ചരിത്രം കുറിച്ച് സെനഗൽ; ഇംഗ്ലണ്ടിനെ തോൽപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ ടീം; ഒരു ഗോളിനു പിന്നില്‍നിന്ന ശേഷം ഗംഭീര തിരിച്ചുവരവ്

നോട്ടിങ്ഹാം: കരുത്തരായ ഇംഗ്ലണ്ടിനെ വീഴ്ത്തി ചരിത്രം കുറിച്ച് സെനഗൽ. സൗഹൃദ മത്സരത്തിൽ 3-1ന്റെ ജയത്തോടെ ഇംഗ്ലണ്ടിനെ തോൽപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന നേട്ടമാണ് സെനഗൽ സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ആഫ്രിക്കൻ വമ്പന്മാരുടെ തിരിച്ചുവരവ്.
CHEIKH SABALY MAKES IT THREE FOR SENEGAL !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
3-1 Senegal.pic.twitter.com/I1biDR5mbn
— Tekkers Foot (@tekkersfoot) June 10, 2025

പുതിയ പരിശീലകൻ തോമസ് തുഷേലിനു കീഴിൽ ഹാരി കെയ്‌ൻ, സാക്ക, റൈസ്, ജൂഡ് ബെല്ലിംഗ്ഹാം, കൈൽ വാക്കർ തുടങ്ങി സൂപ്പർ താരങ്ങൾ അണി നിരന്നിട്ടും സ്വന്തം തട്ടകത്തിൽ വമ്പൻ തോൽവിയാണ് ഇംഗ്ലണ്ട് വഴിങ്ങിയത്. കളിയുടെ ഏഴാം മിനിറ്റിൽ നായകൻ ഹാരി കെയ്‌ൻ ടീമിനായി ഗോൾ നേടി. എന്നാൽ ഉണർന്നു കളിച്ച സെനഗൽ ആദ്യ പകുതിയിൽ തന്നെ സമനില ഗോൾ മടക്കി. 40-ാം മിനിറ്റിൽ ഇസ്മായില സാർ ആണ് സെനഗലിനെ ഒപ്പമെത്തിച്ചത്.
രണ്ടാം പകുതിയിൽ 62-ാം മിനിറ്റിൽ ഹബീബ് ദിയാറ സെനഗലിനായി ലീഡ് നേടി. പകരക്കാരനായി കളത്തിലെത്തിയ ജൂഡ് ബെല്ലിംഗ്ഹാം 85-ാം മിനിറ്റിൽ ഇംഗ്ലണ്ടിനായി സമനില നേടിയെങ്കിലും വാർ പരിശോധനയിൽ ഗോൾ നിഷേധിച്ചു. സമനില ഗോളിനായി ഇംഗ്ലണ്ട് ശ്രമിക്കുന്നതിനിടയിൽ കളിയുടെ അവസാന നിമിഷമാണ് സെനഗൽ മൂന്നാം ഗോൾ നേടിയത്. 90+3-ാം മിനിറ്റിൽ ചെക്ക് സബാലിയാണ് വലകുലുക്കിയത്. മൂന്നാം ഗോൾ വഴങ്ങിയതോടെ ഇംഗ്ലണ്ട് പൂർണ്ണമായും തകർന്നു.
പന്തടക്കം ഇംഗ്ലണ്ടിനൊപ്പമാണെങ്കിലും സെനഗലിന്റെ മികച്ച മുന്നേറ്റങ്ങൾ ടീമിനെ കുഴക്കി. 11 തവണയാണ് സെനഗൽ ഇംഗ്ലണ്ട് പോസ്റ്റിനെ ലക്ഷ്യമാക്കി ഷോട്ടുതിർത്തത്. 61 ശതമാനം സമയം പന്ത് കൈവശം വെച്ചിട്ടും എട്ട് തവണ മാത്രമാണ് ഇംഗ്ലണ്ട് സെനഗലിനെ പരീക്ഷിച്ചത്.