ഫാല്‍ക്കണ്‍ റോക്കറ്റിലെ പിഴവു കണ്ടെത്തിയത് ഐഎസ്ആര്‍ഒ; ആദ്യം സ്‌പേസ് എക്‌സ് അവഗണിച്ചു; ഓക്‌സിജന്‍ ചോര്‍ച്ച പരിഹരിച്ചത് ശുഭാംശുവിനെ പിന്‍വലിക്കുമെന്ന് അറിയിച്ചപ്പോള്‍; വിക്ഷേപണം മാറ്റിയത് ഐഎസ്ആര്‍ഒ ചെയര്‍മാന്റെ ഇടപെടലില്‍; ഒഴിവായത് വന്‍ ബഹിരാകാശ ദുരന്തം; ഞെട്ടിച്ച് വെളിപ്പെടുത്തല്‍
ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലുള്ള 13 ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ ജാഗ്രതയാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. സ്‌പേസ് എക്‌സ് ഓക്‌സിജന്‍ ചോര്‍ച്ച പരിഹരിക്കാന്‍ 'ബാന്‍ഡ്-എയ്ഡ്' മാര്‍ഗമാണ് സ്വീകരിക്കാന്‍ മുതിര്‍ന്നതെന്നും ഇതു സ്വീകാര്യമല്ലെന്ന് അറിയിക്കുകയും ചെയ്‌തെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഉള്‍പ്പെടെ ബഹിരാകാശ യാത്രികരെ ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്ന സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റിലെ ഗുരുതര വീഴ്ച കണ്ടെത്തിയത് ഐഎസ്ആര്‍ഒ. ഓക്‌സിഡൈസര്‍ ലൈനില്‍ വിള്ളല്‍ കണ്ടെത്തിയത് ഒഴിവാക്കിയത് വന്‍ ദുരന്തം. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍ കൃത്യമായ പരിശോധന ആവശ്യപ്പെട്ടതിനു പിന്നാലെയാണു തകരാര്‍ കണ്ടെത്തിയത്.
ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായി നാല് ബഹിരാകാശ യാത്രികരെയാണു ഫാല്‍ക്കണ്‍-9 റോക്കറ്റില്‍ ബഹികാശത്ത് എത്തിക്കുന്നത്. അവിടെ 14 ദിവസം ചെലവഴിച്ചു പരിശോധനകളും പരീക്ഷണങ്ങളും നടത്തുകയാണു പദ്ധതി. ചോര്‍ച്ചയടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച സാഹചര്യത്തില്‍ ജൂണ്‍ 19ന് ദൗത്യം നടക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇതിനുമുമ്പ് അഞ്ചുവട്ടമാണ് ദൗത്യം മാറ്റിവച്ചത്. ദ്രവീകൃത ഇന്ധനം പെട്ടെന്നു തീപിടിക്കുമെന്നതിനാല്‍ തകരാര്‍ കണ്ടെത്തിയിരുന്നില്ലെങ്കില്‍ പറന്നുയരുന്ന ഉടന്‍തന്നെ വലിയ ദുരന്തമുണ്ടാകുമായിരുന്നെന്ന് സുരക്ഷ വിലയിരുത്തിയ വിദഗ്ധര്‍ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു.

പറന്നുയരാന്‍ നിശ്ചയിച്ചതിന് ഒരു ദിവസംമുമ്പാണ് ഫാല്‍ക്കണ്‍ റോക്കറ്റിന്റെ ബൂസ്റ്ററില്‍ ലിക്വിഡ് ഓക്‌സിജന്‍ ചോര്‍ച്ച കണ്ടെത്തിയത്. നവീകരണ സമയത്തു ബൂസ്റ്റര്‍ പൂര്‍ണമായും നന്നാക്കിയിട്ടില്ലെന്നും കണ്ടെത്തി. ഇപ്പോള്‍ ലോഞ്ച് പാഡിലെത്തിയ റോക്കറ്റിലെ തകരാര്‍ പരിഹരിക്കുന്നതു തുടരുകയാണെന്നു സ്‌പേസ് എക്‌സിന്റെ ബില്‍ഡ് ആന്‍ഡ് ഫ്‌ളൈറ്റ് റിലയബിലിറ്റി വൈസ് പ്രസിഡന്റ് വില്യം ഗെര്‍സെ്റ്റന്‍മെയര്‍ പറഞ്ഞു.
