എന്റെ കുഞ്ഞിനു ഭക്ഷണം വാരിക്കൊടുക്കാന്‍ പോലും കൈ പൊങ്ങില്ല; അപൂര്‍വ രോഗം വെളിപ്പെടുത്തി നടി പൂര്‍ണിമയുടെ സഹോദരി; ‘ബാത്ത് റൂമില്‍ വീണപ്പോള്‍ കൈകുത്തി എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല, പുറം ചൊറിയാനും പരസഹായം വേണം’

കൊച്ചി: തന്‍റെ രോഗാവസ്ഥ വെളിപ്പെടുത്തി പ്രിയ മോഹന്‍. അപൂര്‍വ രോഗമായ ഫൈബ്രോമയാള്‍ജിയ തന്നെ ബാധിച്ചെന്നാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരിയും നടിയുമായ പ്രിയ മോഹന്‍ തുറന്നുപറഞ്ഞത്. എന്റെ കുഞ്ഞിന് ഭക്ഷണം വാരിക്കൊടുക്കാന്‍ പോലും കൈ പൊങ്ങില്ല, ഒന്ന് പുറം ചൊറിയാന്‍ പോലും പരസഹായം വേണം, എന്തിന് ഇങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് തന്നെ പലതവണ തോന്നിയിട്ടുണ്ടെന്നും പ്രിയ മോഹന്‍ പറഞ്ഞു. സ്വന്തം യുട്യൂബ് ചാനലില്‍ പങ്കുവച്ച വ്‌ലോഗിലാണ് പ്രിയയും ഭര്‍ത്താവ് നിഹാല്‍ പിള്ളയും ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
ഒരുദിവസം രാത്രി കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് തലയടിച്ച് ബാത്ത്‌റൂമില്‍ വീണിട്ടും എഴുന്നേല്‍ക്കാന്‍ പറ്റാതായി. സാധാരണ ഒരാള്‍ വീണുകഴിഞ്ഞാല്‍ കൈ കുത്തി ഇരിക്കാനുളള ശേഷിയുണ്ട് എന്നാല്‍ തനിക്ക് അതുപോലും ഉണ്ടായിരുന്നില്ല അപ്പോഴാണ് ശരീരത്തിന്റെ മോശമായ അവസ്ഥ മനസിലായതെന്നും പ്രിയ പറയുന്നു. രാത്രി ആയതുകൊണ്ട് ഇക്കാര്യം ആരെയും അറിയാക്കാതെ കിടന്നു. പിറ്റേന്ന് നല്ല ശരീര വേദനയും ഉണ്ടായിരുന്നു. ഒരു ദിവസം ദിലുവിന്റെ മുമ്പില്‍വച്ച് വീണപ്പോഴാണ് ദിലുവും ഈ അവസ്ഥ നേരിട്ടു കാണുന്നത്. തല കുളിച്ചാല്‍ തോര്‍ത്താന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും പ്രിയ പറയുന്നു.

ഉറക്കമില്ലായ്മയും ക്ഷീണവും മാനസിക സമ്മര്‍ദ്ദവുമാണ് രോഗത്തിന്‍റെ ലക്ഷണങ്ങള്‍. മറ്റൊരാള്‍ക്ക് നോക്കി കഴിഞ്ഞാല്‍ മടിയാണെന്നേ തോന്നു എന്നും ഇവര്‍ പറയുന്നുണ്ട്. ലോകത്ത് ലക്ഷക്കണക്കിന് സ്ത്രീകള്‍ അനുഭവിക്കുന്ന അവസ്ഥ തന്നെയാണിതെന്നും എന്നാല്‍ ഇന്ത്യയില്‍ അധികമാര്‍ക്കും ഈ അസുഖത്തെക്കുറിച്ച് അറിയില്ല. അതുകൊണ്ടാണ് ഇതു തുറന്നു പറയുന്നതെന്നും ദമ്പതികള്‍ വ്യക്തമാക്കി.