Breaking NewsKeralaLead NewsNEWSpolitics

റിയാസ് ഫണ്ട് പിരിച്ചെങ്കില്‍ അന്‍വര്‍ തെളിവ് പുറത്തുവിടട്ടെ; പ്രതിപക്ഷ നേതാവ് 150 കോടി വാങ്ങിയെന്നു പറഞ്ഞതിനു മാപ്പു പറഞ്ഞയാളാണ് അന്‍വറെന്ന് എം.വി. ഗോവിന്ദന്‍; പാണക്കാട്ട് കുടുംബത്തിന്റെ പിന്തുണയെന്ന് ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂര്‍: നിലമ്പൂരില്‍ എം. സ്വരാജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതുമുതല്‍ ചരിത്രത്തിലില്ലാത്ത ആവേശമാണ് ജനങ്ങള്‍ക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. യുഡിഎഫിനുള്ളില്‍ സംഘടര്‍ഷം തുടരുകയാണ്. പി.വി. അന്‍വറിനെ ഇപ്പോഴും നേതൃത്വത്തിനു തള്ളാന്‍ കഴിഞ്ഞിട്ടില്ല.

എം. സ്വരാജ് കക്ഷിരാഷ്ട്രീയത്തിന് അതീതനായ പ്രഗത്ഭനായ നേതാവാണ്. ഏറ്റവും ശ്രദ്ധേയനായ രാഷ്ട്രീയനേതൃത്വം എന്ന നിലയില്‍ സ്വരാജിന് ജനം അംഗീകാരം നല്‍കിവരുന്നു. സ്ഥാനാര്‍ഥി നിര്‍ണയംമുതല്‍ നിലമ്പൂരിന് പുറത്തും ഈ ആവേശം കാണാന്‍ കഴിയുന്നുണ്ട്. യുഡിഎഫിന്റെ ഗതികേട് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. പ്രത്യേക വിഭാഗമായി നാമനിര്‍ദേശ പത്രിക നല്‍കിയതിനുശേഷവും അന്‍വറുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്നുണ്ടെന്ന ധ്വനിയാണ് കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിക്കുന്നത്.

Signature-ad

യുഡിഎഫ് നേതൃത്വത്തിനും സ്ഥാനാര്‍ഥിക്കുമെതിരായി രൂക്ഷമായ വിമര്‍ശനമുന്നയിച്ച അന്‍വറിനെ തള്ളാന്‍ കോണ്‍ഗ്രസിനാകുന്നില്ല. ദയനീയമാണ് യുഡിഎഫിന്റെ അവസ്ഥ. അന്‍വറിന്റെ പേരില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ സംഘര്‍ഷമാണ്. കോണ്‍ഗ്രസിനകത്ത് ഓരോ വിഭാഗക്കാര്‍ക്കിടയിലും സംഘര്‍ഷമാണ്. ഇതു പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

നവകേരള സദസുമായി ബന്ധപ്പെട്ട് റിയാസ് ഫണ്ട് പിരിച്ചെന്ന പിവി അന്‍വറിന്റെ ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. 150 കോടി രൂപ പ്രതിപക്ഷ നേതാവ് കൈക്കൂലി വാങ്ങി എന്ന് പറഞ്ഞതിന് മാപ്പുപറയാന്‍ പുറപ്പെട്ടയാളാണ് അന്‍വര്‍. തെളിവ് കൊണ്ടുവരട്ടെ, തങ്ങള്‍ക്കതില്‍ ഭയമില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

അതേ സമയം, പാണക്കാട് കുടുംബത്തിന്റെ അനുഗ്രഹത്തോടെയാണ് സ്ഥാനാര്‍ത്ഥിയായതെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. പാണക്കാട് കുടുംബവുമായി മികച്ച ബന്ധമുണ്ട്. ജോയിക്ക് നല്‍കിയ മുത്തം സ്‌നേഹപ്രകടനമാണ്. വേദിയിലുണ്ടായിരുന്ന എല്ലാ കോണ്‍ഗ്രസ് നേതാക്കളെയും കെട്ടിപ്പിടിച്ചു. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ഷൗക്കത്ത് വ്യക്തമാക്കി.

ഇന്നു വൈകീട്ടോടെ സാധുവായ നാമനിര്‍ദേശ പത്രികകള്‍ എത്രയുണ്ടെന്നു വ്യക്തമാകും. 19 പേര്‍ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. രാവിലെ എട്ടരയ്ക്കു പോത്തുകല്‍ പഞ്ചായത്തില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്് അബ്ബാസലി ശിഹാബ് തങ്ങള്‍ പര്യടനം ഉദ്ഘാടനം ചെയ്തു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന്റെ പര്യടനവും തുടരുകയാണ്. ഇടതുപ്രചാരണത്തിനായി മന്ത്രിമാര്‍ അടക്കം കൂടുതല്‍ നേതാക്കള്‍ മണ്ഡലത്തില്‍ എത്തും. കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും യുഡിഎഫ് പ്രചാരണത്തിനായി മണ്ഡലത്തില്‍ തുടരുന്നുണ്ട്. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ശ്രമത്തിലാണ് ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്. ഇടതു കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഇന്ന് രാവിലെ 9 മണിക്ക് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കുമെന്ന് തൃണമൂല്‍ സ്ഥാനാര്‍ഥി പി വി അന്‍വര്‍ അറിയിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: