
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു ദീര്‍ഘകാലത്തെ നിയമ പോരാട്ടത്തിനൊടുവില്‍ അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തിച്ച ഭീകരന്‍ തഹാവൂര്‍ റാണയെ പാര്‍പ്പിച്ചിരിക്കുന്നത് തിഹാര്‍ ജയിലിലെ അപകട സാധ്യത കുറഞ്ഞ മേഖലയില്‍. അതീവ സുരക്ഷ ആവശ്യമുള്ള തടവുകാര്‍ക്കുവേണ്ടി നിര്‍മിച്ച ബ്ലോക്കിലാണു റാണയും കഴിയുന്നത്.
ഇയാളുടെ അടുത്ത സെല്ലുകളിലുള്ള ഭീകരരായ ഗുണ്ടാ സംഘങ്ങളാണെന്നും ഇവര്‍ അപകടകാരികളാണെന്നും പ്രത്യേകം സെല്ലുകളിലായതിനാല്‍ സമ്പര്‍ക്ക സാധ്യതയില്ലെന്നും സോഴ്‌സുകള്‍ വെളിപ്പെടുത്തി. കഴിഞ്ഞയാഴ്ച പാട്യാല കോടതിയിലെ പ്രത്യേകം എന്‍ഐഎ ജഡ്ജി ജൂണ്‍ ആറുവരെ റാണയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. എന്‍ഐഎ കസ്റ്റഡി അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. ഇയാളുടെ ശബ്ദ സാമ്പിളുകളും കൈയക്ഷരവും ശേഖരിച്ചു.

തിഹാറില്‍ 1784-ാം നമ്പര്‍ തടവുകാരനാണു റാണ. മറ്റുള്ളവയെ അപേക്ഷിച്ചു തിരക്കു കുറഞ്ഞ ബ്ലോക്ക്. ഈ പ്രത്യേക വാര്‍ഡിലേക്കു മാറ്റു വാര്‍ഡുകളില്‍നിന്നുള്ള തടവുകാരെ പ്രവേശിപ്പിക്കില്ലെന്നും ജയില്‍ വൃത്തങ്ങള്‍ പറഞ്ഞു. ‘റാണ ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ. രണ്ട് അഭ്യര്‍ഥനകളാണു നടത്തിയത്- പുസ്തകങ്ങളും യൂറോപ്യന്‍ ടോയ്‌ലറ്റും. ആറു പുതപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണം കട്ടിലില്‍ വയ്ക്കാനാണ്. ഒരു ഫാനും അനുവദിച്ചിട്ടുണ്ട്. രാവിലെ 7 മണിയോടെ, പ്രഭാതഭക്ഷണത്തിന് ചായ, ബിസ്‌ക്കറ്റ്, ബ്രെഡ്, ഡാലിയ (പൊടിച്ച ഗോതമ്പ്) എന്നിവ നല്‍കും. ഉച്ചഭക്ഷണത്തിന് പരിപ്പ്, അരി, സബ്സി. വൈകുന്നേരം ചായയ്ക്കൊപ്പം ലഘുഭക്ഷണം. അത്താഴത്തിന് അരിയും സബ്സിയും. പക്ഷേ റാണ അധികം കഴിക്കാറില്ലെന്നും വൃത്തങ്ങള്‍ പറഞ്ഞു.
‘എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാന്‍ റാണയുടെ സെല്ലില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യാന്‍ സാധ്യതയുളളതിനാല്‍ 24-7 സമയവും നിരീക്ഷണത്തിലാണ്. ഈ സെല്ലിനായി പ്രത്യേക പാചകക്കാര്‍ ഉണ്ട്. ഭക്ഷണം തയ്യാറാക്കിയ ശേഷം വിളമ്പുന്നതിന് മുമ്പ് ജയില്‍ ജീവനക്കാര്‍ രുചിച്ചുനോക്കി പരിശോധിക്കും’.
ലഷ്‌കര്‍-ഇ-തൊയ്ബ ചാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ അടുത്ത അനുയായിയായ റാണയെ യുഎസില്‍നിന്ന് നാടുകടത്തിയതിന് ശേഷം ഏപ്രില്‍ 10ന് ആണ് ഇന്ത്യയിലെത്തിച്ചത്. 26/11 ആക്രമണത്തിനായി ഹെഡ്ലി പാകിസ്ഥാനില്‍ പഠിച്ചിരുന്ന സമയത്ത് നടത്തിയ രഹസ്യാന്വേഷണത്തെ സഹായിച്ചതിനും മുംബൈ ആക്രമിച്ച ഭീകരര്‍ക്ക് നിര്‍ണായകമായ പിന്തുണ നല്‍കി ഗൂഢാലോചനയില്‍ പങ്കെടുത്തതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.