Breaking NewsNEWSWorld

ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ കേസ് ഫയലിൽ ട്രംപിന്റെ പേരും, എക്സിലിട്ട ബി​ഗ് ബോംബ് ഡിലീറ്റ് ചെയ്ത് മസ്ക്, പിൻവലിച്ചതു ട്രംപുമായുള്ള സന്ധി സംഭാഷണത്തെ തുടർന്ന്?

വാഷിങ്ടൻ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന പോസ്റ്റുമായി ഇലോൺ മസ്‌ക്. എക്സിൽ ഇട്ട പോസ്റ്റിലാണ് മസ്ക് വിവാദ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ പിന്നീട് മസ്ക് തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

ഇരുവരും തമ്മിലുള്ള വാക്പോര് സമൂഹമാധ്യമങ്ങളിൽ തുടരുന്നതിനിടെയാണ് എപ്സ്റ്റീൻ ഫയലിൽ ട്രംപിന്റെ പേരും ഉണ്ടെന്ന കാര്യം മസ്ക് എക്സിൽ പോസ്റ്റ് ചെയ്തത്. ഇതു വിവാദമായതോടെ മസ്ക് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. എന്നാൽ ട്രംപുമായുള്ള സന്ധിസംഭാഷണത്തിന്റെ ഭാഗമായാണ് മസ്ക് തന്റെ പോസ്റ്റ് പിൻവലിച്ചതെന്നും സൂചനയുണ്ട്.

Signature-ad

എപ്സ്റ്റീന്റെ ബാലപീഡന പരമ്പരയിൽ ട്രംപിനും പങ്കുണ്ട് എന്നായിരുന്നു മസ്‌ക് വ്യാഴാഴ്ച എക്‌സിൽ കുറിച്ചത്. ആ കേസിന്റെ റിപ്പോർട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നതും പുറത്ത് വിടാത്തതും അതുകൊണ്ടാണെന്നും മസ്‌ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. ‘ബിഗ് ബോംബ്’ എന്ന് വിശേഷിപ്പിച്ചാണ് മസ്‌ക് ഈ പോസ്റ്റ് എക്സിൽ പങ്കുവെച്ചത്.

പോസ്റ്റ് ഇങ്ങനെ- ‘‘ശരിക്കും വലിയ ബോംബ് ഇടാനുള്ള സമയമായി. എപ്സ്റ്റീൻ ഫയലുകളിൽ ഡോണൾഡ് ട്രംപിന്റെ പേരും ഉണ്ട്’. കഴിഞ്ഞ മാസമാണ് ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്ക് ട്രംപ് സർക്കാരിന്റെ ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിൽ നിന്ന് (ഡോജ്) രാജിവച്ചത്. ട്രംപ് അവതരിപ്പിച്ച ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ലി’ൽ ഉടക്കിയാണ് മസ്ക് ഡോജ് വിട്ടത്. കോടതി രേഖകൾ, സാക്ഷ്യപത്രങ്ങൾ, ലൈംഗിക കടത്തുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയുടെ ഒരു ശേഖരമാണ് എപ്സ്റ്റീൻ ഫയലുകൾ. എപ്സ്റ്റീൻ ഫയലുകളിലെ നിരവധി പ്രമുഖരുടെ പേരുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും, ചില പേരുകൾ കോടതി ഉത്തരവിട്ടത് കാരണം തടഞ്ഞുവച്ചിരിക്കയാണ്.

അതേസമയം ട്രംപിനെതിരേ മസ്‌ക് രംഗത്ത് വന്നതോടെ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയടക്കം ഈ വിഷയം ഏറ്റെടുത്തിരുന്നു. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയും വിഷയത്തിൽ അന്വേഷണം വേണമെന്ന് എഫ്ബിഐയോടും നീതിന്യായ വകുപ്പിനോടും ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്. അതേസമയം, ഗിസ്ലെയ്ൻ മാക്‌സ്‌വെല്ലുമൊത്തുള്ള ഇലോൺ മസ്‌കിന്റെ 2014 ലെ ഫോട്ടോ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. എപ്‌സ്റ്റീന്റെ ദീർഘകാല കൂട്ടാളിയും മുൻ കാമുകിയുമായ ഗിസ്ലെയ്ൻ മാക്‌സ്‌വെൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തിയ കുറ്റത്തിന് 2021 ൽ ശിക്ഷിക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: