Breaking NewsIndiaLead NewsMovieNEWSNewsthen SpecialSocial MediaTRENDINGWorld

‘ഓപ്പറേഷന്‍ ബിന്‍ ലാദന്‍’ അമേരിക്ക പാകിസ്താനെ അറിയിക്കാതിരുന്നത് എന്തുകൊണ്ട്? പാക് അതിര്‍ത്തി കടക്കുന്നതില്‍ ബാരക് ഒബാമയുടെ വാര്‍ കാബിനറ്റില്‍ നടന്നത് രൂക്ഷമായ വാഗ്വാദം; ഹിലരി ക്ലിന്റണ്‍ അനുകൂലിച്ചു, ജോ ബൈഡന്‍ എതിര്‍ത്തു; അബോട്ടാബാദിലെ അണിയറക്കഥകള്‍ വെളിപ്പെടുത്തി ഡോക്കുമെന്ററി

ന്യൂഡല്‍ഹി: പാകിസ്താന്‍ കേന്ദ്രമാക്കിയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ പഹല്‍ഗാം ആക്രമണത്തോടെ വീണ്ടും മുഖ്യധാരയിലേക്കു വന്നതിനു പിന്നാലെ അബോട്ടാബാദില്‍ ഒസാമ ബിന്‍ലാദനെ പിടികൂടിയ അമേരിക്കന്‍ സൈനിക നീക്കത്തെ ആസ്പദമാക്കിയ നെറ്റ്ഫ്‌ളിക്‌സ് സീരീസും ചര്‍ച്ചയിലേക്ക്. 9/11 ആക്രമണങ്ങള്‍ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ ഭീകരനെ യുഎസ് സര്‍ക്കാര്‍ എങ്ങനെ പിടികൂടിയെന്ന് വിവരിക്കുകയാണ് ‘അമേരിക്കന്‍ മാന്‍ഹണ്ട്: ഒസാമ ബിന്‍ ലാദന്‍’ എന്ന ഡോക്കുമെന്ററി പരമ്പര.

2001-ലെ ആക്രമണത്തിനും 2011-ല്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ യുഎസ് സേനയുടെ കൈകളാല്‍ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനും ഇടയിലുള്ള ദശാബ്ദത്തെ മൂന്ന് ഭാഗങ്ങളുള്ള പരമ്പര ഉള്‍ക്കൊള്ളുന്നു. ഇതില്‍ സിഐഎ ഉദ്യോഗസ്ഥരും യുഎസ് പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ല്യു ബുഷിന്റെയും ബരാക് ഒബാമയുടെയും ഭരണകൂടങ്ങളിലെ പ്രധാന വ്യക്തികളും രംഗത്തു വരുന്നുണ്ട്. 2011 മെയ് രണ്ടിനു രാത്രി ബിന്‍ ലാദന്റെ വസതിയില്‍ റെയ്ഡ് നടത്താനുള്ള തീരുമാനത്തെക്കുറിച്ച് പാകിസ്താന്‍ സര്‍ക്കാരിനെ അറിയിക്കാതിരിക്കാന്‍ ഒബാമ തീരുമാനിച്ചതിന്റെ കാരണവും ഡോക്കുമെന്ററി ചുരുക്കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഠ ബിന്‍ ലാദന്‍ വേട്ട അബോട്ടാബാദില്‍

Signature-ad

സെപ്റ്റംബര്‍ 11ന് ഇരട്ട ഗോപുരങ്ങളിലും പെന്റഗണിലും (യുഎസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനം) നടന്ന ആക്രമണങ്ങള്‍ക്ക് മുമ്പുതന്നെ ലാദനെ കണ്ടെത്താനുള്ള ദൗത്യം അമേരിക്ക ആരംഭിച്ചിരുന്നു. യുഎസ് മണ്ണിലെ ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ ഏകദേശം 3,000 അമേരിക്കക്കാരാണു മരിച്ചത്.

മുജാഹിദുകള്‍ക്കു പണം നല്‍കുന്നതിലൂടെ സൗദി അറേബ്യയിലെ ബിസിനസ് കുടുംബത്തില്‍നിന്നുള്ള ബിന്‍ലാദനെ അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗത്തിനു നേരത്തേ അറിയാമായിരുന്നു. 1996 മുതല്‍ തന്നെ, സിഐഎയുടെ കൗണ്ടര്‍-ടെററിസ്റ്റ് സെന്റര്‍ (സിടിസി) മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും ലാദന്റെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യാന്‍ പ്രത്യേക യൂണിറ്റ് സ്ഥാപിച്ചിരുന്നു.

തൊണ്ണൂറുകളുടെ അവസാനത്തില്‍ ആഗോള ജിഹാദ് നടത്തുകയെന്ന ലക്ഷ്യത്തില്‍ ലാദന്‍ അഫ്ഗാനിസ്ഥാനിലേക്കു താവളം മാറ്റി. അല്‍ ക്വയ്ദയെന്ന സംഘടനയും സ്ഥാപിച്ചു. അഫ്ഗാനിലെ സോവിയറ്റ് സാന്നിധ്യത്തിനെതിരെ (1979-89) തിരിച്ചടിക്കാന്‍ അമേരിക്ക ആദ്യം ഇവരെ പിന്തുണച്ചു. എന്നാല്‍, മിഡില്‍ ഈസ്റ്റിലെ ഇടപെടലുകളുടെ പേരിലും ഇസ്ലാമിക മൂല്യങ്ങള്‍ പിന്തുടരാത്ത രാജ്യമെന്ന നിലയിലും യഥാര്‍ഥ ശത്രു അമേരിക്കതന്നെയാണെന്നു ലാദന്‍ വിശ്വസിച്ചിരുന്നു.

അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാര്‍ അല്‍-ക്വയ്ദയ്ക്കും ബിന്‍ലാദനും അഭയം നല്‍കുകയും അവരെ അധികാരത്തില്‍നിന്നു പുറത്താക്കുമെന്നും തിരിച്ചറിഞ്ഞതോടെ അമേരിക്ക ലാദനുവേണ്ടിയുള്ള വേട്ട തുടങ്ങിയിരുന്നു. അപ്പോഴേക്കും ലാദന്‍ ഒളിവിലേക്കും മാറി. രണ്ടായിരത്തിന്റെ അവസാനത്തോടെ ഉപഗ്രഹ ചിത്രങ്ങളും പാഴ്‌സലുകളുടെ (കൊറിയര്‍) നീക്കങ്ങള്‍ ട്രാക്ക് ചെയ്തും ലാദന്‍ പാകിസ്താനിലുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.

ഈ വിവരമാണ് യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ അബോട്ടാബാദിലെ മൂന്ന് നിലകളുള്ള ഒരു വെളുത്ത മാളികയിലേക്കു നയിച്ചത്. ഇവിടെനിന്നും രണ്ടു കുടുംബങ്ങള്‍ അകത്തേക്കും പുറത്തേക്കും പോയിരുന്നതും അവര്‍ ശ്രദ്ധിച്ചു. ഒപ്പം മൂന്നാമതൊരു കുടുംബംകൂടി അവിടെയില്ലേ എന്ന സംശയവും ഉയര്‍ന്നു. പര്‍വതങ്ങളുടെ മനോഹര കാഴ്ചകള്‍ക്കു പേരുകേട്ട പട്ടണത്തിലെ ഉയര്‍ന്ന മതിലുകളും അടച്ചുമൂടിയ ബാല്‍ക്കണികളുമുള്ള കെട്ടിടം ഇന്റലിജന്‍സിന്റെ സൂഷ്മ നിരീഷണത്തിലേക്ക് എത്തിയതും ഈ സംശയത്തിന്റെ പുറത്താണ്.

