
ശ്രീനഗര്‍: കാശ്മീരില്‍ രണ്ട് ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരര്‍ കൂടി അറസ്റ്റിലായി. കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരായ ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരെ പിടികൂടിയത്. രണ്ട് എകെ-56 തോക്കുകള്‍, നാല് മാഗസിനുകള്‍, രണ്ട് ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ടകള്‍, 5,400 രൂപയും ഒരു ആധാര്‍ കാര്‍ഡും പിടിയിലായവരില്‍ നിന്നും കണ്ടെടുത്തു.
പൊലീസിന്റെയും സായുധ സേനയുടെയും വേഗത്തിലുള്ളതും തന്ത്രപരവുമായ നീക്കത്തിലൂടെയാണ് ഭീകരരര്‍ വലയിലായത്. ഇവരുടെ നീക്കം നിരീക്ഷിച്ചു വരികയായിരുന്ന ഇന്ത്യന്‍ സേന വളരെ വിദഗ്ധമായിട്ടാണ് പിടികൂടിയത്.

ഏപ്രില്‍ 22ലെ പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റ്. മേയ് മാസത്തില്‍ മാത്രം, ഷോപ്പിയാനിലെ കെല്ലര്‍ മേഖലയിലും പുല്‍വാമയിലെ ത്രാലിലെ നാദറിലും നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ആറ് ഭീകരരാണ് കൊല്ലപ്പെട്ടത്. രണ്ട് ഓപ്പറേഷനുകളിലായി മൂന്ന് ഭീകരരെ വീതം സെന്യം വധിച്ചു.
ലഷ്‌കര്‍-ഇ-തൊയ്ബയിലെ മുതിര്‍ന്ന കമാന്‍ഡര്‍ ഷാഹിദ് കുട്ടായിയും ഇവരില്‍ ഉള്‍പ്പെടുന്നു. ഷോപ്പിയാനിലെ ഹീര്‍പോറയില്‍ സര്‍പഞ്ചിനെതിരായ ആക്രമണത്തിലും 2024 ഏപ്രില്‍ 8-ന് ഡാനിഷ് റിസോര്‍ട്ടില്‍ നടന്ന വെടിവയ്പ്പിലും ഷാഹിദ് മുഖ്യ പങ്കുവഹിച്ചിരുന്നതായാണ് അധികൃതര്‍ അറിയിച്ചത്.