ആകാശപ്പാതയില്‍ ട്രാഫിക് ജാം; യുദ്ധ ഭീതിയില്‍ വിമാനങ്ങള്‍ തിരിച്ചു വിടുന്നതിന്റെ ദൃശ്യങ്ങള്‍ വൈറല്‍; നൂറുകണക്കിന് വിമാനങ്ങളിലെ യാത്രക്കാര്‍ പ്രതിസന്ധിയില്‍; ദൃശ്യങ്ങള്‍ പങ്കിട്ടത് ഫ്‌ളൈറ്റ് റഡാര്‍

ടെല്‍ അവീവ്: ഇസ്രയേൽ ഇറാനെതിരെ വ്യോമാക്രമണം ആരംഭിച്ചതോടെ ആഗോള ആകാശ പാതകളിലും ആശയ കുഴപ്പം. സംഘർഷ ഭരിതമായ ഇറാനിയൻ ആകാശപാതയിൽനിന്ന് വിമാനങ്ങൾ കൂട്ടത്തോടെ വഴിമാറ്റി. നൂറുകണക്കിന് വിമാനങ്ങളിലെ യാത്രക്കാർ അനിശ്ചിതത്വത്തിലായി.
യുദ്ധ സാഹചര്യത്തെ തുടർന്ന് സുരക്ഷിതമായ താവളങ്ങളിൽ ലാന്റ് ചെയ്യാൻ തിരക്ക് കൂട്ടുന്ന വിമാനങ്ങളുടെ വീഡിയോ ദൃശ്യം പുറത്തെത്തിയതും വൈറലാണ്. ഫ്ലൈറ്റ് ട്രാക്ക് സർവീസിൽ നിന്നുള്ള തത്സമയ ദൃശ്യ മാതൃകയാണ് പ്രചരിക്കുന്നത്. ഫ്ലൈറ്റ്റ റഡാർ 24 എക്സിൽ പങ്കുവെച്ചതാണ് ഇവ.

ഒമ്പത് സെക്കൻഡ് നീളുന്ന ടൈം ലാപ്സ് വീഡിയോ ദൃശ്യത്തിൽ നൂറുകണക്കിന് വിമാനങ്ങൾ സഞ്ചരിക്കുന്ന തത്സമയ ചലന പാത കാണിക്കുന്നു. ഇസ്രയേലിന്റെ ആക്രമണത്തോടെ ഇറാന്റെ ആകാശപാത ഏതാണ്ട് ശൂന്യമാകുന്നത് ‘ഫ്ലൈറ്റ്റ റഡാർ 24’- ദൃശ്യത്തിൽ കാണാം. അപകടവും കൂട്ടിയിടിയും ഒഴിവാക്കാൻ വാണിജ്യ-യാത്രാ വിമാനങ്ങൾ പൊടുന്നനെ വഴിതിരിച്ച് വിടേണ്ടി വന്നു.
മിനിറ്റുകളുടെ വ്യത്യാസത്തിൽ ഇറാന് മുകളിലുള്ള ആകാശ പാതകൾ ശൂന്യമാക്കപ്പെടുന്നു. വെള്ളിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിൽ 200 യുദ്ധവിമാനങ്ങൾ പങ്കെടുത്തതായാണ് ഇസ്രയേൽ പ്രതിരോധസേന പറഞ്ഞിരുന്നത്. 100 കേന്ദ്രങ്ങളിൽ ബോംബുകളും മിസൈലുകളും പ്രയോഗിച്ചതായും അവകാശപ്പെട്ടു. ഇവയെല്ലാം ചേർന്ന് ആകാശപാതകൾ കലുഷിതമായി. യുദ്ധ ഭീതി ഉയർന്നതോടെ മിഡിൽ ഈസ്റ്റിനും ഏഷ്യയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന വിമാനങ്ങളുടെ യാത്രാദൈർഘ്യം വർധിച്ചിരിക്കയാണ്. ഇതുവഴി വരുന്ന ഉയർന്ന ഇന്ധനച്ചെലവ് യാത്രക്കാരുടെ മേലാവും പതിക്കുക.
പുലര്‍ച്ചെ മൂന്ന് മണിയോടെ ആരംഭിച്ച ആക്രമണം മണിക്കൂറുകളോളം തുടർന്നതായാണ് ഇസ്രയേല്‍ സൈന്യം തന്നെ വ്യക്തമാക്കിയിട്ടുള്ളത്. പുലർച്ചെ മൂന്ന് മണിക്ക് തൊട്ടുമുമ്പായി ഇറാഖിനു മുകളിലായി ഇസ്രയേല്‍ യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചു. ഈ സമയത്ത് ആകാശ പാത പൂർണ്ണമായും ഭീതിയുടെ നിഴലിലായി. ആക്രമണം തുടരുമെന്നാണ് ഇസ്രയേൽ മുന്നറിയിപ്പ്. ഇത് വിമാന സർവ്വീസുകളിലെ അനിശ്ചിതത്വത്തെയും വർധിപ്പിക്കുന്ന സാഹചര്യമാണ്.