ഠ പാകിസ്താനെ അമേരിക്ക എങ്ങനെ വീക്ഷിച്ചു

എന്നാല്‍, അപ്പോഴും അമേരിക്കന്‍ ഏജന്‍സികള്‍ക്കു കൃത്യമായ തെൡവുകള്‍ ഇല്ലായിരുന്നു. അഫ്ഗാന്‍വഴി അബോട്ടാബാദില്‍ എത്താനും ഇക്കാര്യം പാക് സര്‍ക്കാരിനെ അറിയിക്കാതിരിക്കാനുമുള്ള തീരുമാനം സ്‌പെഷല്‍ ഫോഴ്‌സായ സീല്‍ ടീം-6 ന്റെ നീക്കങ്ങള്‍ സങ്കീര്‍ണമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ വാര്‍ കാബിനറ്റ് വ്യക്തമായ തെളിവില്ലാതെ പാകിസ്താനിലേക്കു പോകുന്നതിനെക്കുറിച്ചു വ്യത്യസ്ത അഭിപ്രായങ്ങളാണു പറഞ്ഞത്. അന്നത്തെ സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പിന്തുണച്ചപ്പോള്‍ വൈസ് പ്രസിഡന്റായ ജോ ബൈഡന്‍ എതിര്‍ത്തു. തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ യുഎസ് ഇന്റലിജന്‍സിന്റെ ഉറപ്പില്‍ ഒബാമ അനുകൂലമായി ഒപ്പുവച്ചു.

ഠ ഒബാമയുടെ ഉപദേഷ്ടാവ് പറയുന്നത്

ദൗത്യത്തിന്റെ സമയത്ത് ഒബാമയുടെ മുഖ്യ ഭീകരവിരുദ്ധ ഉപദേഷ്ടാവായിരുന്ന ജോണ്‍ ബ്രണ്ണന്‍ ഡോക്യുമെന്ററിയില്‍ ഈ സാഹചര്യത്തെക്കുറിച്ച് ഇങ്ങനെയാണു പറയുന്നത്- ‘പാകിസ്താന്‍ ഇന്റലിജന്‍സിനു ഭീകരര്‍ക്കും സര്‍ക്കാരിനും വേണ്ടി പ്രവര്‍ത്തിച്ചതിന്റെ ചരിത്രമുള്ളതിനാല്‍ ഇക്കാര്യം പാക് സര്‍ക്കാരിനെ അറിയിക്കേണ്ടതില്ല എന്നതില്‍ ഒബാമയ്ക്കു സംശയമുണ്ടായിരുന്നില്ല. അല്‍ക്വയ്ദ ഉള്‍പ്പെടെ നിരവധി തീവ്രവാദ ഗ്രൂപ്പുകളുമായി പാക് ചാരസംഘടനകള്‍ക്കു ബന്ധമുണ്ടായിരുന്നു’

ഇതേക്കുറിച്ച് എ പ്രോമിസ്ഡ് ലാന്‍ഡ് എന്ന 2020ല്‍ ഇറങ്ങിയ പുസ്തകത്തില്‍ ഒബാമ തന്നെ ഇതേക്കുറിച്ചു വിശദീകരിച്ചു- ഒസാമ ബിന്‍ലാദന്‍ പാകിസ്താനിലെ അതിര്‍ത്തിക്കുള്ളിലാണെങ്കിലും എന്റെ കണ്‍മുന്നില്‍ പെട്ടിരുന്നെങ്കില്‍, പാക് സര്‍ക്കാര്‍ അയാളെ പിടികൂടാനോ വധിക്കാനോ തയാറായിരുന്നില്ലെങ്കില്‍, ഞാന്‍ വെടിവയ്ക്കുമായിരുന്നു’. ഇക്കാര്യം പിന്നീട് അദ്ദേഹം തെരഞ്ഞെടുപ്പു റാലികളിലും ആവര്‍ത്തിച്ചിട്ടുണ്ട്. ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍ പാകിസ്താന്‍ വിശ്വസ്ത പങ്കാളിയായിരുന്നെന്നും തീവ്രവാദികളെ പിന്തുടര്‍ന്നു പാക് അതിര്‍ത്തി കടന്നിട്ടില്ലെന്നുമുള്ള പ്രചാരണം നടത്തിയതിന് ബുഷ് ഭരണകൂടത്തെയും ഒബാമ വിമര്‍ശിച്ചു.

മുന്‍ദേശീയ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ബ്രൂസ് റീഡലിന്റെ റിപ്പോര്‍ട്ടും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ‘പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ക്വറ്റയില്‍ താലിബാന്‍ ആസ്ഥാനവും അതിന്റെ നേതാക്കളും ഉണ്ടായിരുന്നു എന്നതു പാക് സൈന്യവും രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയും കണ്ടില്ലെന്നു നടിച്ചു. മാത്രമല്ല, അഫ്ഗാന്‍ സര്‍ക്കാരിനെ ദുര്‍ബലമാക്കി നിലനിര്‍ത്താനും ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്റെ സഖ്യത്തില്‍ വിള്ളലുണ്ടാക്കാനുള്ള മാര്‍ഗമായി അല്‍ക്വയ്ദയെ രഹസ്യമായി സഹായിക്കുകയും ചെയ്തു’ എന്നായിരുന്നു പരാമര്‍ശം.

അപ്പോഴും, അഫ്ഗാനിലെ ഓപ്പറേഷനുകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാനും അല്‍ക്വയ്ദ ക്യാമ്പുകള്‍ക്കെതിരായ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും പാകിസ്താനിലെ കരമാര്‍ഗം അമേരിക്ക ഉപയോഗിച്ചിരുന്നു. എങ്കിലും ബിന്‍ലാദന്‍ ദൗത്യത്തിനു വിശ്വസിക്കാവുന്ന പങ്കാളിയായി പാകിസ്താനെ ഒബാമ ഭരണകൂടം കണക്കിലെടുത്തിരുന്നില്ല. നിരവധി ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പാകിസ്താന്‍ അമേരിക്കയെ സഹായിച്ചിരുന്നു. അതേസമയം ചാര സംഘടനയായ ഐഎസ്‌ഐ രഹസ്യമായി താലിബാനും അല്‍ക്വയ്ദയ്ക്കും വേണ്ട സഹായങ്ങളും ചെയ്തുകൊടുത്തു. ഇക്കാര്യം പരസ്യമായ രഹസ്യമായിരുന്നു.

പാകിസ്താന്‍ മിലിട്ടറി അക്കാദമിക്ക് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു അബോട്ടാബാദിലെ ലാദന്റെ വാസസ്ഥലം. പാകിസ്താനെ അറിയിക്കുന്ന ഓരോ കാര്യങ്ങളും ലക്ഷ്യം നേടുന്നതിനു തടസമാകുമെന്നും വ്യക്തമായിരുന്നു. അബോട്ടാബാദില്‍ എന്തുതന്നെ ചെയ്യാന്‍ തീരുമാനിച്ചാലും യുദ്ധമില്ലാത്ത നേരത്തു സഖ്യകക്ഷിയുടെ അനുമതിയില്ലാതെ അതിര്‍ത്തി ലംഘിക്കുന്നതിനു തുല്യമാകും. ഇത് ഓപ്പറേഷന്റെ സങ്കീര്‍ണതകള്‍ക്കൊപ്പം നയതന്ത്രപരമായ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്നു വ്യക്തമായിരുന്നു- ജോണ്‍ ബ്രണ്ണന്‍ പറയുന്നു.

