Breaking NewsIndiaLead NewsNEWSNewsthen Specialpolitics

ആയിരം മുറിപ്പെടുത്തലിലൂടെ അമരീന്ദര്‍ സിംഗിനെ പുറത്താക്കിയതുപോലെ ശശി തരൂരിനും പുറത്തേക്കു വഴിവെട്ടുമോ കോണ്‍ഗ്രസ്? വേണുഗോപാല്‍- ജയറാം രമേശ് സഖ്യത്തിന്റെ നീക്കത്തില്‍ സംശയവുമായി ദേശീയ മാധ്യമങ്ങള്‍; കോണ്‍ഗ്രസിനു തരൂരിനെ നഷ്ടമായാല്‍ പിന്നെയെന്ത്?

ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതുപോലെ ശശി തരൂരിനെയും അപാനിച്ചു പുറത്താക്കാനുള്ള നീക്കങ്ങളാണു കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന സൂചനകളുമായി ദേശീയ മാധ്യമങ്ങള്‍. ഓപ്പറേഷന്‍ സിന്ദൂറിനുശേഷം സര്‍വകക്ഷി സംഘത്തെ തെരഞ്ഞെടുത്തപ്പോള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമടക്കം ഒഴിവാക്കി ശശി തരൂരിനെയും മനീഷ് തിവാരിയെയും സല്‍മാന്‍ ഖുര്‍ഷിദിനെയും അമര്‍ സിംഗിനെയും തെരഞ്ഞെടുത്തതിനു പിന്നാലെയാണ് കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ മറപൊളിച്ചത്.

Signature-ad

വിദേശകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനെന്ന നിലയിലും ഐക്യരാഷ്ട്രസഭയില്‍ ഏകദേശം മൂന്ന് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയെന്ന നിലയിലും, തരൂര്‍ അമേരിക്കയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പ്രതിനിധി സംഘത്തെ നയിക്കാന്‍ യോഗ്യനാണെന്നതില്‍ തര്‍ക്കമില്ല. ‘പതിനൊന്നു വര്‍ഷത്തിനിടെ കോടിക്കണക്കിന് നികുതിദായകരുടെ പണം ചെലവഴിച്ച് 72 രാജ്യങ്ങള്‍, 129 സന്ദര്‍ശനങ്ങള്‍, സന്ദര്‍ശിച്ചിട്ടും ആകെ ഫലം പൂജ്യമാണെന്നും ഒരു രാജ്യവും ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണച്ചില്ലെന്നും’ കോണ്‍ഗ്രസിന്റെ കര്‍ണാടക വിഭാഗം എക്‌സില്‍ പോസ്റ്റിട്ടത്തിനു പിന്നാലൊണ് തരൂരിന്റെ നിയമനവും വിവാദമായത്.

സര്‍ക്കാരിനെയും സൈനിക നീക്കത്തെയും കോണ്‍ഗ്രസ് ആഭ്യന്തര രാഷ്ട്രീയത്തില്‍ വിമര്‍ശിക്കുമ്പോള്‍ അവരുടെ നേതാക്കളെ തന്നെ ഉപയോഗിച്ചു രാജ്യാന്തര പിന്തുണ നേടാനുള്ള മോദിയുടെ തന്ത്രം കോണ്‍ഗ്രസിനുതന്നെ ഇരുട്ടടിയാണ്. ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കി ശശി തരൂര്‍ തന്നെ ‘ദി ഹിന്ദു’ ദിനപത്രത്തില്‍ എഴുതിയ കുറിപ്പിലും ചരിത്രം കോണ്‍ഗ്രസിനെ ഓര്‍മിപ്പിക്കുന്നുണ്ട്.

മനീഷ് തിവാരി മൂന്ന് വ്യത്യസ്ത മണ്ഡലങ്ങളില്‍ നിന്ന് മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ഓരോ തവണയും വിജയിക്കുകയും ചെയ്തു. 2009 ല്‍ തരൂര്‍ ആദ്യമായി തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചു. അവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) മുമ്പ് രണ്ടുതവണ വിജയിച്ചിരുന്നു. മുന്‍ വിദേശകാര്യ മന്ത്രിയാണ് സല്‍മാന്‍ ഖുര്‍ഷിദ്. പക്ഷേ, മനസിലുള്ളത് വ്യക്തമായി പുറത്തു പറയാന്‍ അറിയാവുന്ന ഇവരെ കേന്ദ്രത്തിനു നല്‍കിയ പട്ടികയില്‍നിന്ന് കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ഒഴിവാക്കിയത്? രാഹുല്‍ഗാന്ധിയെ ചുറ്റിപ്പറ്റിയുള്ള അല്‍പന്‍മാരുടെ കൂട്ടമാണ് ദേശീയ നിലപാടുകളില്‍ അദ്ദേഹത്തെ വഴിതെറ്റിക്കുന്നതെന്നു ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍ വിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശാണു തരൂരിനെതിരേ രൂക്ഷമായ ഭാഷയില്‍ രംഗത്തുവന്നത്. ‘തരൂര്‍ എന്തു പറഞ്ഞാലും അതു പാര്‍ട്ടിയുടെ അഭിപ്രായമല്ല. കോണ്‍ഗ്രസും കോണ്‍ഗ്രസില്‍ ആയിരിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കോണ്‍ഗ്രസ് ശക്തമായ ഗംഗയെപ്പോലെയാണ്. അതില്‍ നിരവധി പോഷക നദികളുമുണ്ട്. അതില്‍ ചിലതു വരണ്ടുപോകുന്നു. ചിലത് മലിനീകരിക്കപ്പെടുന്നു’ എന്നായിരുന്നു ജയറാം രമേശ് പറഞ്ഞത്.

