Breaking NewsMovie

സ്റ്റൈലിഷ് വില്ലൻ റോളിൽ നിവിൻ പോളി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ; ‘ബെൻസ്’ ക്യാരക്ടർ വീഡിയോ പുറത്ത്

കൈതിയിലൂടെ സംവിധായകൻ ലോകേഷ് കനകരാജ് തുടക്കം കുറിച്ച സിനിമാറ്റിക് യൂണിവേഴ്‌സായ എൽ സി യുവിലെ അടുത്ത ചിത്രമായ ബെൻസിൽ മലയാളത്തിന്റെ പ്രിയ താരം നിവിൻ പോളിയും. താരം ചിത്രത്തിന്റെ ഭാഗമാകുന്ന വിവരം കഴിഞ്ഞ ദിവസമാണ് നിർമ്മാതാക്കൾ പുറത്ത് വിട്ടത്. ഇപ്പോഴിതാ ചിത്രത്തിലെ നിവിൻ പോളിയുടെ കഥാപാത്രത്തെയും ഒരു വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് ബെൻസിന്റെ അണിയറ പ്രവർത്തകർ. വാൾട്ടർ എന്ന് പേരുള്ള ഒരു സ്റ്റൈലിഷ് വില്ലൻ റോളിലാണ് നിവിൻ പോളി ഈ ചിത്രത്തിലഭിനയിക്കുന്നത്. ശരീരം മുഴുവൻ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞു, സ്വർണ്ണ പല്ലും വെച്ച ഉഗ്ര രൂപത്തിലാണ് നിവിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് കാരക്ടർ വീഡിയോ കാണിച്ചു തരുന്നു. ഈ വില്ലൻ വേഷം നിവിന്റെ കരിയറിലെ വമ്പൻ വഴുതിരിവായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രാഘവ ലോറൻസ് നായകനായി എത്തുന്ന ‘ബെൻസ്’ എന്ന ചിത്രം, റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഭാഗ്യരാജ് കണ്ണനാണ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നത്. ലോകേഷ് കനകരാജ് നിർമ്മാണ പങ്കാളിയായ ചിത്രത്തിന്റെ കഥ രചിച്ചതും ലോകേഷ് തന്നെയാണ്. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗൗതം രാമചന്ദ്രൻ ഒരുക്കിയ റിച്ചി, റാം ഒരുക്കിയ യേഴു കടൽ യേഴു മലൈ എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ബെൻസ്.

Signature-ad

ചിത്രത്തിന് സംഗീതമൊരുക്കുന്നത് മ്യൂസിക് സെൻസേഷനായ സായ് അഭ്യങ്കർ ആണ്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ബെൻസിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഗൗതം ജോർജ്, എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് എന്നിവരാണ്. കൈതി, വിക്രം, ലിയോ എന്നിവയുൾപ്പെടുന്ന ലോകേഷ് സിനിമാറ്റിക് യുണിവേഴ്സിലാണ് ബെൻസ് ഉണ്ടാവുക. കൈതി 2 , വിക്രം 2 , സ്റ്റാൻറ് എലോൺ ചിത്രമായ റോളക്സ് എന്നിവയായിരിക്കും ഇനി എൽസിയുവിലുണ്ടാവുക എന്നും ലോകേഷ് വെളിപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: