IndiaNEWS

പുഴയില്‍ വീണ സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കുന്നതിടെ യുവ ഓഫീസര്‍ക്ക് വീരമൃത്യു; 23 കാരന്‍ കമ്മിഷന്‍ ചെയ്യപ്പെട്ടത് ആറുമാസം മുന്‍പ്; ലെഫ്റ്റനന്റ് തിവാരിയുടെ ധീരതയെ പുകഴ്ത്തി സേന

ന്യൂഡല്‍ഹി: പട്രോളിംഗിനിടെ പുഴയില്‍ വീണ സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കാന്‍ പുഴയിലേയ്ക്ക് എടുത്തുചാടിയ യുവ ഓഫീസര്‍ക്ക് വീരമൃത്യു. സിക്കിമിലെ സൈനിക കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. 23 കാരനായ ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയാണ് വീരമൃത്യു വരിച്ചത്. സിക്കിം സ്‌കൗട്ട്‌സിലെ അംഗമായ ശശാങ്ക് ആറുമാസം മുന്‍പാണ് സൈന്യത്തില്‍ കമ്മിഷന്‍ ചെയ്യപ്പെട്ടത്്.

സിക്കിമിലെ സൈനിക കേന്ദ്രത്തിലേയ്ക്കുള്ള പട്രോളിംഗിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ 11 മണിയോടെ സൈനികര്‍ തടികൊണ്ടുള്ള പാലം കടക്കവേ അഗ്നിവീര്‍ സ്റ്റീഫന്‍ ശുഭ പുഴയിലേയ്ക്ക് വീഴുകയായിരുന്നു. ശുഭയെ കരയ്ക്കടുപ്പിക്കുന്നതിനിടെ ശശാങ്ക് കുത്തൊഴുക്കില്‍പ്പെടുകയായിരുന്നു.

Signature-ad

ശുഭ മുങ്ങിത്താഴുന്നത് കണ്ട ശശാങ്ക് ഉടന്‍ പുഴയിലേയ്ക്ക് ചാടി. പിന്നാലെ മറ്റൊരു സൈനികനായ നായിക് പുകാര്‍ കട്ടേലും പുഴയിലേയ്ക്ക് ചാടുകയും ഇരുവരും ചേര്‍ന്ന് ശുഭയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

അര മണിക്കൂറിനുശേഷം 800 മീറ്റര്‍ അകലെനിന്നാണ് തിവാരിയുടെ മൃതദേഹം കണ്ടെത്തിയത്. ചെറിയ പ്രായവും കുറഞ്ഞ സേവനകാലവും ആണെങ്കിലും ലെഫ്റ്റനന്റ് തിവാരിയുടെ ധീരത തലമുറകളോളം സൈനികരെ പ്രചോദിപ്പിക്കുമെന്ന് ആദരം അര്‍പ്പിച്ച് സൈന്യം കുറിച്ചു.

 

Back to top button
error: