ഗവര്‍ണറുടെ വിസി നിയമനം: തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമ നിര്‍മാണങ്ങള്‍ക്കു മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ; സര്‍ക്കാര്‍ നടപടി യുജിസി നിയമത്തിനു വിരുദ്ധമെന്നു ഹര്‍ജിക്കാരന്‍; ഗവര്‍ണര്‍ കേസ് വീണ്ടും സുപ്രീം കോടതി കയറുമെന്ന് ഉറപ്പ്

ചെന്നൈ: വൈസ് ചാന്‍സലര്‍ (വിസി) നിയമനം ഗവര്‍ണറില്‍നിന്ന് എടുത്തുമാറ്റുന്നതിനു തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതികള്‍ക്കു മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ. തിരുനെല്‍വേലിയിലെ അഡ്വ. കുട്ടി എന്ന കെ. വെങ്കടാചലപതി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണു ജസ്റ്റിസുമാരായ ജി.ആര്‍. സ്വാമിനാഥനും വി. ലക്ഷ്മിനാരായണനും അടങ്ങുന്ന വേനല്‍ക്കാല അവധിക്കാല ബെഞ്ച് ഇടക്കാല സ്റ്റേ അനുവദിച്ചത്. ഹര്‍ജിക്കാരനുവേണ്ടി സീനിയര്‍ കൗണ്‍സല്‍ ദാമശേഷാദ്രിയും അഡ്വ. വി.കെ. ഷണ്‍മുഖനാഥനും ചീഫ് സെക്രട്ടറിക്കും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്കുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ പി.എസ്. രാമനും സീനിയര്‍ കൗണ്‍സല്‍ പി. വില്‍സണും ഹാജരായി.
തുടക്കത്തില്‍, എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന് എജിയും വില്‍സണും കോടതിയോട് ആവശ്യപ്പെട്ടു. സ്റ്റേ ഹര്‍ജി പരിഗണിക്കുന്നതില്‍ അടിയന്തര പ്രാധാന്യമില്ലെന്ന് വാദിച്ചെങ്കിലും ഇരുവരുടെയും അപേക്ഷ കോടതി നിരസിച്ചു.

ഹൈക്കോടതിയുടെ പരിഗണനയിലുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും സുപ്രീം കോടതിയുടെ പരിഗണനയിലുള്ള അനുബന്ധ കേസുകള്‍ക്കൊപ്പം ഇത് കേള്‍ക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്നും ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചിരുന്നു. പൊതുതാത്പര്യ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും ബിജെപിയുടെ തിരുനെല്‍വേലി ജില്ല സെക്രട്ടറിയാണു ഹര്‍ജിക്കാരനെന്നും ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും മെമ്മോ സര്‍പ്പിച്ചിരുന്നു.
സംസ്ഥാന നിയമങ്ങളെ 56 കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു കോടതിയില്‍ ചോദ്യം ചെയ്തതെങ്കിലും 2018ലെ യുജിസി നിയമത്തിനു വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്നായിരുന്നു പ്രാഥമിക വാദം. എന്നാല്‍, യുജിസി നിയമത്തിലെ 7.3 എന്നത് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളിലെ വിഷയമാണെന്നു സെക്രട്ടറി വാദിച്ചു. സുപ്രീം കോടതിയിലെ കേസുകള്‍ക്കൊപ്പം പൊതുതാത്പര്യ ഹര്‍ജിയും മാറ്റുന്നതാണ് ഉചിതമെന്നും ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റാന്‍ ചീഫ് ജസ്റ്റിസ് വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും 56 കാരണങ്ങള്‍ക്ക് എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ മതിയായ സമയം ലഭിച്ചിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി മെമ്മോയില്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഹര്‍ജിക്കാരന്റെ വാദങ്ങള്‍ പരിഗണിച്ചു സ്‌റ്റേ അനുവദിക്കുകയായിരുന്നു.