
ഭുവനേശ്വര്‍: അപ്പാര്‍ട്ട്‌മെന്റിലെ ആകാശക്കാഴ്ച കണ്ട് താഴെ നിന്നവര്‍ ഒരു നിമിഷം അമ്പരന്നു. പിന്നാലെ വായുവിലൂടെ പാറിപ്പറന്ന് നോട്ട് കെട്ടുകള്‍. നിമിഷങ്ങള്‍ക്കുള്ളില്‍ വിജിലന്‍സിന്റെ എന്‍ട്രി തൊട്ട് അടുത്ത നിമിഷം പരിസരവാസികള്‍ അറിയുന്നത് വലിയൊരു അഴിമതി കഥ. ഒഡിഷയിലാണ് കോടികളുടെ അഴിമതി നടന്നത്.
വിജിലന്‍സിനെ പേടിച്ച് കള്ളപ്പണം അപ്പാര്‍ട്ട്മെന്റിന്റെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞതാണ് സംഭവം. കേസില്‍ ഒഡിഷ ഗ്രാമവികസന വകുപ്പ് ചീഫ് എഞ്ചിനീയറെ കൈയ്യോടെ പൊക്കി.

ബൈകുണ്ഠ നാഥ് സാരംഗി എന്ന ഉദ്യോഗസ്ഥനാണ് കണക്കില്‍പ്പെടാത്ത പണം ജനലിലൂടെ പുറത്തേക്ക് എറിഞ്ഞത്. അഴിമതി, അനധികൃത സ്വത്ത് സമ്പാദന കേസുകളില്‍ ആരോപണ വിധേയനായ ഇദ്ദേഹത്തില്‍ നിന്ന് 2 കോടിയിലധികം രൂപ കണ്ടെടുത്തതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാരംഗിയുടെ അങ്കുളിലെ കര്‍ദാഗാഡിയയിലെ രണ്ടാം നിലയുള്ള താമസസ്ഥലം, ഭുവനേശ്വറിലെ ഫ്‌ലാറ്റ്, പുരിയിലുള്ള മറ്റൊരു ഫ്‌ലാറ്റ്, ശിക്ഷ്യകാപാഡയിലുള്ള ബന്ധുവിന്റെ വീട്, അങ്കുളിലെ കുടുംബ വീട്, അങ്കുളിലെ രണ്ടാം നിലയുള്ള കുടുംബവക കെട്ടിടം, ഓഫീസ് ചേംബര്‍ എന്നിവിടങ്ങളില്‍ വിജിലന്‍സ് വിഭാഗം ഒരേസമയം നടത്തിയ റെയ്ഡില്‍ 2.1 കോടിയോളം രൂപ പണമായി കണ്ടെടുത്തു. അങ്കുളിലെ സാരംഗിയുടെ വീട്ടില്‍ നിന്ന് 1.1 കോടി രൂപയും ഭുവനേശ്വരിലെ ഫ്‌ലാറ്റില്‍ നിന്ന് ഒരു കോടി രൂപ കണ്ടെത്തുകയും ചെയ്തു.
വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍ സാരംഗി തന്റെ ഫ്‌ലാറ്റിന്റെ ജനലിലൂടെ നോട്ടുകെട്ടുകള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ് പണം ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് സാക്ഷികളുടെ സാന്നിധ്യത്തില്‍ ഈ കെട്ടുകള്‍ കണ്ടെടുത്തു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.