ഇന്ധന ചോര്‍ച്ചയുണ്ടെന്നു കണ്ടെത്തിയിട്ടും ജൂണ്‍ 11ന് സ്‌പേസ് എക്‌സ് ടീം റോക്കറ്റ് വിക്ഷേപിക്കാന്‍ തീരുമാനിച്ചെന്ന ഞെട്ടിക്കുന്ന വിവരവുമുണ്ട്. എന്നാല്‍, ഇതിനോട് ശക്തമായി വിയോജിച്ച ഐഎസ്ആര്‍ഒ മേധാവി, പൂര്‍ണമായ പരിശോധനയും ആവശ്യപ്പെട്ടു. കുറഞ്ഞ താപനിലയിലുള്ള ചോര്‍ച്ച സംബന്ധിച്ചതടക്കം പരിശോധിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. ചെയര്‍മാന്റെ നിര്‍ബന്ധമാണ് 11നു നടത്തേണ്ടിയിരുന്ന വിക്ഷേപണം മാറ്റിവയ്ക്കാന്‍ ഇടയാക്കിയത്.
ലോഞ്ച് പാഡിലേക്കു തിരികെയെത്തിയ സ്‌പേസ് എക്‌സ് ടീം ദ്രാവക ഓക്‌സിജന്‍ ലൈനുകളിലൊന്നില്‍ ചോര്‍ച്ച കണ്ടെത്തുകയായിരുന്നു. ആദ്യഘട്ടം പുനരുപയോഗിച്ചു പുതുക്കിപ്പണിതതാണെങ്കിലും വിള്ളല്‍ ശ്രദ്ധിക്കാതെപോയി. ഡോ. നാരായണന്റെ നിര്‍ബന്ധത്തിനുശേഷം വിള്ളല്‍വീണ ഭാഗം മാറ്റി സ്ഥാപിച്ചു. ഇതിന്റെ സുരക്ഷയെക്കുറിച്ചും വിശദമായ പരിശോധന പൂര്‍ത്തിയാക്കി.
എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമം സ്‌പേസ് എക്‌സിന് അയച്ച് ഇ-മെയിലുകള്‍ക്കൊന്നും മറുപടി ലഭിച്ചിട്ടില്ല. എക്‌സിലും സന്ദേശം അയച്ചെങ്കിലും ഇവര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍, സുരക്ഷ ഉറപ്പാക്കുന്നതിനും ദുരന്തം ഒഴിവാക്കുന്നതിനും ഇടപെട്ട ഐഎസ്ആര്‍ഒയുടെ പങ്കിനെക്കുറിച്ച് ആക്‌സിയം എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ കാം ഗഫാരിയാന്‍ പരോക്ഷമായി സമ്മതിച്ചു. ‘ഈ ദൗത്യത്തില്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍, നാസ, സ്‌പേസ് എക്‌സുകള്‍ എന്നിവരുടെ എല്ലാ അവിശ്വസനീയമായ പ്രവര്‍ത്തനങ്ങളെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. ആക്‌സിയം സ്‌പേസിനും നാസയ്ക്കും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കും ഇത് ശരിയായ കാര്യമാണ്. പുതിയ വിക്ഷേപണ തീയതി അന്തിമമാക്കുന്നതിന് ഞങ്ങളുടെ എല്ലാ പങ്കാളികളുമായും ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കു’മെന്നും അദ്ദേഹം പറഞ്ഞു.
ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലുള്ള 13 ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ ജാഗ്രതയാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. സ്‌പേസ് എക്‌സ് ഓക്‌സിജന്‍ ചോര്‍ച്ച പരിഹരിക്കാന്‍ ‘ബാന്‍ഡ്-എയ്ഡ്’ മാര്‍ഗമാണ് സ്വീകരിക്കാന്‍ മുതിര്‍ന്നതെന്നും ഇതു സ്വീകാര്യമല്ലെന്ന് അറിയിക്കുകയും ചെയ്‌തെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
റോക്കറ്റിന്റെ ബൂസ്റ്റര്‍ ഘട്ടത്തിന്റെ പ്രകടനം വിലയിരുത്താനാണ് തയാറെടുപ്പിന്റെ ഭാഗമായി ലോഞ്ച് പാഡില്‍ ഏഴു സെക്കന്‍ഡ് ഹോട്ട് ടെസ്റ്റ് നടത്തിയത്. പരീക്ഷണത്തിനിടെ പ്രൊപ്പല്‍ഷന്‍ ബേസില്‍ ചോര്‍ച്ച കണ്ടെത്തി. ആക്‌സിയം, സ്‌പേസ് എക്‌സ് എന്നിവയിലെ വിദഗ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. വിക്ഷേപണത്തിനായി അനുമതി നല്‍കുംമുമ്പ് ആവശ്യമായ നടപടിയെടുക്കാനും തീരുമാനിച്ചു.
ദ്രാവക എന്‍ജിനുകളുടെ കാര്യത്തില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വിദഗ്ധനാണ്. ഇന്ത്യക്കു ക്രയോജനിക് എന്‍ജിന്‍ നിര്‍മിക്കാന്‍ സഹായിച്ച സംഘത്തിന്റെ ഭാഗവുമായിരുന്നു അദ്ദേഹം. അതിനാല്‍ ദ്രാവക ചോര്‍ച്ചയുടെ അപകടമെന്തെന്ന് അദ്ദേഹത്തിനറിയാം. ഇന്ത്യന്‍ ടീം സ്വീകരിച്ച നിലപാടിനെ ഹംഗേറിയന്‍, പോളീഷ് ശാസ്ത്രസംഘം പിന്തുണച്ചു. സുരക്ഷ ആദ്യം, വിക്ഷേപണം പിന്നീട് എന്നതായിരുന്നു ഇന്ത്യയുടെ നിലപാട്. വിക്ഷേപണ പരീക്ഷണത്തിനിടെ വലിയതോതില്‍ വിറയല്‍ സംഭവിക്കുന്നതിനാല്‍ ഇന്ധന ലൈനിലെ വിള്ളല്‍ പൊട്ടിയതാകാമെന്നും വിദഗ്ധര്‍ പറഞ്ഞു.

550 കോടി രൂപയ്ക്ക് ആക്‌സിയം-4 ദൗത്യത്തില്‍ സീറ്റ് നേടിയശേഷം ഇന്ത്യയും ദൗത്യത്തില്‍ പങ്കാളിയാണ്. യുഎസില്‍ നിന്നുള്ള കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, ഇന്ത്യയില്‍ നിന്നുള്ള പൈലറ്റ് ശുഭാന്‍ഷു ശുക്ല, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസാനാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപു എന്നിവരാണ് ബഹിരാകാശത്തേക്ക് പോകുന്നത്. സ്‌പേസ് എക്‌സ് തിരുത്തലുകള്‍ നടത്തിയില്ലെങ്കില്‍ ശുഭാംശുവിനെ പിന്‍വലിക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
99.6 ശതമാനം വിജയസാധ്യതയാണു ഫാല്‍ക്കണ്‍ റോക്കറ്റ് അവകാശപ്പെടുന്നത്. 500 വിക്ഷേപണങ്ങള്‍ പൂര്‍ത്തിയാക്കിയെന്നു പറയുമ്പോഴും 10 വട്ടംമാത്രമാണ് മനുഷ്യനുമായി പറന്നതെന്നും പറയുന്നു. എല്ലാം വിജയകരമാണെങ്കിലും റഷ്യയുടെ സോയൂസ്, സ്‌പേസ് ഷട്ടില്‍ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതു ചെറിയ സംഖ്യയാണ്. പാഡ് 39-എയിലാണ് ഫാല്‍ക്കണ്‍-9 റോക്കറ്റ് നിലനിര്‍ത്തിയിട്ടുള്ളത്. ബഹിരാകാശ യാത്രികന്‍ നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ ഇറങ്ങാന്‍ ഉപയോഗിച്ച അതേ പാഡാണ് ഇത്.