
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് സൊമാറ്റോയുടെയും (zomato), സ്വിഗ്ഗി (swiggy) എന്നീ കമ്പനികളുടെ കുത്തകയാണ്. ചെറുകിട ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഓരോ നഗരങ്ങളിലും ഉണ്ടെങ്കിലും ഈ രംഗം നിയന്ത്രിക്കുന്നത് ഇരുകമ്പനികളുമാണ്. മത്സരത്തിലുണ്ടായിരുന്ന പല വന്‍കിട പ്ലാറ്റ്‌ഫോമുകളും പ്രവര്‍ത്തനം നിര്‍ത്തുകയോ ചുരുക്കുകയോ ചെയ്തതോടെ സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും കാര്യങ്ങള്‍ എളുപ്പമായി.
ഇരു കമ്പനികളും തുടര്‍ച്ചയായി വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത് സമീപകാലത്ത് വര്‍ധിച്ചിരുന്നു. റെസ്റ്റോറന്റുകളില്‍ നിന്ന് തോന്നിയപോലെ കമ്മീഷന്‍ പിടിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. ഈ കമ്പനികള്‍ക്കെതിരേ ഭക്ഷണം വിതരണം ചെയ്യുന്നവരുടെ സമരങ്ങളും അടുത്തിടെ നടന്നിരുന്നു.

ഇപ്പോഴിതാ ഓണ്‍ലൈന്‍ ബൈക്ക് ടാക്‌സി രംഗത്തെ മുന്‍നിര കമ്പനിയായ റാപ്പിഡോ (rapido) ഫുഡ് ഡെലിവറി രംഗത്ത് കടുത്ത മത്സരത്തിന് തയാറെടുക്കുന്നു. റെസ്റ്റോറന്റുകളില്‍ നിന്ന് വാങ്ങുന്ന കമ്മീഷന്‍ നേര്‍പകുതിയായും ഫിക്‌സഡ് ഡെലിവറി ഫീസ് ഉള്‍പ്പെടുത്തിയും മത്സരത്തിന് കോപ്പുകൂട്ടുകയാണ് റാപ്പിഡോ. ഫുഡ് വിതരണത്തിനുള്ള പൈലറ്റ് പ്രോജക്ട് ജൂണ്‍ അവസാനം അല്ലെങ്കില്‍ ജൂലൈ ആദ്യം തുടങ്ങുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും കടുപ്പമാകും
റെസ്‌റ്റോറന്റുകളില്‍ നിന്ന് 16 മുതല്‍ 30 ശതമാനം വരെ കമ്മീഷനാണ് സ്വിഗ്ഗിയും സൊമാറ്റോയും വാങ്ങുന്നത്. ഇതിനെതിരേ റെസ്‌റ്റോറന്റ്, ഹോട്ടല്‍ മേഖലയില്‍ ശക്തമായ പ്രതിഷേധമുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണം കൂടിയില്ലെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവില്‍ മറിച്ചൊന്നും പറയാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഈ രംഗത്തുള്ളവര്‍.
വലിയ കമ്മീഷന്‍ നല്‌കേണ്ടതിനൊപ്പം ആപ്പില്‍ പണംനല്കി പരസ്യം നല്കാന്‍ സ്വിഗ്ഗിയും സൊമാറ്റോയും നിര്‍ബന്ധിക്കുന്നതായി ഹോട്ടലുടമകള്‍ ആരോപിച്ചിരുന്നു. റാപ്പിഡോ കുറഞ്ഞ നിരക്കുമായി വരുന്നത് ഇരുകമ്പനികള്‍ക്കും സമ്മര്‍ദമേറ്റുമെന്നാണ് കരുതുന്നത്.
ആദ്യ ഘട്ടത്തില്‍ ഫിക്‌സഡ് ഡെലിവറി ചാര്‍ജ് ഏര്‍പ്പെടുത്താനാണ് റാപ്പിഡോയുടെ തീരുമാനം. 400 രൂപ വരെയുള്ള ഓര്‍ഡറുകള്‍ക്ക് 25 രൂപയും അതിനു മുകളിലേക്ക് 50 രൂപയുമായിരിക്കും റാപ്പിഡോയുടെ ഡെലിവറി ചാര്‍ജ്.
ഓരോ സമയത്തും വ്യത്യസ്ത ചാര്‍ജ് ഈടാക്കുന്ന സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വേറിട്ട മാര്‍ക്കറ്റിംഗ് തന്ത്രവുമായെത്തുന്ന റാപ്പിഡോയുടെ രീതി തിരിച്ചടി നല്കിയേക്കും. മാര്‍ക്കറ്റിലെ ആധിപത്യം നഷ്ടമാകാതിരിക്കാന്‍ ഈ കമ്പനികളും ഓഫറുകളുമായി രംഗത്തെത്തിയാല്‍ ഉപയോക്താക്കള്‍ക്കാകും നേട്ടം.