ജയറാമിന്റെ ഈ പ്രതികരണത്തിനു പിന്നില്‍ രാഹുല്‍ ഗാന്ധിയെ പൂര്‍ണമായി നിയന്ത്രിക്കുന്ന സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണെന്നു ‘ദി പ്രിന്റില്‍’ എഴുതിയ ലേഖനത്തില്‍ എഡിറ്റര്‍ ഡി.കെ. സിംഗ് ചൂണ്ടിക്കാട്ടുന്നു. ‘വേണുഗോപാലിന്റെ മുഖ്യമന്ത്രി മോഹം ഒരു രഹസ്യമല്ല. അതുകൊണ്ട് അദ്ദേഹം എല്ലാ എതിരാളികളെയും അതില്‍തന്നെ ഏറ്റവും വലിയവനായ തരൂരിനെ പുറത്താക്കണം. വേണുഗോപാലിന് രാഹുലിനു മേലുള്ള പൂര്‍ണ്ണമായ സ്വാധീനം അറിയാവുന്നതിനാല്‍ മറ്റെല്ലാവരും തരൂരിനെ കുറ്റപ്പെടുത്തും. അതാണു നടക്കുന്നതെന്നും’ അദ്ദേഹം എഴുതുന്നു.

ALSO READ: 

വിമര്‍ശകരെ ചരിത്രം ഓര്‍മിപ്പിച്ച് ശശി തരൂര്‍; ഭീകരത ഒറ്റക്കെട്ടായ പ്രതികരണം ആവശ്യമായ ‘ബാധ’; ‘നരസിംഹറാവു പ്രതിനിധിയാക്കിയത് വാജ്പേയിയെ; കാര്‍ഗിലില്‍ സോണിയയുടെ നിലപാട് മറക്കരുത്; ദേശീയ സുരക്ഷ രാഷ്ട്രീയത്തിന്റെ പേരില്‍ തട്ടിക്കളിക്കരുത്; നേതാക്കള്‍ കറുത്തവരും വെളുത്തവരുമായി’

2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിലെ അന്നത്തെ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ ഗാന്ധി കുടുംബം അപമാനിച്ചതിനു തുല്യമാണിത്. സിംഗിനു പകരം നവജ്യോത് സിംഗ് സിദ്ധുവിനെ കൂടെക്കൂട്ടുകയായിരുന്നു കോണ്‍ഗ്രസ്. 2022 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഇത് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ രാഷ്ട്രീയ വിരമിക്കലിനു കാരണമാക്കുന്നതില്‍ ഗാന്ധി കുടുംബം വിജയിച്ചു.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും തരൂര്‍ അനഭിമതനാണ്. അതിനുള്ള ഗൂഢാലോചനയാണു നടക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. അമരീന്ദര്‍ സിങ്ങിനെ ഹൈക്കമാന്‍ഡ് അപമാനിച്ചതിനാല്‍ അദ്ദേഹം രാജിവച്ച് പിരിഞ്ഞുപോയി. കെ.സി.-ജയ്റാം ആന്‍ഡ് കമ്പനി തരൂരിനായി എത്രയും വേഗം അവസരമൊരുക്കുകയാണെന്നും രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു.

തരൂരിനും മുഖ്യമന്ത്രി സ്ഥാന മോഹങ്ങളുണ്ട്. കേരളത്തിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത്രയധികം അനുയായികളുള്ള നാല് തവണ എംപിയായ അദ്ദേഹത്തെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. ജാതിഭേദമില്ലാതെ യുവാക്കള്‍ ആരാധിക്കുന്ന ഒരാളാണ് അദ്ദേഹം. കേരളത്തിലെ രണ്ട് പ്രബല ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളും മുസ്ലീങ്ങളും, ജനസംഖ്യയുടെ 45 ശതമാനം വരുന്ന അദ്ദേഹത്തിന്റെ ലിബറല്‍ വീക്ഷണങ്ങളെയും കാഴ്ചപ്പാടുകളെയും ഇഷ്ടപ്പെടുന്നു. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും പ്രബലമായ സമുദായത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്) അദ്ദേഹത്തെ സ്വീകരിക്കാന്‍ തയാറാണ്.

