നാടകത്തില്‍നിന്ന് തുടക്കം; ടെക്‌സ്‌റ്റൈല്‍ കമ്പനിയുടെ പരസ്യ ചിത്രത്തിലൂടെ പ്രചാരണം; ഹൈന്ദവ ദേവിയായി ചിത്രീകരിച്ചത് അബനീന്ദ്രനാഥ ടാഗോര്‍; സിഹവും കാവിക്കൊടിയും വിശ്വഹിന്ദു പരിഷത്തിന്റെ സൃഷ്ടി; പ്രചാരം നല്‍കിയവരില്‍ ഇന്ദിര ഗാന്ധിയും കോണ്‍ഗ്രസും; ഭാരതാംബയുടെ പരിണാമം ഒന്നരനൂറ്റാണ്ടില്‍ ഇങ്ങനെ

തിരുവനന്തപുരം: രാജ്ഭവനില്‍ ഭാരത് മാതയുടെ ചിത്രത്തിന്റെ പേരില്‍ വിവാദങ്ങള്‍ കൊഴുക്കുകയാണ്. കാവിക്കൊടി പിടിച്ച സിംഹത്തിന്റെ മുന്നില്‍നില്‍ക്കുന്ന യുവതിയുടെ ചിത്രം ഭാരതാംബയാണെന്നും പൂജിക്കണമെന്നും ഗവര്‍ണര്‍ അര്‍ലേക്കര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. ഓരോ വിവാദവും അതു സംബന്ധിച്ച ചരിത്രത്തെക്കൂടി തോണ്ടി പുറത്തിടുമെന്നതാണു മറ്റൊരു വസ്തുത. ഇന്നുകാണുന്ന രീതിയിലേക്കു ഭാരതാംബയുടെ പരിണാണം വാസ്തവത്തില്‍ പരസ്യചിത്രത്തില്‍നിന്ന് വന്നതാണെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും? ഇന്ത്യ സര്‍ക്കാര്‍ ഭാരതാംബയെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കൃഷിമന്ത്രി പി. പ്രസാദിന്റെ ചോദ്യങ്ങളും കുറിക്കു കൊള്ളുന്നത്. കേരളം ഉപതെരഞ്ഞെടുപ്പിന്റെ ചൂടില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു വിവാദമായും ഇതു വഴിമാറുന്നുണ്ട്.
ഠ ഭാരതാംബയുടെ ചരിത്രം
1930-ല്‍ ബോംബെ സ്വദേശി ലീഗുമായി ബന്ധം ഉള്ള ഒരു കൊമേഷ്യന്‍ ടെക്‌സ്‌റ്റൈല്‍ പരസ്യ ചിത്രത്തില്‍നിന്ന് ഭാരതാംബയെന്ന ആശയത്തിന്റെ തുടക്കമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. രവീന്ദ്രനാഥ് ടാഗോറിന്റെ അനന്തിരവനും ചിത്രകാരനുമായ അബനീന്ദ്രനാഥ ടാഗോര്‍ 1902-ല്‍ വരച്ച ഭാരതമാത എന്ന ചിത്രത്തിന്റെ ആദ്യ പരിണാമം സംഭവിക്കുന്നത് ഈ പരസ്യ ചിത്രത്തിലൂടെയാണ്. ഈ പരസ്യത്തെയാണ് അന്നും ഇന്നും മഹത്വവത്ക്കരിച്ച് ഭാരതാബയായി കൊണ്ടാടുന്നത്.

1905 മുതല്‍ സ്വദേശി പ്രസ്ഥാനങ്ങള്‍ ശക്തമായി വളര്‍ന്നു. കോണ്‍ഗ്രസിന്റേയും, ഗാന്ധിയുടേയും നേതൃത്വത്തില്‍ അത് കരുത്താര്‍ജിച്ചു. ഇന്ത്യയില്‍ ധാരാളം സ്വദേശി ഉത്പന്നങ്ങള്‍ ഇറങ്ങി ബ്രിട്ടീഷ് വസ്തുക്കള്‍ ബഹിഷ്‌കരിച്ച് സ്വദേശി ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുക എന്നതായിരുന്നു ലക്ഷ്യം. പ്രധാനമായി തുടങ്ങിയ കമ്പനികള്‍ സ്വദേശി ടെക്‌സ്റ്റെലുകള്‍ ആയിരുന്നു.
അതിലെ ഒരു പ്രധാന കമ്പനി ആയിരുന്നു ബോംബെ സ്വദേശി ലീഗ്, ലാലാ ലജ്പത് റായ്, ബാലഗംഗാധര്‍ തിലക്, ബിപിന്‍ ചന്ദ്ര പാല്‍ എന്നീ കോണ്‍ഗ്രസ് നേതാക്കളായിരുന്നു അതിന് നേതൃത്വം നല്‍കിയത്. 1930-ല്‍ അതിലൊരു ടെക്സ്റ്റയില്‍ കൊമേഷ്യലായി ചെയ്ത പരസ്യമാണ് പിന്നീട് ഇന്ന് പ്രചരിക്കുന്ന ഭാരതമാതാവിന്റെ പരിണാമ ദശയിലെ ആദ്യ ചിത്രം. ഭാരത മാതാവ് എന്ന ദേശീയ മിത്തിന്റെ ചരിത്രം നോക്കിയാല്‍ -ഒരു നൂറ്റാണ്ടിനപ്പുറം അതായത് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യ സമരം മൂര്‍ദ്ധന്യത്തിലെത്തി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈചിത്രം ജന്മമെടുക്കുന്നതും വ്യാപകമാകുന്നതും, ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമായി ചിലകോണുകളില്‍ നിന്നു ചിത്രം അടിച്ചേല്‍പ്പിക്കപ്പെടുന്നതും.
വാസ്തവത്തില്‍ കിരണ്‍ ചന്ദ്രബന്ദോപാധ്യായ് സംവിധാനം ചെയ്ത ഭാരതമാത എന്ന നാടകത്തോടെയാണ് ഭാരതമാതാ രംഗത്തുവരുന്നത്. 1873ലാണ് ഈ നാടകം അരങ്ങേറിയത്. സമാന്തരമായി ബങ്കിം ചന്ദ്രചാറ്റര്‍ജി 1882ല്‍ എഴുതി പ്രസിദ്ധീകരിച്ച ആനന്ദമഠം എന്ന നോവലിലെ ഇതിവൃത്തം ഈ കഥാപാത്രത്തെ ഒരുവിഭാഗത്തിന്നിടയില്‍ കൂടുതല്‍ ജനകീയമാക്കി.
പിന്നീട് അബനീന്ദ്രനാഥ ടാഗോര്‍ ആണ് ഈ കഥാപാത്രത്തെ ഹൈന്ദവദേവിയായി ചിത്രീകരിക്കുന്നത്. (അതും, പേര്‍ഷ്യന്‍ ദേവതയായ ഹരഹ്വതിയുടെ റഫറന്‍സ് ആണ്. ഈ ഹരഹ്വതി രൂപം മാറിയതാണ് സാക്ഷാല്‍ സരസ്വതി). നാലു കൈകളും കാവി നിറമുള്ള സാരിയുമാണ് ഈ കഥാപാത്രത്തിനു ചിത്രകാരന്‍ നല്‍കിയത്. ഭാരത് മാതാ എന്ന ചിത്രം ഹൈന്ദവ മതത്തിന്റെ ചട്ടക്കൂടിന്റെ അകത്തേക്ക് കടക്കുന്നതും മതാചാരം ആകുന്നതും ഏതാണ്ട് ഈ കാലയളവ് മുതലാണ്. 1936ല്‍ ബനാറസില്‍ ശിവപ്രസാദ് ഗുപ്ത ഭാരത് മാതാവിന് വേണ്ടി ഒരു ക്ഷേത്രം പണിതു. ആ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് മഹാത്മാ ഗാന്ധിയായിരുന്നു.
അതെ സമയം, ഇന്നു വ്യാപകമായി ഉപയോഗിക്കുന്ന നിലക്കുള്ള സിംഹം യുവതിയുടെ വശത്ത് നില്‍ക്കുന്ന ഭാരത് മാതാചിത്രം വാസ്തവത്തില്‍ സംഘപരിവാര സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റേതാണ്. സിംഹത്തിനു മുന്നില്‍ യുവതി നില്‍ക്കുന്ന ചിത്രമുള്ള ഭാരതമാത ക്ഷേത്രം 1983 മെയ് മാസത്തിലാണ് സ്വാമി സത്യമിത്രാനന്ദ് ഗിരിയുടെ കാര്‍മ്മികത്വത്തില്‍ വിശ്വഹിന്ദുപരിഷത്ത് ഹരിദ്വാറില്‍ പണികഴിപ്പിക്കുന്നത്. പതിവു പോലെ ഈ ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള നിയോഗം അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്കായിരുന്നു. ഭാരത് മാതാ പ്രതിമ കാവി (കേസരി) നിറത്തിലുള്ള സാരിയിലുള്ള യുവതിയുടെ രൂപത്തില്‍, ദേശീയ പതാകയോടൊപ്പം ഉള്ളതായിരുന്നു. ക്ഷേത്രത്തിന്റെ കൂടെ ആറ് നിലകളില്‍ വിവിധ രീതികളില്‍ ഉള്ള ഇന്ത്യയുടെ പുരാതനതയും ചരിത്രചിന്തകളും ചിത്രീകരിച്ചിരിക്കുന്നു മഹാത്മാഗാന്ധി മുതല്‍ ഭാരതീയ തത്വചിന്തകര്‍ വരെയുണ്ട്.
ഈ കഥാപാത്രത്തിനു സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പുള്ള ഹൈന്ദവ വേദങ്ങളിലൂടെ കൃത്രിമമായി ആധികാരികത നല്‍കുവാനും ഇതിന്റെ പ്രയോക്താക്കള്‍ ശ്രമിക്കുകയുണ്ടായി. ഉദാഹരണത്തിനു സംഘപരിവാര മലയാള സൈറ്റുകളില്‍ വ്യാപകമായി ഉദ്ധരിക്കുന്ന ‘രത്നാകരാം ധൗതപദാം ഹിമാലയ കിരീടിനീ’ എന്ന ശ്ലോകം. ഈ ശ്ലോകം ഏതു കൃതിയില്‍ നിന്നാണെന്നത് അവിടെ വ്യക്തമാക്കുന്നില്ല. സമാനമാണ് ‘ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസി’ (മാതാവും ജന്മഭൂമിയും സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമാണ്) എന്ന വാല്‍മീകീ രാമായണത്തിലേതെന്നു പറയപ്പെടുന്ന ശ്ലോകം.
ഒരു നോവല്‍ കഥാപാത്രത്തിനു രാഷ്ട്രീയ ലക്ഷ്യത്തോടെ കോണ്‍ഗ്രസും സംഘപരിവാരവും ദേശീയവും മതപരവുമായ പരിപ്രേക്ഷ്യം നല്‍കി ഇന്ത്യന്‍ ജനതക്കുമേല്‍ അടിച്ചേല്‍പ്പിച്ചതില്‍ തുല്യ പങ്ക് വഹിച്ചിട്ടുണ്ട്. ആദ്യ ചിത്രം പരിണമിക്കാന്‍ ആദ്യ കാരണക്കാര്‍ സംഘപരിവാറും അല്ല. സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി വന്ന കേവലം ഒരു പരസ്യ ചിത്രമാണ് ആദ്യ ചിത്രത്തെ മറന്ന് എല്ലാവരേയും കൊണ്ട് ഏറ്റെടുപ്പിച്ചത്.