ജമ്മു കശ്മീര്‍ പാകിസ്ഥാന്റേതാക്കി ഇസ്രയേല്‍; ട്വിറ്ററില്‍ പങ്കുവച്ച ചിത്രം വിവാദമായപ്പോള്‍ ക്ഷമാപണം; ഇറാന്റെ മിസൈല്‍ റേഞ്ച് ചൂണ്ടിക്കാട്ടിയ ചിത്രത്തില്‍ ഇന്ത്യയും ചൈനയും സുഡാനുംവരെ

ജമ്മു കശ്മീർ പാകിസ്ഥാന്‍റേതാണെന്ന് തെറ്റായി രേഖപ്പെടുത്തി പോസ്റ്റ് ചെയ്ത ഭൂപടത്തില്‍ ക്ഷമാപണം നടത്തി ഇസ്രയേൽ പ്രതിരോധ സേന. അതിർത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതിൽ തെറ്റുപറ്റി എന്നുകാണിച്ചാണ് ഇസ്രയേൽ തങ്ങളുടെ ക്ഷമാപണ പോസ്റ്റ് പങ്കുവച്ചത്. ഇന്ത്യ അടങ്ങുന്ന രാജ്യാന്ത ഭൂപടത്തില്‍ ജമ്മു കശ്മീർ പാകിസ്ഥാന്‍റേതാണെന്ന് തെറ്റായി രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യൻ ഉപയോക്താക്കളില്‍ നിന്ന് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. പിന്നാലെയാണ് ക്ഷമാപണം ഇസ്രായേലിന്‍റെ ക്ഷമാപണം.
Iran is a global threat.
Israel is not the end goal, it’s only the beginning. We had no other choice but to act. pic.twitter.com/PDEaaixA3c
— Israel Defense Forces (@IDF) June 13, 2025

‘ഇറാൻ ഒരു ആഗോള ഭീഷണിയാണ്. ഇസ്രായേൽ അവസാന ലക്ഷ്യമല്ല, അതൊരു തുടക്കം മാത്രമാണ്. പ്രതികരിക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ലായിരുന്നു’ എന്ന് കുറിച്ചായിരുന്നു ഇസ്രയേലിന്‍റെ പോസ്റ്റ്. ഇറാന്‍റെ മിസൈലുകളുടെ റേഞ്ച് എന്നെഴുതിയ ഭൂപടവും ഇസ്രയേല്‍ പങ്കുവച്ചിരുന്നു. യുക്രെയിന്‍, റൊമാനിയ, ബള്‍ഗേറിയ, ലിബിയ, സുഡാന്‍, എത്യോപ്യ, ചൈന, കസാക്കിസ്ഥാന്‍, റഷ്യ, തുര്‍ക്കി, ഈജിപ്ത്, ഇന്ത്യ, പാകിസ്ഥാന്‍, സൗദി അറേബ്യ, ഇസ്രയേല്‍, ജോര്‍ദാന്‍, ഒമാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളെല്ലാം ഈ മിസൈല്‍ റേഞ്ചില്‍ വരുമെന്നാണ് ഇസ്രയേല്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ രാജ്യാന്തര അതിര്‍ത്തികള്‍ രേഖപ്പെടുത്തുന്നതിനാലാണ് ഇസ്രയേലിന് അബദ്ധം പിണഞ്ഞത്.
പിന്നാലെ രോഷാകുലരായി നെറ്റിസണ്‍സെത്തി. പലരും തെറ്റ് ചൂണ്ടിക്കാണിക്കുകയും ഇസ്രയേൽ സൈന്യത്തോട് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ചിലർ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ടാഗ് ചെയ്തുകൊണ്ടു തന്നെ രോഷം പ്രകടിപ്പിച്ചു. പിന്നാലെയാണ് ഇസ്രയേൽ പ്രതിരോധ സേന ക്ഷമാപണവുമായി രംഗത്തെത്തിയത്. ‘ഈ പോസ്റ്റ് ഒരു പ്രദേശത്തിന്‍റെ ചിത്രീകരണമാണ്. ഈ ഭൂപടം അതിർത്തികളെ കൃത്യമായി ചിത്രീകരിക്കുന്നില്ല. ഉണ്ടായ തെറ്റിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു’ എന്നാണ് ഇസ്രയേല്‍ കുറിച്ചത്. ഏകദേശം 90 മിനിറ്റ് കഴിഞ്ഞായിരുന്നു ക്ഷമാപണമെങ്കിലും, പങ്കുവച്ച ചിത്രം ഇതുവരെ ഇസ്രയേല്‍ നീക്കം ചെയ്തിട്ടില്ല. അതേസമയം ഐ.ഡി.എഫിന്റെ തെറ്റായ ഭൂപടത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.