
എറണാകുളം: കഞ്ചാവ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈല്‍ ഫോണില്‍ പീഡനദൃശ്യം കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെരുമ്പാവൂര്‍ പൊലീസ് ഇയാളെ 120 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. തുടര്‍ന്ന് കഞ്ചാവിന്റെ ഉറവിടങ്ങള്‍ പരിശോധിക്കാനായി പ്രതിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങി പരിശോധിച്ചപ്പോഴാണ് ഇയാള്‍ തന്നെ ചിത്രീകരിച്ച പിഡനദൃശ്യങ്ങള്‍ ലഭിച്ചത്.
ഇയാളുടെ ബന്ധുവായ നാല് വയസുള്ള കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായിരിക്കുന്നത്. ലഹരിക്കടിമയായ ഇയാള്‍ കുട്ടിയെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പെരുമ്പാവൂര്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി. യുവാവിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

അതിനിടെ, പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികള്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ സൈഫുല്‍ ഇസ്ലാം ഷെയ്ഖ് (42), ചമ്പാ കാത്തൂന്‍ (31) എന്നിവരെയാണ് പെരുമ്പാവൂര്‍ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ വല്ലം ഭാഗത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.
ഒഡീഷയില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം നിന്ന് കഞ്ചാവുമായി അങ്കമാലിയില്‍ എത്തി അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ താമസസ്ഥലത്തേക്ക് വരികയായിരുന്നു. ഒഡീഷയില്‍ നിന്നും കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന മുഖ്യ കണ്ണികളാണിവര്‍. ഒഡീഷയില്‍ നിന്ന് കിലോക്ക് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ ഇരുപത്തയ്യായിരം രൂപ തിരക്കില്‍ വില്‍പ്പന നടത്തി വരികയായിരുന്നു. മലയാളികളായ യുവാക്കളും ഇതര സംസ്ഥാന തൊഴിലാളികളും ആണ് ഇവരില്‍നിന്ന് കഞ്ചാവ് വാങ്ങിയിരുന്നത്.