ഠ പാകിസ്താന് അറിയാമായിരുന്ന കാര്യങ്ങള്‍

ദൗത്യത്തിനു തൊട്ടുപിന്നാലെ ലാദന്‍ അവിടുണ്ടായിരുന്ന കാര്യം അറിയില്ലെന്ന നിലപാടാണ് പാകിസ്താന്‍ സ്വീകരിച്ചത്. പക്ഷേ, ലാദനെ പിടികൂടുന്ന ഓപ്പറേഷനുമായി സഹകരിച്ചിരുന്നെങ്കില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശ്വാസ്യത നേടാന്‍ കഴിയുമായിരുന്നെന്നും ലാദന്‍ അവിടെയുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ അമേരിക്കയെ സഹായിക്കുമായിരുന്നു എന്നുമാണ് 2011-ല്‍ യുഎസിലെ പാക് അംബാസഡറായിരുന്ന ഹുസൈന്‍ ഹഖാനി പിന്നീട് അവകാശപ്പെട്ടത്.

എന്നാല്‍, ലാദന്‍ അവിടുണ്ടായിരുന്നെന്ന കാര്യം പാകിസ്താന് അറിയില്ലെന്ന നിലപാടില്‍ നിരവധിപ്പേര്‍ സംശയം പ്രകടിപ്പിച്ചു. അമേരിക്കയുടെ പിന്നീടുള്ള രീതികള്‍ രണ്ടു സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധത്തിലെ വിള്ളല്‍ പരിഹരിക്കുന്നതിനു ബോധപൂര്‍വമായ തീരുമാനമെടുത്തതിനു തുല്യമായിരുന്നു എന്നാണ് 2014ല്‍ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്താനെ ഏതെങ്കിലും തരത്തില്‍ കുറ്റപ്പെടുത്തുന്ന പ്രസ്താവനകള്‍ ഇറക്കുന്നതില്‍നിന്നു അമേരിക്കന്‍ ഉദ്യോഗസ്ഥരും വിട്ടുനിന്നു.

എന്നാല്‍, ബിന്‍ലാദനുവേണ്ടി പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പ്രത്യേക വിഭാഗം പ്രവര്‍ത്തിച്ചിരുന്നെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമായിരുന്നെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു ഉദ്യോഗസ്ഥനായിരുന്നു അതിന്റെ ചുമതല. അയാള്‍ക്കു മേലുദ്യോഗസ്ഥന്റെ അടുത്തുപോലും തീരുമാനം അറിയിക്കേണ്ടതില്ലായിരുന്നു.

ബിന്‍ലാദന്റെ വീട്ടില്‍നിന്നു ശേഖരിച്ച ഫയലുകളും ഡോക്കുമെന്ററിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ ലാദനും ലഷ്‌കറെ സ്ഥാപകന്‍ ഹാഫിസ് സയീദ് പോലുള്ള തീവ്രവാദി നേതാക്കളും തമ്മിലുള്ള കത്തിടപാടുകളുമുണ്ട്. ഹാഫിസിനു നേരത്തേ പാക് സര്‍ക്കാരിന്റെ സഹായങ്ങള്‍ ലഭിച്ചിരുന്നു.

അബോട്ടാബാദിലെ അമേരിക്കയുടെ സൈനിക നീക്കത്തിനു പിന്നാലെ പാകിസ്താന്‍ ഒരു അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചിരുന്നു. ഇത് ഒരിക്കലും പുറത്തുവന്നില്ലെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചെന്നു ചൂണ്ടിക്കാട്ടി അല്‍ജസീറ ചാനല്‍ 2014ല്‍ രംഗത്തുവന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് 336 പേജുള്ളതാണെന്നും പാക് സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും കഴിവില്ലായ്മയ്ക്ക് ഉദാഹരണമാണ് ലാദന്റെ സാന്നിധ്യം തിരിച്ചറിയാതെ പോയതിനു പിന്നിലെന്നു വിമര്‍ശിക്കുന്നെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനില്‍ അമേരിക്ക നടത്തിയത് യുദ്ധ പ്രവര്‍ത്തനമാണെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

Back to top button
error: