NEWSWorld

നഗ്രോട്ട ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍; ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാന് തുടരാഘാതങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യ വിരുദ്ധ പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ജയ്ഷെ മുഹമ്മദിന്റെ കമാന്‍ഡറെ പാക്കിസ്ഥാനിലെ പഞ്ചാബില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അബ്ദുള്‍ അസീസ് ഇസാറാണ് മരിച്ചത്. ഇസാറിന്റെ സഹായിയാണ് പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് സൂചന. എന്നാല്‍, ജെയ്‌ഷെ മുഹമ്മദ്, ഇസാറിന്റെ വെടിയേറ്റുള്ള മരണം തള്ളിക്കളഞ്ഞു. മരണ കാരണം വ്യക്തമാക്കിയിട്ടുമില്ല. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാന് തുടര്‍ച്ചയായി ആഘാതങ്ങള്‍ ഏല്‍ക്കുകയാണ്. മോദി സര്‍ക്കാരിന് എതിരെ നിരന്തരം ഭീഷണി മുഴക്കി തീവ്ര പ്രസംഗങ്ങള്‍ നടത്തിയിരുന്ന ഭീകരനാണ് ഇല്ലാതായത്.

Signature-ad

പഞ്ചാബ് പ്രവിശ്യയിലെ ഭക്കര്‍ ജില്ലയില്‍ കല്ലൂര്‍ കോട്ടില്‍ അഷ്റഫ്വാല സ്വദേശിയായിരുന്നു മൗലാന അബ്ദുള്‍ അസീസ് ഇസാര്‍. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍, ഇത് സ്ഥിരീകരിച്ചിട്ടില്ല. ബഹവല്‍പൂരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനത്തെ മര്‍ക്കസില്‍ സംസ്‌കാരം നടക്കും.

അബ്ദുള്‍ അസീസ് ഇസാര്‍ ഇന്ത്യയിലെ നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ഭീകരനായിരുന്നു. 2016 ലെ നഗ്രോട്ട ആക്രമണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. ഇന്ത്യാ വിരുദ്ധ വികാരം സൃഷ്ടിക്കാനായി പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നില്‍ കുപ്രസിദ്ധനായിരുന്നു.

രണ്ടാഴ്ചയ്ക്കിടെ പാക്കിസ്ഥാനില്‍ ഇതുരണ്ടാമത്തെ സംഭവമാണ്. നേരത്തെ മെയ് 17 ന് ലഷ്‌കറി തോയിബയുടെ സൈഫുള്ള ഖാലിദിനെ പാക്കിസ്ഥാനിലെ സിന്ധില്‍ വച്ച് അജ്ഞാതരായ തോക്കുധാരികള്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.

മെയ് 7 നാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനിലെ 9 ഭീകര ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തത്. ലഷ്‌കര്‍, ജയഷ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര സംഘടനകളുടെ ക്യാമ്പുകളാണ് നിലംപരിശാക്കിയത്. 100 ലേറെ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാന്റെ ഹൃദയഭൂമിയായ പഞ്ചാബ് പ്രവിശ്യയിലും, ഒരിക്കല്‍ അപ്രാപ്യമെന്ന് കരുതിയ ബഹാവല്‍പൂരിലും ഇന്ത്യ കടന്നാക്രമിച്ചു. ബഹവല്‍പൂരാണ് ജയ്ഷെ മുഹമ്മദിന്റെ മുഖ്യ താവളം.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: