Breaking NewsIndiaLead NewsNEWSNewsthen SpecialSocial MediaTRENDINGWorld

വിമര്‍ശകരെ ചരിത്രം ഓര്‍മിപ്പിച്ച് ശശി തരൂര്‍; ഭീകരത ഒറ്റക്കെട്ടായ പ്രതികരണം ആവശ്യമായ ‘ബാധ’; ‘നരസിംഹറാവു പ്രതിനിധിയാക്കിയത് വാജ്‌പേയിയെ; കാര്‍ഗിലില്‍ സോണിയയുടെ നിലപാട് മറക്കരുത്; ദേശീയ സുരക്ഷ രാഷ്ട്രീയത്തിന്റെ പേരില്‍ തട്ടിക്കളിക്കരുത്; നേതാക്കള്‍ കറുത്തവരും വെളുത്തവരുമായി’

ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള യുദ്ധത്തിനു പിന്നാലെ ഇന്ത്യയുടെ നയതന്ത്ര സംഘത്തെ നയിക്കാനുള്ള നിര്‍ണായക ചുമതല ലഭിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. ദ ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ലേഖനത്തിലാണ് താന്‍ എന്തുകൊണ്ടാണ് ഇത്തരമൊരു ദൗത്യം ഏറ്റെടുത്തതെന്നും അതിന്റെ ചരിത്രപരമായ പ്രധാന്യവും ഓര്‍മിപ്പിക്കുന്നത്. ഹൈക്കമാന്‍ഡ് നല്‍കിയ പട്ടിക വെട്ടിയശേഷം തിരുവനന്തപുരം എംപിയായ ശശി തരൂരിനെ നയതന്ത്ര സംഘത്തെ നയിക്കാന്‍ ചുമതലപ്പെടുത്തിയ മോദിയുടെ നിലപാട് കോണ്‍ഗ്രസിലുണ്ടാക്കിയ ആശയക്കുഴപ്പം ചില്ലറയല്ല. കേരളത്തില്‍നിന്നുള്ള ഒരു വിഭാഗം കെപിസിസി നേതാക്കള്‍ പിന്തുണയുമായി രംഗത്തുവന്നപ്പോള്‍ ജയ്‌റാം രമേഷ് അടക്കമുള്ള നേതാക്കള്‍ വിമര്‍ശിക്കുകയാണുണ്ടായത്. തരൂര്‍ പാര്‍ട്ടിക്കു പുറത്തേക്കു വഴിവെട്ടുകയാണെന്നും വിദേശകാര്യ നയതന്ത്ര പദവിയാണു ലക്ഷ്യമെന്നുവരെ അദ്ദേഹം തുറന്നടിച്ചു.

എന്നാല്‍, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണെന്നും കോണ്‍ഗ്രസിനോ ബിജെപിക്കോ വ്യത്യസ്തമായ വിദേശ നയമില്ലെന്നും ഇന്ത്യയുടെ വിദേശനയം മാത്രമാണുള്ളതെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഇന്ത്യ ദുഃഖിക്കുകയും ഭീകരതയ്ക്കെതിരായ നിലപാടുകള്‍ ശക്തമാക്കുകയും ചെയ്യുമ്പോള്‍ ദേശീയ സുരക്ഷയെന്നതു രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ തട്ടിക്കളിക്കേണ്ട ഒന്നല്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു.

Signature-ad

 

ഇന്ത്യ പ്രതിസന്ധിയെ നേരിടുമ്പോഴെല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ ‘സ്‌കോര്‍’ ചെയ്യുന്നതിനാണു ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പു നേട്ടത്തിനായി ‘ദു:ഖം’ ആയുധമാക്കുന്നു. 2019 ലെ പുല്‍വാമ ആക്രമണത്തിനുശേഷം ഇതു കണ്ടു. തെരഞ്ഞെടുപ്പ അടുത്തിരിക്കേ ദേശീയ സുരക്ഷയ്ക്കപ്പുറം അത് ആഭ്യന്തര രാഷ്ട്രീയത്തിലേക്കു വഴിമാറി. ജനാധിപത്യ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകാതെ ദീര്‍ഘകാല പ്രതിരോധ തന്ത്രം രൂപപ്പെടുത്താനുള്ള ഇന്ത്യയുടെ ശേഷിയെ ഇതു ദുര്‍ബലമാക്കുമെന്നും തരൂര്‍ പറയുന്നു.

‘നമ്മുടെ മുന്നിലുള്ള വെല്ലുവിളി വ്യക്തമാണ്. ഭീകരതയെന്നതു പാര്‍ട്ടി പ്രത്യയശാസ്ത്രങ്ങളാല്‍ രൂപപ്പെടുത്തിയതല്ല. ഒറ്റക്കെട്ടായ പ്രതികരണം ആവശ്യമായ ബാധയാണ്. നയതന്ത്ര ചര്‍ച്ചകളില്‍ കൂട്ടായ തീരുമാനങ്ങളുണ്ടാകണം. ഹ്രസ്വകാല നേട്ടങ്ങളെക്കാള്‍ ദീര്‍ഘവീക്ഷണമുണ്ടാകണം. അതിനു പ്രത്യയശാസ്ത്ര ഭിന്നതകള്‍ മറികടക്കാന്‍ കഴിയണമെന്നും’ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള ഒളിയമ്പായി തരൂര്‍ പറഞ്ഞു വയ്ക്കുന്നു.

1999ലെ കാര്‍ഗില്‍ യുദ്ധ സമയത്ത് രാജ്യം ഒറ്റക്കെട്ടായി നിന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സര്‍ക്കാരിന്റെ സൈനിക നീക്കങ്ങളെ പിന്തുണച്ചു. ‘കാര്‍ഗിലിലെ നമ്മുടെ സൈനികരുടെ ധീരത ഓരോ ഇന്ത്യക്കാരനെയും അഭിമാനഭരിതരാക്കി. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല’ എന്നായിരുന്നു സോണിയയുടെ പ്രതികരണം. 2016-ല്‍ ഉറി ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയപ്പോള്‍, അത് വ്യക്തമായ സന്ദേശത്തോടെയായിരുന്നു. നീണ്ട സംഘര്‍ഷങ്ങളിലേക്കു കടക്കാതെ ശക്തി പ്രകടിപ്പിക്കുക. ബിജെപി- കോണ്‍ഗ്രസ് പരിധികള്‍ക്കപ്പുറം നടപടിയെ അഭിനന്ദിക്കുന്നതില്‍ രാജ്യം ഒറ്റക്കെട്ടായി.

ഠ മറ്റു രാജ്യങ്ങളുടെ നിലപാട്

സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണങ്ങള്‍ക്കുശേഷം അമേരിക്കയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒറ്റക്കെട്ടായാണു നിലപാട് എടുത്തത്. 2019-ല്‍ ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് പള്ളികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിനുശേഷം, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്‍ തോക്ക് നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കി. ആഴ്ചകള്‍ക്കുള്ളില്‍, രണ്ട് പ്രധാന പാര്‍ട്ടികളുടെയും പിന്തുണയോടെ, സൈനിക ശൈലിയിലുള്ള സെമി-ഓട്ടോമാറ്റിക് ആയുധങ്ങള്‍ നിരോധിക്കുന്ന നിയമം നിര്‍മിച്ചു. അടുത്തിടെ, റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനുശേഷം, കീവിനുള്ള സൈനിക സഹായത്തിനും റഷ്യയ്ക്കെതിരായ ഉപരോധങ്ങള്‍ക്കും പടിഞ്ഞാറന്‍ യൂറോപ്പിലുടനീളം ഉഭയകക്ഷി പിന്തുണ ഉയര്‍ന്നുവന്നു. സ്വീഡന്‍, ഫിന്‍ലാന്‍ഡ് തുടങ്ങിയ പരമ്പരാഗതമായി നിഷ്പക്ഷ രാജ്യങ്ങള്‍ പാര്‍ട്ടി പരിധിക്കപ്പുറം വിശാലമായ രാഷ്ട്രീയ സമവായത്തോടെ നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനില്‍ (നാറ്റോ) ചേര്‍ന്നു.

ഠ നേതാക്കള്‍ കറുത്തവരും വെളുത്തവരുമായി

പ്രതിസന്ധി ഘട്ടങ്ങളില്‍ രാഷ്ട്രീയ നിലപാടുകള്‍ക്കപ്പുറം എങ്ങനെ ഒന്നിച്ചു നില്‍ക്കാമെന്നാണ് ഈ രാജ്യങ്ങള്‍ കാട്ടിത്തന്നത്. പഹല്‍ഗാമും അതിന്റെ അനന്തര ഫലങ്ങളും വ്യത്യസ്തമല്ല. താന്‍ ആദ്യമായി വിദേശകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായപ്പോള്‍- ‘കോണ്‍ഗ്രസ് വിദേശനയവും ബിജെപി വിദേശനയവും എന്നൊന്നില്ല; ഇന്ത്യന്‍ വിദേശനയവും ഇന്ത്യന്‍ ദേശീയ താല്‍പ്പര്യങ്ങളും മാത്രമേയുള്ളൂ’ എന്ന് ഞാന്‍ പ്രഖ്യാപിച്ചു.

1994ല്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ വാദം അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തത് പ്രതിപക്ഷ നേതാവായിരുന്ന വാജ്‌പേയിയെ ആയിരുന്നു. അദ്ദേഹം ജനീവയില്‍ നടന്ന ഐക്യരാഷ്ട്ര സഭാ സമ്മേളനത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് വിദേശകാര്യ സഹമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ എ.ബി. വാജ്പേയിയുടെ ഡെപ്യൂട്ടി ആയി നാമനിര്‍ദേശം ചെയ്തു. പ്രതിപക്ഷ നേതാവ് ഇന്ത്യയുടെ രാജ്യതാത്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതുകണ്ട് അമ്പരന്നുപോയ ഓര്‍മയും വാജയ്‌പേയി ഒരിക്കല്‍ പങ്കുവച്ചു. നമ്മുടെ ‘ലോകതന്ത്രം’ അങ്ങനെയാണ്. അത്ഭുതകരവും ആകര്‍ഷകവും കോലാഹലം നിറഞ്ഞതുമാണ്.

മൂന്നു പതിറ്റാണ്ടായി ഈ സംഭവം ആവര്‍ത്തിച്ചിട്ടില്ല. രാഷ്ട്രീയം കൂടുതല്‍ വിദ്വേഷം നിറഞ്ഞതും കയ്‌പേറിയതുമായി. ഭരണകക്ഷിയും പ്രതിപക്ഷവും തമ്മില്‍ പരസ്പര ബഹുമാനവും സൗഹൃദവും കുറഞ്ഞു. ജനാധിപത്യത്തിന്റെ ആശയധാരകളെക്കുറിച്ചു വിയോജിക്കുമ്പോഴും ദേശീയതാത്പര്യത്തിനു പ്രതിജ്ഞാബദ്ധമാണെന്നു മുമ്പ് നേതാക്കള്‍ കരുതിയിരുന്നു. നേതാക്കള്‍ പരസ്പരം ശത്രുക്കളായിരുന്നില്ല, എതിരാളികള്‍ മാത്രമായിരുന്നു.

‘ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരായി ഒന്നിക്കുന്നത് ഇന്ത്യയുടെ താത്പര്യങ്ങള്‍ക്കുവേണ്ടിയാണ്. സ്വദേശത്തു വിഭജനമുണ്ടെന്നതു ശത്രുവിനു ധൈര്യം നല്‍കും. പ്രകോപനപരമായ വാക്കുകള്‍ ഒരു പ്രയോജനവും ഉണ്ടാക്കുന്നില്ല. ഉത്തരവാദിത്തമുള്ള ഒരു ശക്തിയായി ഇന്ത്യ ഉയര്‍ന്നുവരണമെങ്കില്‍, അതിന്റെ രാഷ്ട്രീയം പക്വതയുള്ളതാണെന്നും, രാഷ്ട്രം എല്ലായ്‌പ്പോഴും പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്കു മുകളിലുണ്ടെന്നും ഉറപ്പാക്കണം. പ്രതിരോധം, ഭീകരതയോടുള്ള അസഹിഷ്ണുത, മാതൃരാജ്യത്തിന്റെ സുരക്ഷ, പ്രാദേശിക തന്ത്രം, ആഗോള നയതന്ത്രം എന്നിവയെക്കുറിച്ചുള്ള നയങ്ങള്‍ ഉഭയകക്ഷി സമവായത്തോടെ രൂപപ്പെടുത്തണം. ഏത് പാര്‍ട്ടി അധികാരത്തിലാണെങ്കിലും അവ സ്ഥിരത പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കണം- തരൂര്‍ പറയുന്നു.

ഇന്ത്യയുടെ സുരക്ഷയെന്നത് പാര്‍ട്ടിയുടെ കാര്യമല്ല, മറിച്ച് കൂട്ടായ ഉത്തരവാദിത്വമാണെന്നു നേതൃത്വം തിരിച്ചറിയണം. ദുഃഖത്തിന്റെയും പ്രതിസന്ധിയുടെയും നിമിഷങ്ങളില്‍, ഉഭയകക്ഷി ബന്ധം നമ്മെ ഒന്നിപ്പിക്കുന്ന ശക്തിയാകണം. വാക്കുകളില്‍ മാത്രമല്ല, പ്രവൃത്തിയിലും ഇതുണ്ടാകണം. സുരക്ഷിതവും സ്ഥിരതയുള്ളതും പ്രതിരോധശേഷിയുള്ളതുമായ ഇന്ത്യയുടെ ഭാവി അതിനെ ആശ്രയിച്ചിരിക്കുന്നെന്നും തരൂര്‍ എഴുതുന്നു.

Back to top button
error: