തിരക്കുകള്‍ മാറ്റിവച്ച് പിണറായി വിജയന്‍ എം. സ്വരാജിനുവേണ്ടി വീണ്ടും നിലമ്പൂരിലേക്ക്; അഭിമാന പോരാട്ടമായി കണ്ട് സിപിഎം; ഷൗക്കത്തിന്റെ പ്രചാരണത്തിന് കെ.സി. വേണുഗോപാല്‍; അന്‍വറും ഇന്നുമുതല്‍ സജീവം; സജീവ പ്രചാരണ ചൂടിലേക്ക് മണ്ഡലം

നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടുമെത്തും. ഈ മാസം 13,14,15 തീയതികളിലാണ് മുഖ്യമന്ത്രി മണ്ഡലത്തിലെത്തുക. ഏഴു പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. സ്വരാജ് ക്ലീന്‍ ഇമേജുള്ള സ്ഥാനാര്‍ഥിയാണെന്നും ആരുടെ മുന്നിലും തല ഉയര്‍ത്തി നിന്ന് വോട്ടുചോദിക്കാമെന്നും നിലമ്പൂരിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിലമ്പൂരിലൂടെ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും എല്‍ഡിഎഫ് അഴിമതി സംസ്‌കാരം വളര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
എം. സ്വരാജ് ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും. സിപിഎം നിലമ്പൂര്‍ ഏരിയ കമ്മറ്റി ഓഫിസില്‍നിന്ന് കാല്‍ നടയായാകും സ്വരാജ് പത്രിക സമര്‍പ്പണത്തിനെത്തുക. ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കള്‍ സ്വരാജിനെ അനുഗമിക്കും. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടായത് തന്നെ അന്‍വറിന്റെ വഞ്ചനയാണെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു. അന്‍വറുമായി ഒരു ബന്ധവുമില്ലെന്നും നിലവില്‍ നിലമ്പൂരിലെ സാഹചര്യം ഇടതുമുന്നണിക്ക് അനുകൂലമാണെന്നും എല്‍ഡിഎഫ് കണ്‍വീനല്‍ ടി.പി. രാമകൃഷ്ണനും പ്രതികരിച്ചിരുന്നു. അന്‍വറുമായി ഒരു ചങ്ങാത്തവും വേണ്ടെന്നാണ് പ്രാദേശിക നേതാക്കള്‍ക്ക് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.

അതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി പി.വി.അന്‍വര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പ്രകടനമായി എത്തിയാണ് താലൂക്ക് ഓഫിസില്‍ 10 മണിയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. പത്രിക സമര്‍പ്പണത്തിന് ശേഷം അന്‍വര്‍ പ്രചാരണങ്ങളിലേക്ക് കടക്കും. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവും കെ.പി.സി.സി. പ്രസിഡന്റും യുഡിഎഫ് നേതാക്കളും പങ്കെടുക്കും. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഏകോപനത്തിനായി കോണ്‍ഗ്രസ് നേതാക്കളെ കെപിസിസി പ്രസിഡന്റ് ചുമതലപ്പെടുത്തി.