
തിരുവനന്തപുരം: ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതി വിശിഷ്ടാതിഥി ആയി പങ്കെടുത്തത് വിവാദത്തില്‍. പോക്സോ കേസില്‍ പ്രതിയായ വ്‌ലോഗര്‍ മുകേഷ് എം.നായരാണ് തിങ്കളാഴ്ച രാവിലെ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത്. വിഷയ്തില്‍ ഇടപെട്ട വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സംഭവത്തില്‍ വിശദീകരണം തേടി. അടിയന്തരമായി വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
കോവളത്തെ റിസോര്‍ട്ടില്‍ വച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്‌നയാക്കി റീല്‍സ് ചിത്രീകരിച്ചുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രിലില്‍ മുകേഷ് നായര്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുകേഷ് നായര്‍ ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തത്.

മുകേഷ് വരുന്ന കാര്യം അറിയില്ലായിരുന്നെന്നും സ്‌കൂളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് പരിപാടിക്കിടയില്‍ മുകേഷിനെ കൊണ്ടുവന്നതെന്നുമാണ് പ്രധാന അധ്യാപകന്‍ പ്രതികരിച്ചത്. പരിപാടി പകുതി ആയപ്പോഴാണ് മുകേഷ് അപ്രതീക്ഷിതമായി എത്തിയതെന്നും പ്രധാന അധ്യാപകന്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പരിപാടിയുടെ നോട്ടീസ് മുകേഷ് നായര്‍ പങ്കുവച്ചിരുന്നു.