Breaking NewsLead NewsNEWSNewsthen SpecialSocial MediaTRENDINGWorld

‘എന്തോ ദുരൂഹമായത് സംഭവിക്കാന്‍ പോകുന്നു, പെന്റഗണില്‍ ചിലതു തിടുക്കപ്പെട്ടു നടക്കുന്നു’; ഇസ്രായേലിന്റെ ഇറാന്‍ ആക്രമണം ലോകം അറിയുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ പിസ ഡെലിവറി ട്രാക്കര്‍മാര്‍ അറിഞ്ഞു! എക്‌സ് പോസ്റ്റിനു പിന്നാലെ ‘പിസ മീറ്റര്‍’ വീണ്ടും ചര്‍ച്ചയില്‍

വാഷിങ്ടണ്‍: അങ്ങേയറ്റം രഹസ്യാത്മകമായി ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം ലോകമറിഞ്ഞതു മണിക്കൂറുകള്‍ക്കു മുമ്പാണെങ്കില്‍ പിസ ഡെലിവറി ട്രാക്കര്‍മാര്‍ അതിനും മണിക്കൂറുകള്‍ മുമ്പേ അപകടം മണത്തെന്നു റിപ്പോര്‍ട്ട്. ടെഹ്‌റാനില്‍ ആദ്യ ബോംബ് വീണ വിവരം ഇറാനിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ അമേരിക്കന്‍ സൈനിക കേന്ദ്രമായ പെന്റഗണിനു സമീപമുള്ള പിസ ഡെലിവറി ട്രാക്കര്‍മാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ‘അര്‍ധരാത്രിയില്‍ എന്തോ നടക്കാന്‍ പോകുന്നു’ എന്നു മുന്നറിയിപ്പു നല്‍കി!

Signature-ad

അസാധാരണമായി പിസ ഡെലിവറികള്‍ നടക്കുന്നെന്നു ചൂണ്ടിക്കാട്ടി നടത്തിയ എക്‌സ് പോസ്റ്റിലാണ് ദുരൂഹമായതു നടക്കുന്നെന്നു പറയുന്നത്. പെന്റഗണിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പ്രധാന സൈനിക- രാഷ്ട്രീയ സംഭവങ്ങള്‍ക്ക് മുമ്പ് ഫാസ്റ്റ് ഫുഡ് ഓര്‍ഡറുകളില്‍ അസാധാരണ വര്‍ധന രേഖപ്പെടുത്താറുണ്ടെന്ന സിദ്ധാന്തവുമായി ബന്ധപ്പെടുത്തിയാണ് ചര്‍ച്ചകളെല്ലാം. ഇതോടൊപ്പം പെന്റഗണിനു സമീപമുള്ള ബാറില്‍ വ്യാഴാഴ്ചയായിട്ടും അസാധാരണമാം വിധം തിരക്കു കുറഞ്ഞെന്നും ഇവര്‍ നിരീക്ഷിച്ചു. അതിനര്‍ഥം പെന്റഗണില്‍ എന്തൊക്കെയോ തിടുക്കപ്പെട്ടു നടക്കുന്നു എന്നതിന്റെ സൂചനയാണെന്നും മറ്റൊരു എക്‌സ് അക്കൗണ്ട് പറയുന്നു.

 

പ്രത്യേകിച്ച് പിസ ഓര്‍ഡറുകളില്‍ ഈ സമയത്ത് വര്‍ദ്ധനവുണ്ടാകാറുണ്ടെന്നാണ് പറയപ്പെടുന്നത്. 2024-ലെ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷ സമയത്തും ഇത്തരമൊരു വര്‍ദ്ധനവ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘പിസ മീറ്റര്‍’ എന്ന ആശയം ചര്‍ച്ചയാകുന്നത് 1991-ലെ ഗള്‍ഫ് യുദ്ധ സമയത്താണ്. പ്രധാന സൈനിക നീക്കങ്ങള്‍ക്കോ പ്രതിസന്ധികള്‍ക്കോ മുമ്പ് പെന്റഗണ്‍ പ്രദേശത്ത് പിസ ഓര്‍ഡറുകള്‍ വര്‍ദ്ധിക്കുന്നത് ഒരു സൂചനയായി കണക്കാക്കപ്പെടുന്നു. 2003-ലെ ഇറാഖ് യുദ്ധം, 2011-ലെ ഒസാമ ബിന്‍ ലാദന്റെ വധം, 2020-ലെ ഖാസിം സുലൈമാനിയുടെ വധം തുടങ്ങിയ സംഭവങ്ങള്‍ക്ക് മുമ്പും ഈ പ്രതിഭാസം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ 1989ലെ പനാമയിലെ അമേരിക്കന്‍ അധിനിവേശ സമയത്തും ഓപ്പറേഷന്‍ ഡെസേര്‍ട്ട് സ്‌റ്റോമിന്റെ കാലത്തും പിസയുടെ ഡെലിവറി കുതിച്ചുയര്‍ന്നു.

അമേരിക്കന്‍ പ്രതിരോധ വിഭാഗത്തിന്റെ ആസ്ഥാനമായ പെന്റഗണില്‍ പിസ ഡെലിവറികളില്‍ പെട്ടെന്നുള്ള വര്‍ദ്ധനവ്, ദേശീയ സുരക്ഷാ പ്രതിസന്ധികളോ സൈനിക നീക്കങ്ങളോ ഉണ്ടാകുമെന്നതിന്റെ സൂചനയായാണ് ‘പെന്റഗണ്‍ പിസ ഇന്‍ഡെക്‌സ്’ കണക്കാക്കുന്നത്. ശീതയുദ്ധകാല സമയത്ത് സോവിയറ്റ് ഏജന്റുമാര്‍ വാഷിങ്ടണിലെ പിസ ഡെലിവറികള്‍ നിരീക്ഷിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ വൃത്തങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ ശ്രമിച്ചിരുന്നതായും പറയപ്പെടുന്നു. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, പെന്റഗണ്‍ പ്രദേശത്തെ പിസ ഡെലിവറികളില്‍ വര്‍ദ്ധനവ് ശ്രദ്ധിക്കപ്പെട്ടതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് കാരണം.

വ്യാഴാഴ്ച രാത്രി, അമേരിക്കന്‍ പ്രതിരോധ വിഭാഗത്തിന്റെ ആസ്ഥാനത്തിന് സമീപമുള്ള ഡൊമിനോസ് ഔട്ട്ലെറ്റില്‍ അസാധാരണ തിരക്ക് ശ്രദ്ധിക്കപ്പെട്ടതായി പിസ ഡെലിവറി പാറ്റേണുകള്‍ ട്രാക്ക് ചെയ്യുന്ന പെന്റഗണ്‍ പിസ റിപ്പോര്‍ട്ട് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഭക്ഷണ സംബന്ധമായ വിവരങ്ങള്‍ പങ്കുവെക്കുന്ന ഫുഡ് വെബ്‌സൈറ്റായ ‘ദി ടേക്കൗട്ടാണ് ഈ സിദ്ധാന്തത്തെ ജനപ്രിയമാക്കിയത്. എന്നാല്‍, ചില വിദഗ്ധര്‍ ഇതിനെ അംഗീകരിക്കുന്നില്ല. ഇസ്രയേലിന്റെ ആക്രമണം സംബന്ധിച്ച് അറിവുണ്ടായിരുന്നെങ്കിലും അതില്‍ പങ്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനെ ഇസ്രയേല്‍ ആക്രമിക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരവും ലഭിച്ചിരുന്നു.

ഫാല്‍ക്കണ്‍ റോക്കറ്റിലെ പിഴവു കണ്ടെത്തിയത് ഐഎസ്ആര്‍ഒ; ആദ്യം സ്‌പേസ് എക്‌സ് അവഗണിച്ചു; ഓക്‌സിജന്‍ ചോര്‍ച്ച പരിഹരിച്ചത് ശുഭാംശുവിനെ പിന്‍വലിക്കുമെന്ന് അറിയിച്ചപ്പോള്‍; വിക്ഷേപണം മാറ്റിയത് ഐഎസ്ആര്‍ഒ ചെയര്‍മാന്റെ ഇടപെടലില്‍; ഒഴിവായത് വന്‍ ബഹിരാകാശ ദുരന്തം; ഞെട്ടിച്ച് വെളിപ്പെടുത്തല്‍

 

Back to top button
error: