CrimeNEWS

ദൃശ്യത്തിനും മുമ്പേ ദൃശ്യം മോഡല്‍! ഗാനമേളയില്‍ പാടാന്‍പോയ പരിചയം, തൂങ്ങിമരിച്ചെന്ന് മൊഴി; 17-കാരിയുടെ തിരോധാനത്തില്‍ 15 വര്‍ഷത്തിനുശേഷം അറസ്റ്റ്

കാസര്‍കോട്: പതിനഞ്ചുവര്‍ഷം മുന്‍പ് പട്ടികവര്‍ഗ ഉന്നതിയിലെ പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ പാണത്തൂര്‍ ചെമ്പലാലില്‍ വീട്ടില്‍ ബിജു പൗലോസ് എന്ന ബൈജുവിനെ (52) ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഹൈക്കോടതി നിര്‍ദേശ പ്രകാരം രൂപവത്കരിച്ച ഐജി പി. പ്രകാശിന്റെയും എസ്പി പ്രജീഷ് തോട്ടത്തിലിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ബിജു പൗലോസിന് നേരേ മുന്‍പേ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ തെളിവുണ്ടായിരുന്നില്ല. പെണ്‍കുട്ടി കൊല്ലപ്പെട്ടതായി സംശയം ഉയര്‍ന്നുവെങ്കിലും പ്രതിക്കെതിരേ കൊലപാതകക്കുറ്റം തെളിയാത്തതിനാല്‍ ആ വകുപ്പ് ചേര്‍ത്തിട്ടില്ല. തുടരന്വേഷണത്തില്‍ വ്യക്തതവരുമെന്ന് ഐജി പി. പ്രകാശ് പറഞ്ഞു. പീഡനം, തട്ടിക്കൊണ്ടുപോകല്‍, പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പ്രതിയെ കാഞ്ഞങ്ങാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്നും ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു.

Signature-ad

2010 ലാണ് കോടോം-ബേളൂര്‍ പഞ്ചായത്തിലെ ഉന്നതിയില്‍ താമസിക്കുന്ന പെണ്‍കുട്ടി പഠനത്തിനായി കാഞ്ഞങ്ങാട് എത്തുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയാതെ വിവാഹിതനായ ബൈജു പൗലോസ് ഒപ്പം താമസിപ്പിച്ചു. പെണ്‍കുട്ടിയുടെ മരണത്തിനുശേഷം ദൃശ്യം മോഡലില്‍ ഫോണുമായി എറണാകുളത്തേക്ക് യാത്ര ചെയ്തു. വോയിസ് ചെയ്ഞ്ചര്‍ ആപ്പ് ഉപയോഗിച്ച് പിതാവിന്റെ സുഹൃത്തിനെ വിളിച്ച് പഠനത്തെ പോകുന്നുവെന്നും ശല്യപ്പെടുത്തരുതെന്നും അറിയിച്ചു. തുടര്‍ന്ന് പ്രതി വിദേശത്തേക്ക് കടന്നു. പിന്നീട് പെണ്‍കുട്ടിയുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുന്നത്.

കേസ് കഴിഞ്ഞ ഡിസംബറിലാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പല സംഘങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവില്‍ കുടക് അയ്യങ്കേരിയില്‍ നിര്‍മാണ കരാറുകാരനായ പ്രതിയെ അവിടെനിന്നാണ് കസ്റ്റഡിയിലെടുത്തത്. കാസര്‍കോട് ഓഫീസിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഗാനമേളകളില്‍ ഒന്നിച്ച് പാടാന്‍ പോയതിന്റെ പരിചയംവെച്ച് കാഞ്ഞങ്ങാട്ട് താന്‍ വാടകയ്‌ക്കെടുത്ത് നല്‍കിയ മുറിയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്നും മൃതദേഹം പാണത്തൂര്‍ പവിത്രംകയത്തെ പുഴയില്‍ താഴ്ത്തിയെന്നുമാണ് പ്രതിയുടെ മൊഴി. എന്നാല്‍ കൊലപാതകമായിരുന്നുവെന്ന് അന്വേഷണസംഘം സംശയിക്കുന്നു.

എറണാകുളത്ത് ജോലി ശരിയായെന്ന് പറഞ്ഞ് സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ 2010 ജൂണ്‍ ആറിന് കാണാതാകുകയായിരുന്നു. പത്തുവര്‍ഷത്തോളം അമ്പലത്തറ പോലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പ് കിട്ടിയില്ല. ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

മുന്‍പ് കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങളെക്കുറിച്ച് വിശദ പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് സംഘം 2011-ല്‍ കാസര്‍കോട് അഴിമുഖത്തുനിന്ന് കിട്ടിയ മൃതദേഹത്തിന്റെ പ്രായം, ഉയരം, ഒപ്പമുണ്ടായിരുന്ന പാദസരം എന്നിവവെച്ച് മൃതദേഹം പെണ്‍കുട്ടിയുടെതാണെന്ന് തിരിച്ചറിയുകയായിരുന്നു. അസ്ഥികൂടം കാഞ്ഞങ്ങാട്ടെ പൊതുശ്മശാനത്തിലാണ് സംസ്‌കരിച്ചത്. അത് പുറത്തെടുത്ത് വിശദമായ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Back to top button
error: