകളിലേക്ക് എറിഞ്ഞ് പിടിക്കുന്നത്. ഇത് കണ്ട് അടുത്ത് നിൽക്കുന്നയാൾ ഭയപ്പെടുന്നതും വീഡിയോയിൽ കാണാം. ഇതോടെയാണ് വിമർശനം ഉയർന്നത്.ഓവർ ആക്ടിംഗ് ആണ്, ഇയാൾക്ക് വേറെ പണിയൊന്നും ഇല്ലേ, ഇയാൾക്ക് ബോധമുണ്ടോ?”, എന്നിങ്ങനെയായിരുന്നു കമന്‍റുകൾ.