കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയില്‍ ആശയക്കുഴപ്പം ഇല്ല; വിജയിക്കുകയാണു ലക്ഷ്യം; പി.വി. അന്‍വര്‍ അനൂകൂല ഫാക്ടര്‍ എന്നും ആര്യാടന്‍ ഷൗക്കത്ത്; അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി എം. സ്വരാജിനെ ഇറക്കുമോ?

നിലമ്പൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയില്‍ ആശയക്കുഴപ്പമില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്. സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക എന്നതാണ് ലക്ഷ്യം. തിരഞ്ഞെടുപ്പിന് യുഡിഎഫാണ് ഒരുങ്ങിയത്, ആര്യാടന്‍ ഷൗക്കത്തല്ല. പി.വി. അന്‍വര്‍ യുഡിഎഫ് അനുകൂല ഫാക്ടറാകുമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ ഭരണവിരുദ്ധ വികാരം അളന്ന് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് തയാറാകാനുള്ള നല്ല അവസരമാണ് യുഡിഎഫിന് നിലമ്പൂര്‍. യുഡിഎഫ് മുന്നണി വിപുലീകരണത്തിനും നിലമ്പൂര്‍ കരുത്താകും. കല്ലുകടിയില്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനായാല്‍ പാതിവഴി കടന്നെന്ന് കണക്കുക്കൂട്ടുന്ന കോണ്‍ഗ്രസിന്റെ സജീവ പരിഗണനയിലുള്ളത് ആര്യാടന്‍ ഷൗക്കത്തും വി.എസ്. ജോയിയുമാണ്.

തൃക്കാക്കരയും പുതുപ്പള്ളിയും പോലെ വൈകാരിക ഘടകങ്ങള്‍ ഇല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാലാവസ്ഥയില്‍ നടന്ന പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ പോലെയുമല്ല. നിലമ്പൂരില്‍ യുഡിഎഫ് കാണുന്നത് അടിമുടി രാഷ്ട്രീയ പോരാട്ടമാണ്. നിലമ്പൂരിനെ മറന്നിരിക്കുമ്പോള്‍ പൊടുന്നന്നെ പ്രഖ്യാപിച്ചിട്ടും സുസജ്ജമെന്ന് തറപ്പിച്ചുപറയുകയാണ് നേതാക്കള്‍.
ആര്യാടന്‍ ഷൗക്കത്തിന്റെയും വി.എസ്.ജോയിയുടെയും മുഖങ്ങള്‍ മാത്രമേ നിലവില്‍ കോണ്‍ഗ്രസിനു മുന്‍പിലുള്ളു. രണ്ടിലൊരാളെ തിരഞ്ഞെടുക്കുക ബുദ്ധിമുട്ടായാല്‍ മാത്രമേ മറ്റൊരു മുഖത്തെക്കുറിച്ച് ആലോചന ഉയരൂ. ഇടതുപക്ഷത്തെ അടിക്കാനുള്ള അന്‍വറിനോളം നല്ല വടി യു.ഡിഎഫിന് കിട്ടാനില്ല. അത് പരമാവധി പ്രയോജനപ്പെടുത്തും. എന്നാല്‍, അന്‍വറിനെ ഏത് അറ്റം വരെ പ്രതിപക്ഷം ഉള്‍കൊള്ളുമെന്ന് വരുംദിവസങ്ങള്‍ തെളിയിക്കും. കേരളാ കോണ്‍ഗ്രസിനെ മടക്കിക്കൊണ്ടുവന്ന് മുന്നണി അടിത്തറ വിപുലമാക്കാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കെ ഘടകകക്ഷികള്‍ക്കും നിലമ്പൂര്‍ നിര്‍ണായകമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് എന്ന സെമി ഫൈനലിലൂടെ നിയമസഭാ തിരഞ്ഞെടുപ്പ് എന്ന ഫൈനലിന് സജ്ജമാക്കാനിരുന്ന പ്രതിപക്ഷത്തിന് ക്വാര്‍ട്ടര്‍ ഫൈനലായി വന്ന നിലമ്പൂരില്‍ ജയം മാത്രം പോര, മികച്ച റണ്‍റേറ്റോടെ ആവശ്യമാണ്.
സിപിഎം അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി എം. സ്വരാജിനെ മത്സരിപ്പിക്കുമോ എന്നതും കാത്തിരുന്ന കാണേണ്ടതാണ്. കഴിഞ്ഞ ഏതാനും നാളുകളായി നിലമ്പൂര്‍ കേന്ദ്രീകരിച്ചാണു സ്വരാജ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.