Breaking NewsBusinessIndiaLead NewsNEWSTRENDING

ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ നാലുമടങ്ങ് വലുപ്പം; വിഴിഞ്ഞത്തേക്ക് മെരുക്കി അടുപ്പിച്ചത് മലയാളി; എം.എസ്.സി. ഐറീന തീരമണഞ്ഞു; അള്‍ട്രാ ലാര്‍ജ് വെസലുകളിലും ശേഷി തെളിയിച്ച് കേരളത്തിന്റെ തുറമുഖം

ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എം.എസ്.സി ഐറീന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി. സൗത്തേഷ്യന്‍ തുറമുഖങ്ങളില്‍ എത്തിയതില്‍ വെച്ചേറ്റവും വലിയ കപ്പലാണിത്. അള്‍ട്രാ ലാര്‍ജ് വെസലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷിയാണ് ഇതിലൂടെ വിളിച്ചോതുന്നതെന്ന് തുറമുഖ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ കപ്പല്‍ ഭീമന്മാരായ എം.എസ്.സി തുര്‍ക്കിയ, എം.എസ്.സി മിഷേല്‍ കപ്പലേനി എന്നിവയും വിഴിഞ്ഞം തുറമുഖത്ത് എത്തിയിരുന്നു.

കണ്ടെയ്‌നറുകള്‍ വഹിക്കാനുള്ള ശേഷിയില്‍ നിലവില്‍ ലോകത്തിലേറ്റവും വലുതെന്ന ബഹുമതി ഐറീനക്ക് സ്വന്തമാണ്. 24,346 ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്ക്വലന്റ്) കണ്ടെയ്‌നര്‍ വഹിക്കാന്‍ ശേഷിയുണ്ട്. 399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയുമുണ്ട്. സാധാരണ ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ നാല് മടങ്ങ് വലിപ്പമാണ് ഐറീനക്ക്. ഏഷ്യക്കും യൂറോപ്പിനും ഇടയില്‍ വലിയ തോതിലുള്ള ചരക്കുനീക്കം സാധ്യമാക്കുകയാണ് ഐറീനയുടെ ദൗത്യം. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ (എം.എസ്.സി) പ്രധാന ട്രേഡ് റൂട്ടുകളിലാണ് സര്‍വീസ് നടത്തുന്നത്.

Signature-ad

പുറംകടലില്‍ കാത്തിരുന്ന കപ്പല്‍ ഇന്ന് രാവിലെ എട്ടോടെയാണ് തീരമടുത്തത്. വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് കപ്പല്‍ ഭീമനെ തുറമുഖ അധികൃതര്‍ സ്വീകരിച്ചത്. രണ്ട് ദിവസം തുറമുഖത്തുണ്ടാകുമെന്നാണ് വിവരം. വിഴിഞ്ഞത്ത് എത്തുന്ന 349ാമത്തെ കപ്പലാണ് ഐറീന. ഇതുവരെ 7.33 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തത്.

നയിച്ചത് മലയാളി

തീരമടുത്ത കപ്പല്‍ ഭീമനെ നിയന്ത്രിച്ചത് മലയാളിയായ ക്യാപ്ടനാണെന്നതും പ്രത്യേകതയാണ്. തൃശൂര്‍ സ്വദേശി ക്യാപ്ടന്‍ വില്ലി ആന്റണിയാണ് കപ്പലിനെ നിയന്ത്രിക്കുന്നത്. 29 വര്‍ഷമായി മറൈന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം 19 വര്‍ഷത്തോളമായി എം.എസ്.സിയിലാണ് ജോലി ചെയ്യുന്നത്. വിഴിഞ്ഞം തുറമുഖത്ത് തീരസംരക്ഷണ സേനയുടെ പുതിയ ബെര്‍ത്തും പ്രവര്‍ത്തനം തുടങ്ങി. തീരസുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്ന ബെര്‍ത്തിന്റെ ഉദ്ഘാടനം ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ പരമേഷ് ശിവമണി നിര്‍വഹിച്ചു. തീരനിരീക്ഷണം, രക്ഷാപ്രവര്‍ത്തനം, തെരച്ചില്‍, കള്ളക്കടത്ത് തടയല്‍ എന്നിവ സുഗമമാക്കാനാണ് പുതിയ ബെര്‍ത്ത്. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകള്‍ അതിവേഗത്തില്‍ അടുപ്പിക്കാവുന്ന തരത്തില്‍ 76.7 മീറ്റര്‍ നീളത്തിലാണ് ബെര്‍ത്ത് ഒരുക്കിയിരിക്കുന്നത്.

Back to top button
error: