
ബംഗളൂരു: ഓര്‍ഡര്‍ ചെയ്ത സാധനവുമായി എത്തിയ ഡെലിവറി ജീവനക്കാരന്‍ ഉപഭോക്താവിനെ മര്‍ദിച്ചെന്ന് പരാതി. ബംഗളുരുവിലെ ബസവേശ്വര നഗര്‍ സ്വദേശിയായ ശശാങ്കിനെ ഓണ്‍ലൈന്‍ ഗ്രോസറി ഡെലിവറി കമ്പനിയായ സെപ്‌റ്റോയുടെ ഏജന്റ് വിഷ്ണുവര്‍ദ്ധനാണ് മര്‍ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അടിയേറ്റ ഉപഭോക്താവിന് സാരമായ പരിക്കുകളുണ്ട്.
ഓര്‍ഡര്‍ ചെയ്ത ഗ്രോസറി സാധനങ്ങള്‍ ഏജന്റ് കൊണ്ടുവന്നു. ശശാങ്കന്റെ ഭാര്യയുടെ സഹോദരിയാണ് ഇത് വാങ്ങാനായി വീടിന് പുറത്തേക്ക് ചെന്നത്. എന്നാല്‍ കൊടുത്ത വിലാസം തെറ്റായിരുന്നെന്ന് പറഞ്ഞ് ഡെലിവറി ജീവനക്കാരന്‍ തര്‍ക്കിക്കാന്‍ തുടങ്ങിയതോടെ ശശാങ്ക് പുറത്തേക്ക് വന്നു. മൂവരും പരസ്പരം സംസാരിക്കുന്നതിനിയേയാണ് ഡെലിവറി ജീവനക്കാരന്‍ പെട്ടെന്ന് ഉപഭോക്താവിനെ മര്‍ദിച്ചത്.

ഇതിന് പുറമെ അസഭ്യവര്‍ഷവും തുടര്‍ന്നു. ഇതോടെ മറ്റൊരു സ്ത്രീ കൂടി ഓടിയെത്തി രണ്ട് പേരും ചേര്‍ന്ന് മര്‍ദനമേറ്റ ശശാങ്കിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഉപഭോക്താവിന്റെ മുഖത്ത് നീരുവെച്ച ചിത്രങ്ങള്‍ പിന്നീട് പുറത്തുവന്നു. തലയോട്ടിയില്‍ പരിക്കുണ്ടെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും നടപടിയെടുക്കുമെന്നും സെപ്‌റ്റോ അധികൃതര്‍ അറിയിച്ചു. വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.