അനുഷ്‌ക കടന്നുപോയ സാഹചര്യങ്ങള്‍ പറഞ്ഞറിയിക്കാനാകില്ല; കിരീടം അവള്‍ക്കും പ്രിയപ്പെട്ടത്; ആര്‍സിബിക്കുവേണ്ടി ഞാന്‍ നല്‍കിയത് യൗവനം; ഭാര്യയെയും ഡിവില്ലിയേഴ്‌സിനെയും ചേര്‍ത്തു പിടിച്ച് വികാരഭരിതനായി വിരാട് കോലി; ‘പിടിച്ചു നില്‍ക്കാന്‍ സഹായിച്ചത് അവളുടെ ത്യാഗം’

ബംഗളുരു: പതിനെട്ടു ഐപിഎല്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കിരീടം കൂട്ടുകാരി അനുഷ്‌കയ്ക്ക് സമര്‍പ്പിച്ച് വിരാട് കോലി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പഞ്ചാബ് കിങ്‌സിനെതിരായ അവസാന പന്തില്‍ കണ്ണീരടക്കാനാവാതെ ഗ്രൗണ്ടില്‍ മുട്ടുകുത്തി ചുംബിച്ചു താരം. അനുഷ്‌ക ശര്‍മയെ ചേര്‍ത്തുപിടിച്ച് ആഹ്ലാദം പ്രകടിപ്പിച്ച കോലി ഈ കപ്പ് തനിക്കെന്ന പോലെ അനുഷ്‌കയ്ക്കും ഏറെ പ്രിയപ്പെട്ടതാണെന്ന് പറഞ്ഞു.
അനുഷ്‌കയുടെ 11 വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് കിരീടമെന്നായിരുന്നു കോലിയുടെ പ്രതികരണം. ‘കഴിഞ്ഞ 11 വര്‍ഷമായി അനുഷ്‌ക കളി കാണാന്‍ എത്തും. പലപ്പോഴും ഞങ്ങള്‍ തോറ്റ് മടങ്ങുന്നത് കണ്ട് തിരിച്ചു പോകും. അവരുടെ ത്യാഗം, സമര്‍പ്പണം, എല്ലാ അവസ്ഥയിലും ഒപ്പം നില്‍ക്കുന്നത് ഇതൊന്നും പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതല്ല. പ്രത്യേകിച്ചും പ്രഫഷനല്‍ താരമാകുമ്പോള്‍ നമ്മള്‍ കടന്നുപോകുന്ന മാനസികാവസ്ഥ അവര്‍ക്ക് നന്നായി മനസിലാക്കാനും കഴിയും. അനുഷ്‌ക അതിവൈകാരികമായ നിമിഷങ്ങളിലൂടെ പലപ്പോഴും കടന്നുപോയിട്ടുണ്ട്. എന്റെ പ്രകടനം, താഴ്ചകള്‍ എല്ലാം. അവളും ബെംഗളൂരുക്കാരി കൂടിയാണ്. കിരീടം അനുഷ്‌കയ്ക്കും അഭിമാന നിമിഷമാണ്’- കോലി കൂട്ടിച്ചേര്‍ത്തു.

കിരീടം നേടിയതിന് പിന്നാലെ വികാരനിര്‍ഭരമായാണ് കോലി പ്രതികരിച്ചത്. ‘ബെംഗളൂരുവിനായി ഞാന്‍ എന്റെ യൗവ്വനവും ഏറ്റവും മികച്ച സമയവും എല്ലാം നല്‍കി. ഓരോ സീസണിലും ജയിക്കാന്‍ പരിശ്രമിച്ചു. സാധ്യമായതെല്ലാം നല്‍കി. ഇത്ര വികാരഭരിതമാകും ഈ ദിനമെന്ന് കരുതിയിട്ടേയില്ല വാക്കുകള്‍ മുറിഞ്ഞ് കോലി പറഞ്ഞു. ദീര്‍ഘകാലം ബെംഗളൂരുവില്‍ ഒപ്പമുണ്ടായിരുന്ന എ.ബി. ഡിവില്ലിയേഴ്‌സിനെ ചേര്‍ത്തുപിടിക്കാനും കോലി മറന്നില്ല. എബിഡി ഈ ടീമിന് വേണ്ടി ചെയ്തത് വിലമതിക്കാനാവാത്തതാണ്. ഞങ്ങളുടേതെന്ന പോലെ ഇത് എ.ബി.ഡിയുടെയും കപ്പാണ് കോലി കൂട്ടിച്ചേര്‍ത്തു.
മൂന്ന് തവണയാണ് ഈ പതിനെട്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ കോലി ഐപിഎല്‍ ഫൈനല്‍ കളിച്ചത്.പക്ഷേ കാത്തിരുന്ന ആ നിമിഷമെത്തിയത് കോലിയുടെ 36ാം വയസില്‍ അഹമ്മബാദിലായിരുന്നു. ഇരുപതുകാരന്റെ ആവേശത്തോടെയാണ് കോലി തന്റെ കിരീടനേട്ടം ആഘോഷിച്ചതും.