Breaking NewsCrimeLead NewsNEWS

‘സുകുമാരക്കുറുപ്പ്’ മോഡലും! കാമുകനൊപ്പം ജീവിക്കാന്‍ മറ്റൊരു സ്ത്രീയെ കൊന്ന് കത്തിക്കാന്‍ പദ്ധതിയിട്ട് സോനം

ഷില്ലോങ്: മധുവിധുവിനിടെ രാജാ രഘുവംശിയെ കൊലപ്പെടുത്തിയ ശേഷം, ഏതെങ്കിലുമൊരു സ്ത്രീയെ കൊലപ്പെടുത്തി കത്തിച്ച് അതു സോനത്തിന്റെ മൃതദേഹമെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു പദ്ധതിയെന്നു പ്രതികളുടെ വെളിപ്പെടുത്തല്‍. ഈ ശ്രമം വിജയിച്ചില്ല. താന്‍ മരിച്ചതായി ബന്ധുക്കളെ വിശ്വസിപ്പിച്ചശേഷം കാമുകന്‍ രാജ് ഖുഷ്വാഹയുമൊത്തു ജീവിക്കാനായിരുന്നു സോനത്തിന്റെ പദ്ധതി. കാമുകനുമായുള്ള ബന്ധത്തെ എതിര്‍ത്ത വീട്ടുകാര്‍ രാജായുമായുള്ള വിവാഹം നടത്തി. ഇതോടെയാണ് കാമുകനും സോനവും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. പൊലീസിന്റെ കൃത്യമായ അന്വേഷണത്തില്‍ സോനവും കാമുകന്‍ രാജും സുഹൃത്തുക്കളും പിടിയിലായി.

ഇന്‍ഡോര്‍ സ്വദേശി രാജാ രഘുവംശിയും സോനവും തമ്മിലുള്ള വിവാഹം നടക്കുന്ന മേയ് 11ന് മുന്‍പേ രാജാ രഘുവംശിയെ വധിക്കാനുള്ള പദ്ധതി തയാറാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. രാജ് ഖുഷ്വാഹയും ഒരു ബന്ധുവും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഗൂഢാലോചനയില്‍ സോനം ഒപ്പം നിന്നു. കൃത്യം നടത്താന്‍ രാജ് സുഹൃത്തുക്കളായ വിശാല്‍, ആകാശ്, ആനന്ദ് എന്നിവരെയാണ് ഒപ്പംകൂട്ടിയത്. ഇവര്‍ക്ക് 50,000 രൂപ കൈമാറിയിരുന്നു.

Signature-ad

ദമ്പതികള്‍ മധുവിധുവിനായി മേയ് 20നാണു മേഘാലയയില്‍ എത്തിയത്. സോനം മൊബൈലില്‍ ലൈവ് ലൊക്കേഷന്‍ അയച്ചതനുസരിച്ച് കൊലയാളികളും മേഘാലയയില്‍ എത്തി. ഗുവാഹത്തിയില്‍നിന്ന് കൊലയാളികള്‍ മഴു വാങ്ങി. പിന്നീട് ഷില്ലോങ്ങില്‍ ദമ്പതികള്‍ താമസിക്കുന്ന ഹോട്ടലിന് അടുത്ത് മുറിയെടുത്തു. ഫോട്ടോ എടുക്കാനായി മേയ് 23ന് സോനം ഭര്‍ത്താവിനെ കുന്നിനു മുകളിലേക്കു കൊണ്ടുപോയി. കൊലയാളികള്‍ ഇവര്‍ക്കു പിന്നാലേ കുന്നു കയറി. കുന്നിനു മുകളിലെത്താറായപ്പോള്‍ താന്‍ നടന്നു ക്ഷീണിച്ചതായി സോനം ഭര്‍ത്താവിനോട് പറഞ്ഞു. സോനം നടത്തം പതുക്കെയാക്കി. ഭര്‍ത്താവ് മുന്നില്‍ നടന്നപ്പോള്‍ കൊലയാളികളോട് കൊല്ലാന്‍ നിര്‍ദേശിക്കുകയായിരുന്നു.

കാമുകന്‍ രാജ് ഖുഷ്വാഹ കൊലയാളി സംഘത്തിലുണ്ടായിരുന്നില്ല. മേഘാലയയില്‍ പോകാതെ ഇന്‍ഡോറിലിരുന്ന് പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. കൊലപാതകശേഷം മേഘാലയയില്‍നിന്ന് ഒളിച്ചു കടന്ന സോനത്തെ 1200 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍നിന്നാണു കണ്ടെത്തുന്നത്. ഗുണ്ടാസംഘം തന്നെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടു പോയെന്നും താന്‍ രക്ഷപ്പെട്ട് ഗാസിപുരില്‍ എത്തിയെന്നുമാണ് സോനം പറഞ്ഞ കഥ. കാണാതായ ദിവസം രാവിലെ സോനത്തെ മൂന്നു പുരുഷന്മാരോടൊപ്പം കണ്ടതായി ഷില്ലോങ്ങിലെ ഒരു ടൂറിസ്റ്റ് ഗൈഡ് പൊലീസിനെ അറിയിച്ചതാണു കേസില്‍ വഴിത്തിരിവായത്. വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

Back to top button
error: