ടീമിലുണ്ടെങ്കിലും ഇവരെല്ലാം പുറത്തിരിക്കും! ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സഞ്ജുവിന്റെ ശിഷ്യനും ‘വാട്ടര്‍ ബോയ്’; കുല്‍ദീപിനും വാഷിംഗ്ടണ്‍ സുന്ദറിനും റോളില്ല; അവസാന ഇലവനില്‍ ആരൊക്കെ?

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ നായകനായി ശുഭ്മാന്‍ ഗില്ലിനെ തെരഞ്ഞെടുത്തതിനു പിന്നാലെ ടീമിലുള്ള ആരൊക്കെ അവസാന ഇലവനില്‍ കളിക്കുമെന്ന ചര്‍ച്ചയും ഉയരുന്നു. 18 അംഗ സ്‌ക്വാഡിനെയാണ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്. തകര്‍പ്പന്‍ ഫോമിലുള്ള യുവതാരം സായ് സുദര്‍ശന്‍ ആദ്യമായി ടെസ്റ്റ് ടീമിലെത്തിയപ്പോള്‍ നീണ്ട ഇടവേളയ്ക്കു ശേഷം മറുനാടന്‍ മലയാളി താരം കരുണ്‍ നായരും തിരിച്ചുവിളിക്കപ്പെട്ടു. എന്നാല്‍, ഇതില്‍ ചിലര്‍ക്കു പരമ്പരയിലെ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല. ഗ്രൗണ്ടില്‍ വെള്ളം കൊടുക്കുന്ന ‘വാട്ടര്‍ ബോയ്‌സ്’ ആയി മാറാനാണ് ഏറെയും സാധ്യത.
ആരെല്ലാം പുറത്തിരിക്കും?
ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഒന്നില്‍ പോലും കളിക്കാന്‍ അവസരം ലഭിക്കാനിടയില്ലാത്തവര്‍ ആറു പേരാണ്. ഓപ്പണിങ് ബാറ്ററായ അഭിമന്യു ഈശ്വരന്‍, ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍, പേസര്‍മാരായ ആകാശ്ദീപ്, അര്‍ഷ്ദീപ് സിങ്, ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവ് എന്നിവരാണിത്.

കെഎല്‍ രാഹുലും യശസ്വി ജയ്സ്വാളും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി പരമ്പരയിലുടനീളം ഓപ്പണ്‍ ചെയ്യുക. ഓസ്ട്രലേിയയ്ക്ക് എതിരേയുള്ള അവസാനത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മുഴുവന്‍ ടെസ്റ്റുകളിലും ഈ ജോടിയാണ് ഓപ്പണ്‍ ചെയ്തത്. മികച്ച ചില തുടക്കങ്ങള്‍ ഈ സഖ്യം ടീമിനു നല്‍കുകയും ചെയ്തു. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിലും രാഹുല്‍-ജയ്സ്വാള്‍ സഖ്യത്തില്‍ തന്നെ ടീം മാനേജ്മെന്റ് വിശ്വാസമര്‍പ്പിക്കും. രണ്ടിലൊരാള്‍ക്കു പരിക്കേറ്റാല്‍ മാത്രമേ അഭിമന്യുവിനു ചാന്‍സുള്ളൂ.
വിക്കറ്റ് കീപ്പര്‍മാരായി മൂന്നു പേര്‍ ടീമിന്റെ ഭാഗമാണ്. ഇവരില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ റിഷഭ് പന്തായിരിക്കും ഫസ്റ്റ് ചോയ്സ്. കൂടാതെ ഓപ്പണിങ് ബാറ്റായ രാഹുലും ഈ റോള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്നയാളാണ്. ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റില്‍ പോലും ജുറേല്‍ കളിക്കില്ലെന്നുപ്പായിരിക്കുകയാണ്.
ഓള്‍റൗണ്ടര്‍മാരെയെടുത്താല്‍ നാലു പേര്‍ ടീമിലുണ്ട്. ഇതില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുടെ സ്ഥാനത്തേക്കു പരിചയ സമ്പന്നനായ രവീന്ദ്ര ജഡേജയാണ് ഫേവറിറ്റ്. സീം ബൗളിങ് ഓള്‍റൗണ്ടറുടെ റോളില്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍, നിതീഷ് റെഡ്ഡി എന്നിവരിലൊരാളെയും കളിപ്പിച്ചേക്കും. ഒരാള്‍ ഫ്ളോപ്പായാല്‍ മറ്റെയാളെ പരീക്ഷിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ജഡ്ഡുവുള്ളതിനാല്‍ വാഷിങ്ടണിനു എല്ലാ കളിയിലും ബെഞ്ചില്‍ തന്നെയാവും സ്ഥാനം.
ബൗളിങ് ലൈനപ്പില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ്ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ് എന്നീ ആറു പേരുണ്ടെങ്കിലും മൂന്നു പേരെ മാത്രമേ കളിപ്പിക്കാനിടയുള്ളൂ. സ്റ്റാര്‍ പേസര്‍ ബുംറയായിരിക്കും ഫാസ്റ്റ് ബൗളിങിനു ചുക്കാന്‍ പിടിക്കുക.
അദ്ദേഹത്തിന്റെ പങ്കാളി സിറാജുമായിരിക്കും. മൂന്നാമന്റെ റോളിലേക്കു മല്‍സരം മൂന്നു പേര്‍ തമ്മിലായിരികും. ഇവരില്‍ മുന്‍തൂക്കം പ്രസിദ്ധിനായിരിക്കും. ഇതോടെ ആകാശ്ദീപും അര്‍ഷ്ദീപും തഴയപ്പെടുകയും ചെയ്യും. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്കു വലിയ സഹായം ലഭിക്കാനിടയില്ലാത്തിനാല്‍ കുല്‍ദീപിനെ ഇറക്കാനുള്ള സാധ്യത കുറവാണ്. പകരം ജഡേജയായിരിക്കും സ്പിന്‍ വിഭാഗം കൈകാര്യം ചെയ്തേക്കുക. ബാറ്റിങില്‍ കൂടി ടീമിനിനായി സംഭാവന നല്‍കാന്‍ കഴിയുമെന്നത് അദ്ദേഹത്തിനു ഗുണം ചെയ്യും.