CrimeNEWS

മുഖത്ത് തലയിണ അമര്‍ത്തി ആക്രമണം; 95 വയസ്സുകാരിയുടെ സ്വര്‍ണമാല കവര്‍ന്നു, കൊച്ചുമകന്‍ പിടിയില്‍

ഇടുക്കി: 95 വയസ്സുള്ള മുത്തശ്ശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം സ്വര്‍ണമാല കവര്‍ന്ന കൊച്ചുമകന്‍ മണിക്കൂറുകള്‍ക്കകം പോലീസിന്റെ പിടിയിലായി. അടിമാലി മച്ചിപ്ലാവ് പുളിക്കല്‍ മേരിയുടെ ആഭരണമാണ് ഇവരുടെ മൂത്ത മകന്റെ മകന്‍ അഭിലാഷ് (ആന്റണി-44) കവര്‍ന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

മച്ചിപ്ലാവിലെ വീട്ടില്‍ മകന്‍ തമ്പി, ഭാര്യ ട്രീസ എന്നിവര്‍ക്കൊപ്പമാണ് മേരി താമസിച്ചിരുന്നത്. മറ്റുള്ളവര്‍ പള്ളിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. കട്ടിലില്‍ കിടക്കുകയായിരുന്ന മുത്തശ്ശിയുടെ മുഖത്ത് തലയിണ അമര്‍ത്തിയശേഷം രണ്ടര പവനോളം തൂക്കം വരുന്ന സ്വര്‍ണമാല ബലമായി പൊട്ടിച്ചെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പള്ളിയില്‍നിന്ന് മക്കള്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. ആദ്യഘട്ടത്തില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് ടൗണിലെ നിരീക്ഷണകാമറയില്‍നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

Signature-ad

അഭിലാഷ് മുന്‍പും സമാന കേസുകളില്‍ പ്രതിയായിരുന്നെന്നും ഏതാനും ദിവസം മുന്‍പാണ് പീരുമേട് ജയിലില്‍നിന്ന് മോചിതനായതെന്നും പോലീസ് പറഞ്ഞു. മോഷ്ടിച്ച മാല കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നെടുങ്കണ്ടത്ത് വിറ്റതായി മൊഴി നല്‍കിയിട്ടുണ്ട്. മേരിയുടെ കഴുത്തിലും നെഞ്ചിലും പരിക്കേറ്റു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

 

Back to top button
error: