Breaking NewsIndiaLead NewsNEWSSportsTRENDING

ഏഷ്യ കപ്പില്‍നിന്ന് പാകിസ്താനെ മാറ്റിയാല്‍ പോലും ആരുമൊന്നും മിണ്ടില്ല! മുമ്പും മൂന്നുവട്ടം ടീമുകള്‍ പിന്മാറി; സംപ്രേഷണത്തിനായി സോണി മുടക്കിയത് 170 ദശലക്ഷം ഡോളര്‍; വരുമാനം പങ്കിടലും ബുദ്ധിമുട്ട്; ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനവും റദ്ദാക്കാന്‍ സാധ്യത; യുദ്ധത്തെക്കാള്‍ മൂര്‍ച്ചയുള്ള ക്രിക്കറ്റ് നയതന്ത്രം

ഇപ്പോഴത്തെ ശത്രുത അവസാനിപ്പിക്കല്‍ താല്‍ക്കാലിക വിരാമം മാത്രമാണ്. ഐപിഎല്ലിലെ 'സ്ട്രാറ്റജിക് ടൈം ഔട്ട്' പോലെയാണിത്. ഇടവേളയ്ക്കുശേഷം കളി തുടരും!

ബംഗളുരു: ‘രാഷ്ട്രീയവും സ്‌പോര്‍ട്‌സും കൂട്ടിക്കലര്‍ത്തരുത്’- പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാന്‍ ഒരിക്കല്‍ പറഞ്ഞത് അടുത്തിടെയാണ്. രാഷ്ട്രീയത്തിന്റെയും സ്‌പോര്‍ട്‌സിന്റെയും ചരിത്രം അറിയാത്തവരാണ് പലപ്പോഴും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. സ്‌പോര്‍ട്‌സ് പലപ്പോഴും രാഷ്ട്രീയംതന്നെയാണെന്നു ചരിത്രം തെളിയിച്ചിട്ടുണ്ട്.

സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയം കാരണം അന്താരാഷ്ട്ര ക്രിക്കറ്റിന് അവിടെ ഇടമുണ്ടാകില്ലെന്നു റിസ്വാന്‍ ഭയപ്പെടുന്നുണ്ടാകാം. പാകിസ്താനു പുറത്ത് ഇന്ത്യ കളിക്കാന്‍ വിസമ്മതിച്ചാല്‍ ലോകകപ്പുകളുടെ കാര്യവും ചോദ്യ ചിഹ്നമാകും. ഇന്ത്യയുടെ കോച്ച് ഗൗതം ഗംഭീറിന്റെ നിലപാടും ഇതുതന്നെയാണ്. പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ പദ്ധതികളില്‍ ക്രിക്കറ്റ് മികച്ച ഉപകരണമാണ്.

Signature-ad

സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പാകിസ്താന്‍ ഇന്ത്യയിലേക്കു വരുന്നതോ, യുഎഇയിലോ ശ്രീലങ്കയിലോ ഇന്ത്യ പാകിസ്താനുമായി കളിക്കുന്നതോ വിദൂര സ്വപ്‌നമാണ്. സര്‍ക്കാര്‍ പറയുന്നതുപോലെ ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുകയാണ്. ഇപ്പോഴത്തെ ശത്രുത അവസാനിപ്പിക്കല്‍ താല്‍ക്കാലിക വിരാമം മാത്രമാണ്. ഐപിഎല്ലിലെ ‘സ്ട്രാറ്റജിക് ടൈം ഔട്ട്’ പോലെയാണിത്. ഇടവേളയ്ക്കുശേഷം കളി തുടരും! അതുപോലെതന്നെ ക്രിക്കറ്റിന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇടവേളയുണ്ടാകുന്നത് മോശമായ ആശയമല്ല. നിലവിലെ സാഹചര്യത്തില്‍ ജനങ്ങളുടെ പ്രതിഷേധത്തിനും ഇടയാക്കില്ല.

ഠ ക്രിക്കറ്റിലെ രാഷ്ട്രീയവും വാണിജ്യവും

ഇന്ത്യ-പാക് മത്സരമില്ലാത്ത ഏഷ്യ കപ്പ് ഉപ്പില്ലാത്ത കറിപോലെയാണ്. 2031 വരെയുള്ള എല്ലാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ടൂര്‍ണമെന്റുകളുടെയും മാധ്യമ അവകാശങ്ങള്‍ക്കു സോണി നല്‍കിയത് 170 ദശലക്ഷം ഡോളറാണ്. ഏഷ്യാ കപ്പ്, അണ്ടര്‍-19, എമര്‍ജിംഗ് നേഷന്‍സ് മത്സരങ്ങളിലെ പുരുഷ-വനിതാ ടൂര്‍ണമെന്റുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. അടുത്തമാസം ഇതിലൊന്നു ശ്രീലങ്കയില്‍ നടക്കാനിരിക്കുന്നു. അതിനാല്‍ റിസ്വാന്‍ തിരിച്ചറിഞ്ഞതുപോലെ രാഷ്ട്രീയവും സ്‌പോര്‍ട്‌സിനുമൊപ്പം വാണിജ്യവും കൂട്ടിക്കലര്‍ത്താമോ എന്നത് മറ്റൊരു ചോദ്യമാകുന്നു.

പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാനായ ആഭ്യന്തരമന്ത്രി മൊഹ്സിന്‍ നഖ്വിയാണു നിലവില്‍ എസിസി ചെയര്‍മാന്‍. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ ഏഷ്യക്കു വലിയ സ്ഥാനമില്ലാതിരുന്നപ്പോള്‍ 1983ല്‍ സ്ഥാപിതമായ എസിസി മികച്ച സംവിധാനമായിരുന്നു. എന്നാല്‍, നിലവില്‍ ‘കളി വ്യാപിപ്പിക്കാന്‍’ തുടക്കത്തിലുണ്ടായിരുന്ന തീഷ്ണത അതിലെ അംഗങ്ങള്‍ക്ക് ഇപ്പോഴില്ല.

ഏഷ്യാ കപ്പില്‍ നിന്നുള്ള സംപ്രേക്ഷണ വരുമാനത്തിന്റെ പതിനഞ്ച് ശതമാനം മുഴുവന്‍സമയ അംഗങ്ങളായ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവയ്ക്ക് നല്‍കുന്നു. ഇന്ത്യയില്ലാതെ ആര്‍ക്കും പണം നല്‍കാന്‍ കഴിയില്ല. പാകിസ്താന് ഇന്ത്യ വിസ നിരസിച്ചാല്‍ മറ്റു രാജ്യങ്ങളൊന്നും ഇന്ത്യന്‍ ആഭ്യന്തര മന്ത്രിയുടെ മകനായ ജെയ് ഷാ നയിക്കുന്ന ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലി (ഐസിസി)നോടു പരാതിപ്പെടാന്‍ സാധ്യതയില്ല. ടെലിവിഷന്‍ വരുമാനം പുനക്രമീകരിച്ചേക്കാമെന്നു മാത്രം.

സ്വന്തം രാജ്യത്തെ അപകടത്തിലാക്കുന്ന ശത്രുവിനൊപ്പമുള്ള തുര്‍ക്കിയും അസര്‍ബെയ്ജാനും പോലുള്ള രാജ്യങ്ങള്‍പോലും സന്ദര്‍ശിക്കുന്നതു നിര്‍ത്തിവയ്ക്കുന്നവരാണ് ഇന്ത്യക്കാര്‍. ഇവര്‍ക്കു പിന്തുണയുമായി ജനപ്രിയ ബുക്കിംഗ് സൈറ്റ് ഈ രാജ്യങ്ങളിലേക്കുള്ള പ്രമോഷനുകളും ഓഫറുകളും നിര്‍ത്തിവയ്ക്കുന്നു എന്നു പ്രഖ്യാപിക്കുന്നു.

ഇതേ മനോഭാവത്തില്‍ ഓഗസ്റ്റില്‍ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനവും ബിസിസിഐ റദ്ദാക്കാന്‍ സാധ്യതയുണ്ട്. ‘ഇന്ത്യ പാകിസ്താനെ ആക്രമിച്ചാല്‍, ബംഗ്ലാദേശ് വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങള്‍ കൈവശപ്പെടുത്തണം. ചൈനയുമായി സംയുക്ത സൈനിക സംവിധാനത്തെക്കുറിച്ച് ഒരു ചര്‍ച്ച ആരംഭിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നു’ പറഞ്ഞത് ബംഗ്ലാദേശിലെ വിരമിച്ച സൈനികനാണ്. മത്സരാധിഷ്ഠിതമായ ദേശസ്‌നേഹമെന്നത് സൗത്ത് ഏഷ്യയിലെ പ്രധാന കായിക വിനോദമാണ്!

ഠ ഏഷ്യ കപ്പിലെ രാഷ്ട്രീയക്കാറ്റ്

ഏഷ്യ കപ്പ് മുമ്പും രാഷ്ട്രീയക്കാറ്റിന്റെ പിടിയില്‍ പെട്ടിട്ടുണ്ട്. ശ്രീലങ്കയുമായുള്ള ബന്ധം വഷളായതോടെ ഇന്ത്യ 1986ല്‍ ടൂര്‍ണമെന്റില്‍നിന്ന് പിന്‍മാറി. 1990-91 ല്‍ രാഷ്ട്രീയ ബന്ധം വഷളായതോടെ ഏഷ്യ കപ്പ് ഇന്ത്യയില്‍ നടന്നപ്പോള്‍ പാകിസ്താന്‍ പിന്മാറി. 1993ല്‍ ഇതേ കാരണത്താല്‍ ടൂര്‍ണമെന്റ് തന്നെ റദ്ദാക്കി.

അക്രമങ്ങള്‍ക്കിടയിലൂടെ പാടുപെട്ടു കടന്നുപോകാന്‍ ക്രിക്കറ്റിനു സാമര്‍ഥ്യമുണ്ടെന്ന് എഴുതിയത് ഗീഡിയന്‍ ഹെയ് ആണ്. ഭീകരാക്രമണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും അടുത്തിടെയൊന്നും ക്രിക്കറ്റിനെ ബാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. എന്നാല്‍, ഇക്കുറി സ്ഥിതി വ്യത്യസ്തമാണ്. തുരുപ്പു ചീട്ടുകളെല്ലാം ഇന്ത്യയുടെ കൈകളിലാണ്. യുദ്ധം അടക്കം അടുത്തിടെയുണ്ടായ സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഈ കാര്‍ഡുകള്‍ ഇറക്കാന്‍ ഇന്ത്യക്കു മടിയില്ലെന്നതും വ്യക്തമാണ്.

Back to top button
error: