Breaking NewsCrimeIndiaLead NewsNEWSSocial MediaTRENDING

‘ആദ്യം അവള്‍ പാകിസ്താന്‍ എംബസിയുടെ ചടങ്ങില്‍ പങ്കെടുത്തു; പിന്നീട് 10 ദിവസം പാകിസ്ഥാന്‍ സന്ദര്‍ശിച്ചു; ഇപ്പോള്‍ കശ്മീരിലേക്കു പോകുന്നു’: ചാരപ്പണിക്ക് ജ്യോതി മല്‍ഹോത്ര അറസ്റ്റിലാകുന്നതിന് ഒരുവര്‍ഷം മുമ്പേയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറല്‍

ന്യൂഡല്‍ഹി: പാകിസ്താനുവേണ്ടി ചാരപ്പണി ചെയ്‌തെന്ന ആരോപണത്തില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു സംശയമുന്നയിച്ച് ഒരു വര്‍ഷം മുമ്പേ എഴുതിയ എക്‌സ് പോസ്റ്റ് ഇന്റര്‍നെറ്റില്‍ വൈറല്‍. ജ്യേതിയെ അറസ്റ്റ് ചെയ്യുന്നതിന് ഒരുവര്‍ഷം മുമ്പുതന്നെ ഇവരെ സൂക്ഷിക്കണമെന്നും പാക് ചാരയാണെന്നും ആരോപിക്കുന്നതാണു കുറിപ്പ്.

‘ട്രാവല്‍ വിത്ത് ജോ’ എന്ന നാല് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് ചാനല്‍ ഉടമ ജ്യോതി മല്‍ഹോത്ര അറസ്റ്റിലാകുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ അവരെ കുറിച്ച് മുന്നറിയിപ്പ് ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുവെച്ചതിന് ഹരിയാനയിലെ ഹിസാറില്‍ നിന്നുമാണ് ജ്യോതി മല്‍ഹോത്രയെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇതിന് ഒരു വര്‍ഷം മുമ്പ് തന്നെ അന്വേഷണ ഏജന്‍സികളോട് ജ്യോതിയെ സൂക്ഷിക്കണമെന്നും അവര്‍ക്ക് പാക് ചാര സംഘടനകളുമായി ബന്ധമുണ്ടെന്നും ഒരു ഇന്ത്യക്കാരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നാണ് റിപ്പോര്‍ട്ട്.

Signature-ad

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക വിവരങ്ങള്‍ പാകിസ്ഥാന് കൈമാറിയെന്ന കേസിലാണ് ജ്യോതി മല്‍ഹോത്രയെ, 25 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ആക്രമണത്തിന് ആഴ്ചകള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തത്. 2025 മെയിലാണ് ജ്യോതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2024 മെയ് മാസത്തില്‍ ജ്യോതിയെ സൂക്ഷിക്കണമെന്നും അവര്‍ പാക് ചാരയാണെന്നും ആരോപിക്കുന്ന ഒരു സമുഹ മാധ്യമ കുറിപ്പ് പങ്കുവയ്ക്കപ്പെട്ടിരുന്നു. ജ്യോതിയുടെ അറസ്റ്റിന് പിന്നാലെ ഈ കുറിപ്പ് വൈറലായി.

ജ്യോതിയുടെ ഇന്‍സ്റ്റാഗ്രാം വീഡിയോകളില്‍ തന്നെ ജ്യോതി നിരവധി തവണ കശ്മീര്‍ സന്ദശിച്ചിരുന്നെന്നും 2023 ല്‍ രണ്ട് തവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നതിനും തെളിവുണ്ട്. ഈ തെളിവുകള്‍ ഉപയോഗിച്ചാണ് എക്‌സ് ഉപയോക്താവായ കപില്‍ ജയിന്‍ 2024 മെയ് മാസത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് (എന്‍ഐഎ) മുന്നറിയിപ്പ് നല്‍കിയത്.

‘എന്‍ഐഎ, ഈ സ്ത്രീയെ സൂക്ഷ്മമായി നിരീക്ഷിക്കാമോ.. അവള്‍ ആദ്യം പാകിസ്ഥാന്‍ എംബസിയുടെ ചടങ്ങില്‍ പങ്കെടുത്തു, പിന്നീട് 10 ദിവസം പാകിസ്ഥാന്‍ സന്ദര്‍ശിച്ചു. അവള്‍ ഇപ്പോള്‍ കശ്മീരിലേക്ക് പോകുകയാണ്… ഇതിന് പിന്നില്‍ ഏതെങ്കിലും ബന്ധങ്ങളുണ്ടാവാം,” കപില്‍ ജയിന്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ഒപ്പം ജ്യോതിയുടെ യൂട്യൂബ് പേജിന്റെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചു. 17 ലക്ഷം പേരാണ് ഈ കുറിപ്പ് ഇതിനകം കണ്ടത്.

Back to top button
error: