Breaking NewsKeralaNEWS

‘ആദ്യം സഹകരണ മുന്നണിയാക്കാമെന്ന് പറഞ്ഞു, ഇപ്പോൾ പറയുന്നു അന്‍വർ വ്യക്തമാക്കട്ടെയെന്നു കാലുപിടിക്കുമ്പോൾ മുഖത്ത് ചവിട്ടുകയാണ്, എന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടിരിക്കുകയാണ്, എനിക്ക് ഒരു അധികാരവും വേണ്ട, കത്രിക പൂട്ടിട്ട് പൂട്ടാനാണ് ശ്രമം’

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവർ സഹകരിച്ചേക്കുമെന്ന സൂചനകൾക്കിടെ യുഡിഎഫിനെതിരെ പിവി അൻവർ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പിൻവലിച്ച് പിന്തുണ നൽകിയിട്ടും യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഒരു നന്ദിവാക്ക് പോലുമുണ്ടായില്ല, സ്ഥാനാർഥിയായിരുന്ന മിൻഹാജിനെ പിൻവലിച്ചപ്പോൾ അദ്ദേഹത്തെ യുഡിഎഫ് പ്രചാരണ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ അതുണ്ടായില്ലെന്നും അൻവർ. വോട്ടെടുപ്പ് ദിവസം ബൂത്തിലിരുന്ന യുഡിഎഫ് പ്രവർത്തകർക്ക് ബിരിയാണി വച്ചു നൽകിയത് മിൻഹാജിന്റെ നേതൃത്വത്തിലാണ്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം പോലും മിൻഹാജിനെ വിളിച്ച് ആരും നന്ദി പറഞ്ഞില്ല. അപമാനിതനായതിന് പിന്നാലെയാണ് അദ്ദേഹം സിപിമ്മിൽ ചേർന്നതെന്ന് അൻവർ പറഞ്ഞു.

വയനാട് ലോക്സഭാ ഉപതിഞ്ഞെടുപ്പിലും യുഡിഎഫിന് പിന്തുണ നൽകി. പ്രിയങ്ക ഗാന്ധിക്ക് ഏറ്റവുമധികം വോട്ടു വർധിച്ചത് നിലമ്പൂർ മണ്ഡലത്തിലാണ്. അന്ന് ആര്യാടൻ ഷൗക്കത്തും വാർത്താസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞതാണ്. അതുപോലെ യുഡിഎഫിന് കത്ത് കൊടുത്തിട്ട് നാലു മാസം കഴിഞ്ഞു. ഈ മാസം രണ്ടിന് കോഴിക്കോട്ട് യുഡിഎഫ് യോഗം ചേർന്നപ്പോൾ ഈ കത്ത് ചർച്ച ചെയ്യുകയും താനുമായി സഹകരിച്ച് പോകാൻ തീരുമാനിച്ചതുമാണ്. അന്ന് യുഡിഎഫ് കൺവീനറായിരുന്ന എംഎം ഹസൻ ഇക്കാര്യങ്ങൾ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഏൽപ്പിച്ചതാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അറിയിച്ചു. എന്നാൽ പിന്നീട് ഇതു സംബന്ധിച്ച് ഒരു വിവരവുമില്ല. പലതവണ വിഡിസതീശനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടന്നില്ല.

Signature-ad

അതിനു ശേഷം ഈ മാസം 15ന് എറണാകുളത്തുള്ള ഒരു സുഹൃത്തു വഴി അദ്ദേഹത്തെ ബന്ധപ്പെട്ടു. സുഹൃത്തിന്റെ വീട്ടിൽ വച്ച് കാര്യങ്ങൾ ചർച്ച ചെയ്തു. ഉച്ചഭക്ഷണത്തിനു ശേഷം പിരിയുമ്പോൾ നാളെ അല്ലെങ്കിൽ മറ്റന്നാൽ ഇക്കാര്യങ്ങൾ വാർത്താസമ്മേളനം വിളിച്ചു പറയുമെന്നാണ് അന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. പത്രക്കുറിപ്പ് കൊടുത്താലും മതിയെന്ന് ഞാൻ പറഞ്ഞപ്പോൾ നേരിട്ട് തന്നെ വിശദീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ പിന്നീട് ഒരു വിവരവുമില്ല. ഇതിനിടയിൽ അദ്ദേഹവുമായി ബന്ധപ്പെടാൻ ശ്രമിച്ചു. കോൺഗ്രസ് നേതൃത്വവുമായും ചർച്ചയ്ക്ക് ശ്രമിച്ചു. പി. കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളുമാണ് ഒപ്പമുണ്ടെന്ന് അറിയിച്ചത്.

താൻ പിണറായി വിജയനെ പുറത്താക്കാനാണ് രാജിവച്ചത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിനെ താഴെയിറക്കാനുള്ള രീതിയിലാകണം കാര്യങ്ങൾ ചെയ്യേണ്ടത്. അങ്ങനെ വരുമ്പോൾ അഭിപ്രായ വ്യത്യാസമില്ലാതെ ഒരുമിച്ച് നിന്ന് ഈ ലക്ഷ്യത്തിലേക്ക് നീങ്ങുമെന്നാണ് കരുതിയത്. യുഡിഎഫ് അങ്ങനെ ചെയ്യുമെന്നാണ് കരുതിയത്. ആര്യാടൻ ഷൗക്കത്തുമായി വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതൊന്നും ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന കാര്യത്തിന് ഒരു തടസമല്ല. അദ്ദേഹവുമായുള്ള വിഷയം വേറെയാണ്. അത് ഇവിടെ ചർച്ച ചെയ്യേണ്ടതില്ല.

സ്ഥാനാർഥിയുടെ കാര്യത്തിൽ ഇനിയൊരു ചർച്ചയിലേക്ക് കടക്കുന്നില്ല. സ്ഥാനാർഥിയുടെ കുഴപ്പം കൊണ്ട് ഒരു വോട്ടു പോലും പോകരുത്. അൻവർ അധികപ്രസംഗിയാണെന്നാണ് ഇപ്പോൾ പറയുന്നത്. ഞാൻ എവിടെയാണ് അധികപ്രസംഗം നടത്തിയത്? ഷൗക്കത്തുമായി വ്യക്തിപരമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. അല്ലാതെ യുഡിഎഫ് ഒരു വടിയെ സ്ഥാനാർഥിയായി നിർത്തിയാൽ പോലും കുഴപ്പമില്ല.

യുഡിഎഫ് സഹകരണ മുന്നണിയാക്കാമെന്ന് പറഞ്ഞു, അതിനു സമ്മതിച്ചു. സഹകരണ മുന്നണിയെന്ന് പറഞ്ഞാൽ ബസിൽ ക്ലീനറുടെ കൂടെനിന്ന് പോകുന്ന പോലെയാണ്. അതു മതി, പ്രശ്നമില്ല. നമ്മൾ ഒരു ചെറിയ പാർട്ടിയല്ലേ. അതിനും നമ്മൽ സമ്മതിച്ചു. അതെങ്കിലും പൊതുസമൂഹത്തോട് പറയേണ്ടേ. ഇന്നലെയും പറഞ്ഞത് അന്‍വർ വ്യക്തമാക്കട്ടെ എന്നാണ്. ഇതിൽ കൂടുതൽ എന്താണ് വ്യക്തമാക്കേണ്ടത്. എന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടിരിക്കുകയാണ്. എന്റെ മുഖത്തേയ്ക്ക് ചെളി വാരിയെറിയുകയാണ്. ദയാവധത്തിന് വിട്ടിരിക്കുകയാണ്.

എന്ത് തെറ്റാണ് ഞാൻ ചെയ്തത്. അതുകൂടി ഒന്ന് വിശദീകരിക്കേണ്ടേ. കാലുപിടിക്കുമ്പോൾ മുഖത്ത് ചവിട്ടുകയാണ്. ഇനി കാലുപിടിക്കാനില്ല. ഞാൻ കാലുപിടിച്ചത് കേരളത്തിലെ ജനങ്ങൾക്കു വേണ്ടിയാണ്. എനിക്ക് ഒരു അധികാരവും വേണ്ട. കത്രിക പൂട്ടിട്ട് പൂട്ടാനാണ് ശ്രമം. ഉയർന്ന് പീഠത്തിൽ ഇരിക്കാൻ ആഗ്രഹമുള്ളവരുണ്ടാകും. ആ പീഠത്തിന് ചവിട്ട് കൊടുത്തിട്ട് ഇറങ്ങിപ്പോന്ന ആളാണ് ഞാൻ’’– അൻവർ പറഞ്ഞു.

 

 

 

Back to top button
error: