
ജയ്പുര്‍: ദിനംപ്രതി പലതരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അമ്മയുടെ സംസ്‌കാരം നടത്താന്‍ തയാറാകാതെ അവരുടെ ആഭരണങ്ങള്‍ കൈക്കലാക്കാന്‍ മക്കള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. രാജസ്ഥാനിലെ കോട്പുട്ലി- ബെഹ്റോര്‍ ജില്ലയിലാണ് സംഭവം. സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ അമ്മയുടെ വെള്ളി വളകളും മറ്റ് ആഭരണങ്ങളും മൂത്ത മകനെ ഏല്‍പിച്ചതോടെയാണ് മക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. തുടര്‍ന്ന് ആഭരണങ്ങള്‍ നല്‍കിയില്ലെങ്കില്‍ ശവസംസ്‌കാരം നടത്താന്‍ അനുവദിക്കുകയില്ലെന്ന് മക്കളില്‍ ഒരാള്‍ പറയുകയും ചിതയൊരുക്കിയ സ്ഥലത്ത് കയറി കിടക്കുകയും ചെയ്തു.
ആഭരണങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് അമ്മയ്‌ക്കൊരുക്കിയ ചിതയില്‍ മകന്‍ കിടക്കുന്നത് വീഡിയോയില്‍ കാണാം. അമ്മയുടെ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോഴായിരുന്നു സംഭവം. മരിച്ച ഭൂരിദേവിയുടെ ഏഴ് ആണ്‍മക്കളില്‍ ആറ് പേര്‍ ഗ്രാമത്തില്‍ ഒരുമിച്ചാണ് താമസിക്കുന്നത്. അഞ്ചാമത്തെ മകന്‍ ഓംപ്രകാശ് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഗ്രാമത്തിലെ ആചാരം അനുസരിച്ച് മരണാനന്തര ചടങ്ങുകള്‍ക്കു ശേഷമാണ് മരിച്ചയാളുടെ ശരീരത്തില്‍ നിന്ന് ആഭരണങ്ങള്‍ ഊരിയെടുക്കുന്നത്. അത്തരത്തില്‍ ഭൂരിദേവിയുടെ ആഭരണങ്ങള്‍ മൂത്തമകനു കൈമാറിയതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.

ആഭരണങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓംപ്രകാശ് സഹോദരങ്ങളോട് വഴക്കുണ്ടാക്കുകയും അമ്മയ്ക്കായി ഒരുക്കിയ ചിതയുടെ മുകളില്‍ കയറി കിടക്കുകയുമായിരുന്നു. വെള്ളി വളകള്‍ കൈമാറിയില്ലെങ്കില്‍ സംസ്‌കാരം നടത്താന്‍ സമ്മതിക്കുകയില്ല എന്നായിരുന്നു ഓംപ്രകാശിന്റെ നിലപാട്. ഗ്രാമവാസികളും കുടുംബാംഗങ്ങളും പ്രശ്‌ന പരിഹാരത്തിനിടപെട്ടെങ്കിലും ഓംപ്രകാശ് വഴങ്ങിയില്ല. ഒടുവില്‍, ആഭരണങ്ങള്‍ സംസ്‌കാരം നടക്കുന്ന സ്ഥലത്തേക്കു കൊണ്ടുവന്ന് ഇയാള്‍ക്ക് കൈമാറിയതിനു ശേഷം മാത്രമാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.