
കണ്ണൂര്‍: പയ്യാവൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലിയിലെ മടത്തേടത്ത് വീട്ടില്‍ പരേതനായ ബാബുവിന്റെ മകന്‍ നിധീഷ് ബാബു (31) ആണു കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതിക്കും വെട്ടേറ്റു. ബൈക്കിലെത്തിയ 2 പേരാണ് കൊലപാതകം നടത്തിയത്. ആക്രമണ ശേഷം ഇരുവരും ബൈക്കില്‍ കയറി രക്ഷപ്പെട്ടു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പയ്യാവൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വീടിനു സമീപത്ത് ആയുധ നിര്‍മാണത്തിനുള്ള ആല നടത്തുന്നയാളാണു നിതീഷ്. സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക വിവരം. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ആലയിലെത്തിയ അക്രമികള്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ആലയിലിരുന്ന വാക്കത്തിയെടുത്ത് നിധീഷിനെ വെട്ടുകയായിരുന്നു. ഇത് തടയാനെത്തിയ ശ്രുതിക്കും വെട്ടേറ്റു. ശ്രുതിയെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ല.

ബൈക്കില്‍ എത്തിയവര്‍ മുന്‍പും അവിടെ വന്നിട്ടുണ്ടെന്നും ഇവരെ ശ്രുതിക്കു പരിചയമുണ്ടെന്നുമാണ് വിവരം. ചികിത്സയില്‍ക്കഴിയുന്ന ശ്രുതിയുടെ മൊഴിയെടുത്തൊല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. നിധീഷിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റും.