അതേസമയം, പരമ്പരാഗതമായി ഇടതുപക്ഷത്തോടൊപ്പം അണിനിരന്നിരുന്ന ഈഴവര്‍ മാറ്റത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിഎസ്ഡിഎസ്-ലോക്‌നീതി പോസ്റ്റ്-പോള്‍ സര്‍വേ പ്രകാരം, ഈഴവരില്‍ 23 ശതമാനം പേര്‍ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിന് (എന്‍ഡിഎ) വോട്ട് ചെയ്തു. 2016ല്‍ ഇത് 18 ശതമാനമായിരുന്നു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റ്-പോള്‍ സര്‍വേ പ്രകാരം, 32 ശതമാനം ഈഴവര്‍ എന്‍ഡിഎയ്ക്ക് വോട്ട് ചെയ്തു. ഇടതുപക്ഷ വോട്ടര്‍മാര്‍ പിളരുന്നതിന്റെ സൂചനയാണിത്. നായന്മാരെ സംബന്ധിച്ചിടത്തോളം, ബിജെപിക്കുള്ള അവരുടെ വോട്ടുകള്‍ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 27 ശതമാനത്തില്‍ നിന്ന് 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 45 ശതമാനമായി ഉയര്‍ന്നു.

തരൂരിന് ബിജെപിയിലേക്ക് മാറാനുള്ള ഓപ്ഷന്‍ ഇല്ലെന്ന് കരുതുന്നതും തെറ്റാണെന്നു വിലയിരുത്തുന്നു. 2024 ലെ ലോക്‌സഭാ മണ്ഡലത്തില്‍ തിരുവനന്തപുരത്ത് തരൂരിന്റെയും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത എതിരാളിയായ ബിജെപിയുടെ രാജീവ് ചന്ദ്രശേഖറിന്റെയും വോട്ട് ഷെയറുകളിലെ വ്യത്യാസം നേരിയതാണ്. 16,000 വോട്ടുകളുടെ വ്യത്യാസം മാത്രം. കോണ്‍ഗ്രസ് വോട്ടര്‍മാരില്‍ ഗണ്യമായ ഒരു വിഭാഗം യഥാര്‍ത്ഥത്തില്‍ തരൂര്‍ വോട്ടര്‍മാരായിരുന്നു. തരൂര്‍ ബിജെപിക്കായി മത്സരിച്ചാലും അദ്ദേഹത്തിന്റെ പാര്‍ലമെന്ററി മണ്ഡലം സുരക്ഷിതമായിരിക്കും. എന്തായാലും കോണ്‍ഗ്രസ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കില്ല. അപ്പോള്‍, അദ്ദേഹം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍, അദ്ദേഹത്തിന് എന്താണ് നഷ്ടപ്പെടാനുള്ളത്? സാധ്യമായ സാഹചര്യങ്ങള്‍ നോക്കൂ. ഒന്നാമതായി, നായര്‍, ഈഴവര്‍ എന്നിവരില്‍ ഒരു പ്രധാന വിഭാഗം ഇതിനകം ബിജെപിയിലേക്ക് ചായുന്നതിനാല്‍ ഹിന്ദു വോട്ടര്‍മാരില്‍ വലിയൊരു വിഭാഗം തരൂരിനൊപ്പം പോകും.

രണ്ടാമതായി, ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തരൂരിന് ഇപ്പോഴും സ്വാധീനമുണ്ട് എന്നതാണ്. തൃശൂരില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ വിജയം ഇതിന് ഉദാഹരണമാണ്. തരൂര്‍ ബിജെപിയിലേക്കു പോകില്ലെന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കെ.സി. വേണുഗോപാലും ജയറാം രമേശും അദ്ദേഹത്തെ പുറത്താക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിട്ടാല്‍ നിരവധി മാര്‍ഗങ്ങളുണ്ട് എന്നതു വ്യക്തമാണ്. ഇടതുപക്ഷവും അദ്ദേഹത്തെ സ്വീകരിക്കും. 2006-ല്‍ ന്യൂഡല്‍ഹിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ – മാര്‍ക്‌സിസ്റ്റ് (സിപിഐ-എം) ആസ്ഥാനമായ എകെജി ഭവനില്‍ അദ്ദേഹം സന്ദര്‍ശനവും നടത്തിയിട്ടുണ്ട്. ഗാന്ധി കുടുംബം ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ ആയിരം തവണ വെട്ടിമുറിച്ചു പുറത്താക്കിയെന്നത് തരൂരിനും ഓര്‍യുണ്ടാകും. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബ് ആവര്‍ത്തിക്കാനാണ് ഗാന്ധി കുടുംബത്തിന്റെ ശ്രമമമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

Back to top button
error: