ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി കേരളത്തിലെ നിരവധി ജില്ലകൾ സന്ദർശിച്ചു… വിമാനത്താവളവും റെയിൽവേ സ്റ്റേഷനും ഉൾപ്പെടെയുള്ള സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തിയതായും വിവരം

ന്യൂഡൽഹി: ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര മൂന്ന് മാസങ്ങൾക്ക് മുമ്പ് കേരളത്തിലും എത്തി. കേരളം സന്ദർശിച്ചശേഷം ഫെബ്രുവരിയിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തു. കണ്ണൂരിൽനിന്നാണ് ജ്യോതി യാത്ര ആരംഭിച്ചത്. ദൃശ്യങ്ങളിൽ വിമാനത്താവളവും വിവരണങ്ങളും പങ്കുവെക്കുന്നുണ്ട്.
കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, മൂന്നാർ, ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം, ഇടുക്കി അടക്കമുള്ളിയടങ്ങൾ ജ്യോതി സന്ദർശിച്ച് വീഡിയോയും ചിത്രങ്ങളും പകർത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ യാത്ര വെറുമൊരു യാത്രയല്ലെന്നും ഓർമ്മകളുടെ യാത്രയാണെന്നും ജീവിച്ചിരിക്കുന്ന കാലത്തോളം ഓർമ്മിപ്പിക്കപ്പെടുമെന്നും കേരളത്തിലെ സന്ദർശനത്തിന് ശേഷം പങ്കുവെച്ച വീഡിയോയിൽ ജ്യോതി പറയുന്നുണ്ട്.

തുടർച്ചയായി പാകിസ്താൻ സന്ദർശിക്കുകയും പാക് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നയാളാണ് ജ്യോതി എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇത് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളുമടക്കം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ സാഹചര്യത്തിലാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇവരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചുവരികയായിരുന്നു.
എവിടെയൊക്കെ യാത്രചെയ്തു, അവിടെനിന്ന് എന്തൊക്കെ പകർത്തി, ആരെയൊക്കെ കണ്ടു, മറ്റു യൂട്യൂബർമാർ ആരെയൊക്കെ കണ്ടിട്ടുണ്ട് തുടങ്ങിയ കാര്യൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ജ്യോതി മൽഹോത്രവഴി മറ്റു വ്ളോഗർമാരെയും പാകിസ്താൻ ലക്ഷ്യംവെച്ചിരുന്നുവെന്നാണ് വിവരം.