ഡല്‍ഹിയില്‍ സ്യൂട്ട്‌കേസിനുള്ളില്‍ ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി; ലൈംഗികാതിക്രമമെന്ന് പൊലീസ്; ഫ്‌ളാറ്റിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്നപ്പോള്‍ സ്യൂട്ട്‌കേസില്‍ മകളുടെ മൃതദേഹം; നെഞ്ചുപൊട്ടി പിതാവ്

ന്യൂഡൽഹി: ഡൽഹിയിലെ നെഹ്‌റു വിഹാർ പ്രദേശത്ത് 9 വയസ്സുള്ള പെൺകുട്ടിയെ സ്യൂട്ട്‌കേസിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രാഥമിക മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമമാണെന്ന് പൊലീസ് സംശയിക്കുന്നു. ശനിയാഴ്ച രാത്രി പെൺകുട്ടി ഒരു ബന്ധുവിനെ കാണാൻ പോയിരുന്നു എന്നാണ് വിവരം. പെൺകുട്ടി സ്വന്തം വീട്ടിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയുള്ള ഒരു വീട്ടിലേക്ക് പോകുന്നത് കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ രണ്ടാം നിലയിലെ ഒരു ഫ്ലാറ്റിൽ സ്യൂട്ട്കേസിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വാതിൽ പുറത്തുനിന്ന് പൂട്ടിയിരുന്നതായി എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.
‘എന്റെ മകൾ അടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ അടുത്തേക്ക് പോയതായിരുന്നു. കുറച്ചു കഴിഞ്ഞിട്ടും അവൾ വീട്ടിൽ വരാതിരുന്നപ്പോൾ ഞങ്ങൾ ബന്ധുക്കളെ വിളിച്ചന്വേഷച്ചപ്പോൾ അവൾ അവിടെ എത്തിയിട്ടില്ലെന്ന് മനസ്സിലായി. തിരച്ചിലിനിടെ അവൾ അടുത്തുള്ള ഒരു ഫ്ലാറ്റിലേക്ക് പോയിട്ടുണ്ടെന്ന് ഒരാൾ എന്നോട് പറഞ്ഞു. ഫ്ലാറ്റ് പൂട്ടിയിരിക്കുകയാണെന്നും താക്കോൽ സഹോദരന്റെ കൈവശമുണ്ടെന്നും കെട്ടിട ഉടമ പറഞ്ഞു. പരിശോധിക്കാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഞങ്ങൾ അകത്തേക്ക് പോയപ്പോൾ ഉടമ ഓടിപ്പോയി.’ ഐഎഎൻഎസിനോട് സംസാരിച്ച പിതാവ് പറഞ്ഞു. ‘ഞാൻ പൂട്ട് പൊളിച്ച് അകത്ത് കയറിയപ്പോൾ, എന്റെ കുട്ടിയെ സ്യൂട്ട്കേസിൽ കണ്ടെത്തി.’ പിതാവ് കൂട്ടിച്ചേർത്തു.

പൊലീസ് പറയുന്നതനുസരിച്ച് പിതാവ് ഉടൻ തന്നെ പെൺകുട്ടിയെ ജെപിസി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുട്ടി ‘മരിച്ചതായി’ ഡോക്ടർമാർ സ്ഥിരീകരിച്ചു. ‘ഇന്ന് (07.06.25) രാത്രി ഏകദേശം 8:41ന് നെഹ്‌റു വിഹാറിലെ ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി ദയാൽപൂർ പിഎസിൽ ഒരു കോൾ ലഭിച്ചു. നെഹ്‌റു വിഹാറിലെ ഗാലി നമ്പർ 2ലെ സ്ഥലത്തെത്തിയ ദയാൽപൂർ പൊലീസ് സംഘം അബോധാവസ്ഥയിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അവളുടെ പിതാവ് ജെപിസി ആശുപത്രിയിലേക്ക് കൊണ്ടുപോയതായി കണ്ടെത്തി. അവിടെ വച്ച് അവൾ മരിച്ചതായി സ്ഥിരീകരിച്ചു.’ പൊലീസ് പ്രസ്താവനയിൽ പറയുന്നു.
പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർമാർ മുഖത്ത് പരിക്കുകളും ലൈംഗികാതിക്രമവും കണ്ടെത്തിയാതായി പൊലീസ് പ്രസ്താവനയിൽ പറയുന്നു. ക്രൈം, എഫ്എസ്എൽ ടീമുകൾ നിലവിൽ സ്ഥലത്ത് പരിശോധന നടത്തുകയാണ്. പ്രതിയെ തിരിച്ചറിയാൻ അടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഭാരതീയ ന്യായ സംഹിതയിലെ 103(1)/66/13(2) വകുപ്പുകൾ പ്രകാരവും, പോക്സോ നിയമം 6 പ്രകാരവും ദയാൽപൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.