
എറണാകുളം: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികളെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ അഞ്ച് മലയാളികള്‍ അറസ്റ്റില്‍. പോഞ്ഞാശേരിയില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്നിടത്ത് അഞ്ചംഗ സംഘം അതിക്രമിച്ചു കയറി കത്തി ഉള്‍പ്പെടെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. 37,000 രൂപയാണ് ഇവര്‍ അതിഥി തൊഴിലാളികളില്‍നിന്നു തട്ടിയെടുത്തത്. പ്രതികളെ മണിക്കൂറുകള്‍ക്കകം പെരുമ്പാവൂര്‍ പൊലീസ് പിടികൂടി.
പോഞ്ഞാശേരി സ്വദേശികളായ റിന്‍ഷാദ്, സലാം, വലിയകുളം സ്വദേശികളായ ബേസില്‍, സലാഹുദ്ദീന്‍, ചേലക്കുളം സ്വദേശി അനു എന്നിവരാണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകിട്ട് പോഞ്ഞാശേരിയിലായിരുന്നു സംഭവം. ആക്രമിച്ച് പണം തട്ടിയെടുത്ത സംഭവം അതിഥി തൊഴിലാളികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നത് അറിഞ്ഞ പ്രതികള്‍ തൊട്ടടുത്ത ചുണ്ടമലയിലേക്ക് കടന്നുകളഞ്ഞു. എന്നാല്‍ പെരുമ്പാവൂര്‍ ഇന്‍സ്‌പെക്ടര്‍ ടി.എം.സൂഫി, സബ് ഇന്‍സ്‌പെക്ടര്‍ റിന്‍സ് എം.തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രിയില്‍ ചുണ്ടമലയില്‍നിന്നു പ്രതികളെ പിടികൂടുകയായിരുന്നു.

പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ലഹരി കച്ചവടം അടക്കം 7 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് റിന്‍ഷാദ് എന്ന് പൊലീസ് പറഞ്ഞു. അതിഥി തൊഴിലാളികളെ ആക്രമിച്ച് പണം തട്ടിയെടുക്കുന്ന സംഭവം മുമ്പും ഇവര്‍ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.